360 വിദ്യാർഥികളുടെ എൻജിനിയറിങ്ങ് പ്രവേശനം റദ്ദാക്കി

 

തിരുവനന്തപുരം: എ.ഐ.സി.ടി.ഇ മാനദണ്ഡം ലംഘിച്ചതിനും പ്രവേശന പരീക്ഷ പാസാകാത്തതിനും സ്വാശ്രയ എൻജിനിയറിങ്ങ് കോളേജുകൾ പ്രവേശനം നൽകിയ 360 വിദ്യാർഥികളുടെ  അഡ്മിഷന്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റി റദ്ദാക്കി.ഈ വിദ്യാർഥികൾക്ക് രജിസ്ട്രേഷൻ നൽകേണ്ടതില്ലെന്ന് സാങ്കേതിക സർവ്വകലാശാലക്ക് നിർദ്ദേശം നൽകി. ഇതിൽ 277 വിദ്യാർഥികൾക്ക് എ.ഐ.സി.ടി.ഇ മാനദണ്ഡങ്ങൾ പാലിക്കാതെ എ.ആർ.ഐ ക്വോട്ടയിൽ 12 കോളേജുകൾ പ്രവേശനം നൽകിയതാണ്. മൂന്ന് സ്വാശ്രയ കോളേജുകളിലായി മാനേജ്മെൻ്റ് ക്വോട്ടയിൽ പ്രവേശനം നൽകിയ 83 കുട്ടികൾ സംസ്ഥാന പൊതു പ്രവേശന പരീക്ഷ പോലും പാസാകാത്തവരാണ്. ഈ രണ്ട് ക്രമക്കേടുകളെ തുടർന്നാണ് 360 വിദ്യാർഥികളുടെ പ്രവേശനം റദ്ദാക്കിയത്. സർക്കാരിന് പ്രവേശനാധികാരമുള്ള 50 ശതമാനം സീറ്റുകളിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്മെൻ്റിന് ശേഷം ഒഴിവുവന്ന സീറ്റുകളിലാണ് മൂന്ന് കോളേജുകൾ പ്രവേശന പരീക്ഷ പാസാകാത്തവരെ തിരുകി കയറ്റിയത് .

ചാലക്കുടി  നിർമ്മല  എൻജിനിയറിങ്ങ് കോളേജിൽ 36 ഉം ,അടൂ‌ർ എസ് എൻ കോളേജിൽ 46ഉം തിരുവനന്തപുരം പങ്കജകസ്തൂരി എൻജിനിയറിങ്ങ് കോളേജിലെ ഒരു വിദ്യാർഥിക്കുമാണ്  ഇത്തരത്തിൽ പ്രവേശനം നൽകിയത്. 12 കോളേജുകളിൽ എ.ഐ.സി.ടി.ഇ മാനദണ്ഡം ലംഘിച്ചാണ് എൻ .ആർ ഐ ക്വോട്ടയിൽ പ്രവേശനം നൽകിയത്.

എ.ഐ.സി.ടി.ഇ നിഷ്ക്കർഷിച്ച  മാനദണ്ഡത്തിൻ്റെ പരിധിയിൽ വരാത്തവർക്കും എ.ആർ.ഐ ക്വോട്ടയിൽ  പ്രവേശനം നൽകിയതായി ജസ്റ്റിസ് ജയിംസ് കമ്മിറ്റി കണ്ടെത്തി. ഒന്നാം സെമിസ്റ്റർ പരീക്ഷ  ഡിസംബർ 13ന്   ആരംഭിക്കാൻ ഇരിക്കയാണ്  ഈ നടപടി.രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് സാങ്കേതിക സർവ്വകലാശാല നേരത്തെ താൽക്കാലിക രജിസ്ട്രേഷൻ അനുവദിച്ചിരുന്നു.പ്രവേശനം റദ്ദ് ചെയ്ത കുട്ടികളുടെ രജിസ്ട്രേഷനും  റദ്ദ് ചെയ്യാൻ ജയിംസ് കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.