നോട്ട് വിഷയത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി കത്തോലിക്ക സഭ

രാഹുല്‍ഗാന്ധി കോമാളിവേഷം കെട്ടി നടക്കുകയാണ്.

കോണ്‍ഗ്രസിന് നേതാവും നയവും പരിപാടിയുമില്ലെന്ന് സഭ ആക്ഷേപിക്കുന്നു. 

കോണ്‍ഗ്രസിന്റെ ദേശീയ സ്വാധീനം നഷ്ടപ്പെട്ടു.

കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ പിടിയില്‍പ്പെട്ട് തകര്‍ന്നു കൊണ്ടിരിക്കുന്നു. നോട്ട് ക്ഷാമം കൊണ്ടുണ്ടായ ജനങ്ങളുടെ ദുരിതം പോലും നേരാംവണ്ണം മുതലെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും കത്തോലിക്കസഭയുടെ കുറ്റപ്പെടുത്തല്‍.

-ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്ക്-

കോട്ടയം- നോട്ട് വിഷയത്തില്‍ സി.പി.എമ്മുമായി ചേര്‍ന്ന് കോണ്‍ഗ്രസ് യോജിച്ച് സമരം നടത്താത്തതിനെതിരെ കത്തോലിക്ക സഭയുടെ കുറ്റപ്പെടുത്തല്‍. കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചു കൊണ്ടാണ് കത്തോലിക്ക സഭയുടെ പ്രസിദ്ധീകരണമായ ലെയിറ്റി വോയ്‌സ് പുതിയ ലക്കം പുറത്തിറങ്ങിയിരിക്കുന്നത്.

നോട്ട് ക്ഷാമത്തിലൂടെ നഗര-ഗ്രാമീണ ജനത ഒരു പോലെ കഷ്ടപ്പെടുമ്പോള്‍ അതിനെ രാഷ്ട്രീയമായിക്കണ്ട് നേട്ടങ്ങളുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടെന്ന് കത്തോലിക്ക സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ലെയിറ്റി വോയ്‌സ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് അവസരം ലഭിച്ചിട്ടും രാഹുല്‍ഗാന്ധിയെ ക്യൂവില്‍ നിര്‍ത്തി കോമാളി വേഷം കെട്ടിക്കുകയാണെന്നും അതിനൊപ്പം പാര്‍ലമെന്റ് സമ്മേളനം സ്തംഭിപ്പിക്കുകയാണെന്നും വാരിക കുറ്റപ്പെടുത്തുന്നു.

ലോക്‌സഭ ഇലക്ഷന്‍ കഴിഞ്ഞ് രണ്ടര വര്‍ഷമായിട്ടും ഈ പാര്‍ട്ടി ഇപ്പോഴും തങ്ങളുടെ നേതാവ് ആരാണെന്ന് അന്വേഷിച്ച് നടക്കുകയാണെന്നും വാരികയുടെ എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു. നയങ്ങളോ പരിപാടികളോ ഒരു നേതാവോ ഇല്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് അധഃപതിച്ചിരിക്കുകയാണെന്നും സഭയുടെ പ്രസിദ്ധീകരണത്തില്‍ കോണ്‍ഗ്രസിനെ ആക്ഷേപിക്കുന്നുണ്ട്. ജനങ്ങളെ സ്വാധീനിക്കുന്ന നയങ്ങളും പരിപാടികളും ഇല്ലാതെ കുറേപ്പേരെ നേതൃത്വത്തില്‍ പ്രതിഷ്ഠിച്ചതു കൊണ്ടു മാത്രം കോണ്‍ഗ്രസ് രക്ഷപ്പെടില്ല. ജനകീയ വിഷയങ്ങളില്‍ പൊതുജനം ഇപ്പോഴും പ്രതീക്ഷ അര്‍പ്പിക്കുന്നത് ഇടതുപക്ഷപാര്‍ട്ടികളിലും പ്രാദേശിക പാര്‍ട്ടികളിലുമാണ്.

യു.ഡി.എഫ് ഭരണകാലത്ത് കരിമണല്‍ വിഷയത്തില്‍ ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും പ്രതിക്കൂട്ടിലാക്കാന്‍ സി.പി.എമ്മുമായി കൈക്കോര്‍ത്ത വി.എം. സുധീരന്‍ കോടികണക്കിന് ജനങ്ങളുടെ നോട്ട് പ്രതിസന്ധിയില്‍ രാജ്യം പ്രതികരിക്കുമ്പോള്‍ ഇദ്ദേഹത്തിന് മാത്രം സി.പി.എം തൊട്ടുകൂടാത്തവരായിരിക്കുന്നു. വ്യക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മാത്രമായി ഒരു ദേശീയ പ്രസ്ഥാനത്തെ കാലങ്ങളായി ബലികൊടുത്ത ഗതികെട്ട അവസ്ഥയില്‍ തകര്‍ന്നടിയുമ്പോഴും ജനകോടികളെ ബാധിക്കുന്ന നോട്ടു വിഷയത്തില്‍ രാഷ്ട്രീയം മറന്ന് സമരപാതയിലുള്ള പ്രസ്ഥാനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് ലെയിറ്റി വോയ്‌സ് ചോദിക്കുന്നു.