അഞ്ച് ചീത്തക്കഥകള്‍

കൊച്ചു പുസ്തകങ്ങള്‍ അഥവ കമ്പിപ്പുസ്തകങ്ങള്‍ എന്നറിയപ്പെടുന്ന അശ്ലീല പുസ്തകങ്ങള്‍ വായിക്കാത്തവരില്ല. ഇന്റര്‍നെറ്റിന്റെ വരവോടെ കൊച്ചു പുസ്തകങ്ങളുടെ വില്‍പ്പനയും അച്ചടിയും ഏതാണ്ട് പാടെ നിലച്ച മട്ടാണ്. നാല്‍പ്പതുകളിലും അമ്പതുകളിലും മലയാളിയെ കോരിത്തരിപ്പിച്ച കൊച്ചു പുസ്തകമായിരുന്നു ‘അതിരസം കുഞ്ഞന്നാമ്മ’ . മാ പ്രസിദ്ധീകരണങ്ങളില്‍ ഇക്കിളിക്കഥകള്‍ വരുന്നതിനു മുമ്പെ
സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികളും യുവതി-യുവാക്കളും ഒളിഞ്ഞും പാത്തും വായിച്ചാസ്വദിച്ച പുസ്തകമായിരുന്നു അതിരസം കുഞ്ഞന്നാമ്മ. പിന്നീട് ഭാരതധ്വനി, കാന്താരി, ഫയര്‍, സ്റ്റണ്ട് എന്നുവേണ്ട നൂറ് കണക്കിന് കൊച്ചു പുസ്തകങ്ങള്‍ കേരളത്തിലെ ആണുങ്ങളും പെണ്ണുങ്ങളും വായിച്ചു തള്ളിയിട്ടുണ്ട്. പക്ഷേ, സ്വാതന്ത്ര്യ സമര കാലത്ത് ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും കര്‍ഷകത്തൊഴിലാളി നേതാവുമായിരുന്ന ടി.കെ. വറുഗീസ് വൈദ്യന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പീപ്പിള്‍സ് ബുക്ക് സ്റ്റാള്‍ 1946ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിന്റെ പേര് കേട്ട് നെറ്റി ചുളിക്കേണ്ട – അഞ്ച് ചീത്തക്കഥകള്‍
അഞ്ച് ചീത്ത കഥകളെഴുതിയവര്‍ അത്ര ചില്ലറക്കാരല്ല, 60 വര്‍ഷത്തി നുശേഷവും മലയാളിയുടെ മനസില്‍ തലയെടുപ്പോടെ നില്‍ക്കുന്ന എഴുത്തുകാരാണ് വറുഗീസ് വൈദ്യന്റെ പുസ്തക പ്രസാധക കമ്പിനി ക്കുവേണ്ടി എരിവും പുളിവു മുള്ള കഥകളെഴുതിയത്.

  • 1. എസ്.കെ. പൊറ്റക്കാടിന്റെ ‘കള്ളപ്പശു’
    2. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്യയുടെ കാമുകന്‍.
    3. പി. കേശവദേവിന്റെ പതിവ്രത
    4. തകഴിയുടെ ‘നാട്ടിന്‍ പുറത്തെ വേശ്യ’
    5. പൊന്‍കുന്നം വര്‍ക്കിയുടെ ‘വിത്തുകാള’

