പെണ്‍കുട്ടിയെ പീഡിപ്പിച്ച ഫാദര്‍ റോബിന്‍ വടക്കുംചേരി കത്തോലിക്കാ മെത്രാന്മാരുടെ മാനസപുത്രന്‍

16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അങ്കമാലിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് കത്തോലിക്ക പള്ളി വികാരിയായ ഇയാള്‍ സ്ത്രീപീഡനത്തിന് പണ്ടേ പേരു കേട്ട വ്യക്തിയാണ്.

ഫാദര്‍ റോബിന്‍ മാനേജരായ എ.ജി.എം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് ഇയാളാണ് ഗര്‍ഭത്തിനുത്തരവാദിയെന്ന വിവരം ഇടവടക്കാര്‍ അറിഞ്ഞത്. ഗര്‍ഭത്തിനുത്തരവാദിത്തം പെണ്‍കുട്ടിയുടെ പിതാവിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ഇയാള്‍ ശ്രമം നടത്തിയിരുന്നു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി 20 ദിവസം മുമ്പ് ജന്മം നല്‍കിയ ആണ്‍കുഞ്ഞിനെ പൊലീസ് വയനാട്ടിലെ സഭയുടെ അനാഥാലയത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

സമാനമായ രീതിയില്‍ ഇയാള്‍ മറ്റു പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് കണ്ണൂര്‍ എസ്.പി ശിവ വിക്രം വ്യക്തമാക്കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം അധികൃതരെ അറിയിക്കാത്ത ആശുപത്രി അധികൃതര്‍ക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശത്തില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ഗര്‍ഭത്തിനുത്തരവാദി സ്വന്തം പിതാവാണെന്ന് ആദ്യം പറഞ്ഞ പെണ്‍കുട്ടി പിന്നീട് സത്യം പറയുകയായിരുന്നു. ഇങ്ങനെ മൊഴി കൊടുക്കാന്‍ പറഞ്ഞു പഠിപ്പിച്ചത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പോസ്കോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

2005 മുതല്‍ 2008 വരെ ഇയാള്‍ ദീപിക പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു. അതിനു മുമ്പ് ഇയാള്‍ വയനാട്ടില്‍ ഇന്‍ഫാമിന്റെ ചുമതലക്കാരനായിരുന്നു. ദീപികയിലായിരുന്ന കാലത്ത് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ അടുപ്പക്കാരനായിരുന്നു. ദീപികയില്‍ ജോലി ചെയ്ത കാലത്തും സ്ത്രീകളെ ലൈംഗിക പീഡനത്തിന് വിധേയമായിക്കിയ സംഭവങ്ങള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നെങ്കിലും സഭയുടെ സ്വാധീനമുപയോഗിച്ച് ചവിട്ടി ഒതുക്കുകയായിരുന്നു പതിവ്. പിന്നീട് ഇയാള്‍ ജീവന്‍ ടി.വിയുടെ ഡയറക്ടറായും ജോലി നോക്കിയിട്ടുണ്ട്.

വയനാട് രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് മാനേജരായും പ്രവര്‍ത്തിച്ച ഇയാള്‍ പീഡന വീരനാണെന്നാണ് പരക്കെ പറഞ്ഞു കേള്‍ക്കുന്നത്.

കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ ഏതാണ്ട് ആയിരത്തോളം കുടുംബങ്ങളുണ്ട്. വികാരിയെന്ന നിലയില്‍ ഇയാള്‍ക്ക് വലിയ സ്വാധീനവും ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ധാരാളം കുട്ടികള്‍ പഠിക്കുന്ന എ.ജെ.എം സ്‌കൂളിലെ മാനേജരെന്ന നിലയില്‍ ഇയാള്‍ നിരവധി പെണ്‍കുട്ടികളെ തന്റെ ഇംഗിതത്തിനായി ഉപയോഗിച്ചുവോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.