ഫാദര്‍ റോബിന്റെ പീഡനം: പെണ്‍കുട്ടിയുടെ വയസ് തിരുത്താന്‍ നീക്കം

കത്തോലിക്കാ വൈദികന്‍െറ പീഡനത്തിനിരയായി പ്രസവിക്കേണ്ടിവന്ന 16 വയസ്സുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വയസ്സ് പതിനെട്ടാക്കാനുള്ള ശ്രമം നടക്കുന്നതായി ആക്ഷേപം. പതിനാറുകാരിയുടെ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിലെ വയസ്സ് സ്‌കൂളില്‍ ചേര്‍ത്ത സമയത്ത് കുറച്ചുകാട്ടിയതാണെന്നും യഥാര്‍ത്ഥ പ്രായം പള്ളിയിലെ മാമോദീസ രജിസ്റ്ററിലേതാണെന്നും വാദിച്ചാണ് കേസില്‍ അറസ്റ്റിലായ പുരോഹിതന്‍ റോബിന്‍ വടക്കുംചേരിയെ രക്ഷിക്കാന്‍ ബന്ധുക്കളും സഭാ അധികാരികളും രംഗത്തിറങ്ങിയിരിക്കുന്നത്.

ഇക്കാര്യം സഭയോട് അടുപ്പമുള്ള നിയമജ്ഞരുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. പതിനെട്ട് വയസ്സ് പൂര്‍ത്തിയായതായി തെളിയിച്ചാല്‍ കടുത്ത ശിക്ഷയില്‍ രക്ഷപ്പെടാമെന്ന കണക്കുകൂട്ടലിലാണ് മാമോദീസ രജിസ്റ്ററിലെ പ്രായവുമായി സഭയും ബന്ധുക്കളും രംഗത്തിറങ്ങിയിരിക്കുന്നത്.

പെണ്‍കുട്ടി പ്രസവിക്കുന്ന സമയത്ത് പതിനെട്ട് വയസ് പൂര്‍ത്തിയായെന്നാണ് പ്രതിയെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയവരുടെ വാദം. നാളുകളേറെയായി പുരോഹിതന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് പീഡനകാലത്ത് പ്രായപൂര്‍ത്തിയായിട്ടില്ലെന്നത് വ്യക്തമാണ്. എന്നാല്‍ സാങ്കേതിക വാദങ്ങള്‍ ഉന്നയിച്ച് പുരോഹിതനെ രക്ഷപ്പെടുത്താന്‍ മുതിര്‍ന്ന ഹൈക്കോടതി അഭിഭാഷകരുള്‍പ്പെടെയുള്ളവരെ ബന്ധുക്കളും സഭാധികൃതരും സമീപിച്ചതായും വിവരമുണ്ട്.

പള്ളിയിലെ മാമോദീസ രജിസ്റ്ററിലെ വയസ്സ് തിരുത്താന്‍ സഭാധികാരികള്‍ക്കും ഇടവക ഭരണസമിതിക്കും സാധിക്കുമെന്നതിനാലാണ് പുരോഹിതനെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയവര്‍ മാമോദീസ സര്‍ട്ടിഫിക്കറ്റ് പിടിവള്ളിയാക്കിയിരിക്കുന്നതെന്ന് അറിയുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും തിരുത്താന്‍ ഇവരുടെ സ്വാധീനത്തിന് അത്രപെട്ടന്ന് കഴിയില്ലെന്നതിനാല്‍ പുരോഹിതന്‍ നിയമത്തിന് മുന്നില്‍ കുടുങ്ങുമെന്ന് തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

സഭയ്ക്കുള്ളിലും പുറത്തും വന്‍ സ്വാധീനമുള്ള കുടുംബത്തിലെ അംഗമായ പുരോഹിതനെ രക്ഷിക്കാന്‍ ഇയാള്‍ മുമ്പ് ജനറല്‍ മാനേജരായിരുന്ന മാധ്യമസ്ഥാപനം കുറെക്കാലം ഏറ്റെടുത്ത വിവാദ വ്യവസായിയുടെയും സഹായം തേടിയിട്ടുണ്ടെന്നാണ് അറിയുന്നത്. വന്‍ രാഷ്ട്രീയ സ്വാധീനമുള്ള വിവാദ വ്യവസായി തന്റെ ബന്ധമുപയോഗിച്ച് പുരോഹിതന് കസ്റ്റഡിയിലും ജയിലിലും സൗകര്യങ്ങള്‍ ഒരുക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

പേരാവൂര്‍ നീണ്ടുനോക്കി ഇടവകയിലെ പാര്‍സണേജില്‍വച്ച് നിരവധി തവണ പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഗര്‍ഭിണിയായതോടെ പണം നല്‍കി പ്രശ്‌നമൊതുക്കാനാണ് ആദ്യം പുരോഹിതന്‍ ശ്രമിച്ചത്. വിവരമറിഞ്ഞ ഇടവകയിലെ പ്രമാണിമാരില്‍ ചിലരും പുരോഹിതനുവേണ്ടി രംഗത്തിറങ്ങി.

നിര്‍ദ്ധന കുടുംബാംഗമായ പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തുകയും കുട്ടിയുടെ ഗര്‍ഭത്തിനുത്തരവാദി സ്വന്തം പിതാവാണെന്ന് സ്ഥാപിക്കാനുമായിരുന്നു ആദ്യശ്രമം.എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നും എതിര്‍പ്പ് വന്നതോടെയാണ് വന്‍തുക വാഗ്ദാനം ചെയ്ത് പീഡനം ഒതുക്കാന്‍ ശ്രമമുണ്ടായത്. പെണ്‍കുട്ടിയോടും തല്‍ക്കാലം പുരോഹിതന്റെ പേര് പറയരുതെന്നും പിന്നീട് വേണ്ടത് ചെയ്യാമെന്നും പറഞ്ഞതനുസരിച്ച് പീഡിപ്പിച്ചത് പിതാവാണെന്ന് ആദ്യം പറയാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്.

വന്‍ ഗൂഢാലോചനയും ഒട്ടേറെപ്പേര്‍ രഹസ്യമായ ഇടപെടല്‍ നടത്തുകയും ചെയ്ത കേസാണിതെന്ന് വ്യക്തമാണ്. അതിനാല്‍ മുഖ്യപ്രതിയായ പുരോഹിതനെക്കൂടാതെ അയാളെ രക്ഷപ്പെടാന്‍ സഹായിച്ച സഭാധികൃതരെയും ഇടവകയിലെ പ്രമാണികളെയും പെണ്‍കുട്ടി പ്രസവിച്ച തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രി അധികൃതരെയും കുട്ടിയെ നവജാത ശിശുവിനെ ഏറ്റെടുത്ത വയനാട് വൈത്തിയിരിയെ അനാഥാലയം അധികൃതരെയും നിയമത്തിന്റെ മുന്നില്‍ എത്തിക്കുകയും മാതൃകാപരമായി നിയമത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുരോഹിതന്‍ ഇതിന് മുമ്പ് നടത്തിയ പീഡനങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.