എന്നീ കഥകളായിരുന്നു അഞ്ച് ചീത്തക്കഥകള്‍ എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിരുന്നത്. ഈ അഞ്ച് എഴുത്തുകാരും വര്‍ഗീസ് വൈദ്യന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു.
യാഥാസ്ഥിതികമായ സാമൂഹ്യ വ്യവസ്ഥ നിലനിന്നിരുന്ന അക്കാലത്ത് ഇത്തരം കഥകള്‍ എഴുതാനും അവ പ്രസിദ്ധീകരിക്കാനും തന്റേടം കാണിച്ചവരെ അഭിനന്ദിക്കാതെ വയ്യ. ‘ഭാര്യക്ക് ഒരു കാമുകന്‍ ഉണ്ടെന്നറിയുമ്പോള്‍ ഇത്ര അരിശം കൊള്ളുന്നതെന്തിന്? ഭാര്യയെ കൂടാതെ ഭര്‍ത്താവിന് സ്വന്തമായ ഒരു ജീവിതമില്ലേ? അവിടെ വളരെ രഹസ്യങ്ങള്‍ കാണും. ഭര്‍ത്താവിന് എന്തു കൊണ്ട് ഒരു കാമുകിയുണ്ടാവാന്‍ പാടില്ലെ? (ഭാര്യയുടെ കാമുകന്‍-ബഷീര്‍ )
കേരളത്തില്‍ അന്നുമിന്നും നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെ ക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള അബദ്ധ ധാരണകള്‍ പൊളിച്ചെഴുതുകയാണ് ബഷീര്‍.
പൊറ്റക്കാട്, ദേവ് വര്‍ക്കി, തകഴി എന്നിവരും നിലവിലുണ്ടായിരുന്ന സദാചാര സങ്കല്പങ്ങളെ വെല്ലുവിളിക്കുകയും അത് പാടിപ്പുകഴ്ത്തുന്ന പാണന്മാരെ പൊളിച്ചടുക്കുകയുമാണ് ചെയ്തത്. അതോടൊപ്പം മലയാളിയുടെ സ്വാതന്ത്ര്യ വാഞ്ചയ്ക്ക് ആക്കം കൂട്ടുന്ന വിധത്തിലാണ് ഈ അഞ്ച് എഴുത്തുകാരും കഥകളെ സമീപിച്ചത്.
ടി.കെ. വറുഗീസ് വൈദ്യനെന്ന കമ്മ്യൂണിസ്റ്റ് നേതാവ് മലയാള സാഹിത്യത്തിലെ അഞ്ച് മഹാപ്രതിഭകളെ ഒരുമിച്ചു നിര്‍ത്തി നിലവിലെ സദ്ഗുണ സമ്പന്നമായ സാമൂഹ്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന കഥകള്‍ പ്രസിദ്ധീകരിക്കാന്‍ ധൈര്യം കാണിച്ചത് എടുത്തു പറയേണ്ട വസ്തുതയാണ്. വൈദ്യന്റെ പീപ്പിള്‍സ് ബുക്ക് സ്റ്റാള്‍ പിന്നിട് ദിവാന്‍ സര്‍ സി.പി. അടച്ചു പൂട്ടിച്ചു. ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രധാനതാവളമായിരുന്നു വൈദ്യന്റെ കണ്ണുപരിശോധന വൈദ്യശാല. വൈദ്യശാലയോടനുബന്ധിച്ചായിരുന്നു പീപ്പിള്‍സ് ബുക്ക് സ്റ്റാള്‍.
‘സംവത്സരങ്ങള്‍ കുറെ കഴിഞ്ഞു. ഒരു വൃദ്ധ ആ നാട്ടിന്‍ പുറത്തെ മാന്യനായ മനുഷ്യന്റെ വീട്ടില്‍ച്ചെന്നു. അവള്‍ ഒരു തെണ്ടിയാണ്. ആ മാന്യന്‍ -അദ്ദേഹം ഒരു വൃദ്ധനാണ്. അവളെ സൂക്ഷിച്ചു നോക്കി, ഉം എന്താണ്? അദ്ദേഹം ചോദിച്ചു.
‘എന്നെ അറിയുകയില്ലെ? ശബ്ദം ഇടറി അദ്ദേഹം പറഞ്ഞു: ഇ- ഇല്ല
അവള്‍ വല്ലാത്ത ചിരിയൊട് പറഞ്ഞു-ഞാന്‍ കമലമ്മ ആണ്.
ആ മാന്യന്‍ ഒന്ന് നടുങ്ങിയ പൊലെ തോന്നി. കുറച്ച് നേരത്തേക്ക് ആരും മിണ്ടിയില്ല.
‘ഞാന്‍ എന്റെ വീട്ടില്‍ താമസിക്കുവാന്‍ വന്നിരിക്കുകയാണ്. ‘
‘കൊ- കൊള്ളാം
എനിക്ക് ചിലവിന് തരണം
ഞാനൊ എന്തിന്?
അവള്‍ പൊട്ടിച്ചിരിച്ചു.
എന്തിനെന്നൊ? പത്ത് നാല്‍പ്പത് സംവല്‍സരം മുമ്പ് – അന്ന് രാത്രിയില്‍ പത്മനാഭന്‍ നായരെ ഓര്‍ക്കുന്നില്ലെ? അത് ഇന്നും ആളുകള്‍ ഓര്‍ക്കുന്നുണ്ട്’
ആ മാന്യന്‍ പല്ലുകടിച്ചു കൊണ്ട് അലറി, ഓ നാശം…
അവള്‍ പൈശാചികമായി ചിരിച്ചു. എന്താണ് എന്നെ രക്ഷിക്കരുതോ?
നിനക്ക് ചാകരുതോ
ഇല്ല , ഇല്ല, ഇങ്ങനെ ഞാന്‍ എല്ലാവരെയും കാണും. എന്റെ അടുത്ത് ആരും മാന്യനാകേണ്ട
(നാട്ടിന്‍ പുറത്തെ വേശ്യ)
പകല്‍ മാന്യന്മാരെയും അച്ചടിച്ചു വെച്ച മൂല്യ സങ്കല്പങ്ങളെയും തൂത്തെറിയാന്‍ ധൈര്യം കാണിച്ച വരായിരുന്നു ഈ അഞ്ച് ചീത്ത കഥാകൃത്തുക്കളും പ്രസാധകനും.