ഗൗതമി നായരെ ഒഴിവാക്കുന്നതാണോ? 

തിരുവനന്തപുരം: ആദ്യ സിനിമ ഹിറ്റായാല്‍ സാധാണ നായികയും നായകനും രക്ഷപെടേണ്ടതാണ്. ദുല്‍ഖറിന്റെ നായികയായാണ് ഗൗതമി നായര്‍ സിനിമയിലെത്തിയത്. സിനിമ ഹിറ്റായതോടെ ദുല്‍ഖറിന് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. എന്നാല്‍ ഗൗതമിക്ക് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ല. പിന്നീടാണ് ലാല്‍ജോസിന്റെ ഡയമണ്ട് നക്ലസില്‍ നായികയായത്. അതിലെ തമിഴ് നഴ്‌സിന്റെ കഥാപാത്രം ശരിക്കും ഞെട്ടിച്ചു. അതോടെ സിനിമയില്‍ പലരും പറഞ്ഞു, ഇനി ഗൗതമിയുടെ ടൈമാണെന്ന്. അന്നത്തെ പല പ്രമുഖ നായികമാരും അസൂയയോടെയാണ് ഗൗതമി നായരെ കണ്ടിരുന്നത്. എന്നാല്‍ താര ജാഡകളില്ലാത്ത പാവം കുട്ടിയായിരുന്നു ഗൗതമി. സിനിമയുടെ പതിവ് രീതികള്‍ക്കൊന്നും വഴങ്ങാനോ, നിന്ന് കൊടുക്കാനോ തയ്യാറായില്ല.

ഡയമണ്ട് നക്‌ലസിന് ശേഷം ഒന്നോ, രണ്ടോ സിനിമകളില്‍ മാത്രമാണ് ഗൗതമി നായര്‍ അഭിനയിച്ചത്. അതൊക്കെ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടുമില്ല.

സെക്കന്‍ഷോയുടെ സംവിധായകന്റെ രണ്ടാമത്തെ ചിത്രമായ കൂതറയിലും അഭിനയിച്ചു. മോഹന്‍ലാലും ഭരതിനെ പോലൊരു തമിഴ് നടനുണ്ടായിട്ടും സിനിമ രക്ഷപെട്ടില്ല. പിന്നീട് ചാപ്‌റ്റേഴ്‌സ്, കോളജ് ഡേയ്‌സ് തുടങ്ങി ആര്‍ക്കും വേണ്ട സിനിമകളില്‍ നായികയായി. കഥാപാത്രങ്ങളും സിനിമകളും തെരഞ്ഞെടുത്തതിലെ പാളിച്ചയാണോ ഗൗതമിക്ക് വിനയായത്. തീര്‍ച്ചയായും അല്ല. സിനിമകളില്‍ നായികമാര്‍ക്ക് പലപ്പോഴും പ്രാധാന്യം കാണില്ല. അതുകൊണ്ട് അഭിനയിക്കാന്‍ അറിയാവുന്നവര്‍ വേണമെന്നുമില്ല. അതുകൊണ്ട് തങ്ങളുടെ രീതിക്ക് പറ്റുന്നവരെയോ, മാര്‍ക്കറ്റ് വാല്യൂ ഉള്ളവരെയോ ആണ് പലപ്പോഴും കാസ്റ്റ് ചെയ്യുന്നത്.

ഗൗതമി നായരുടെ കാര്യത്തില്‍ എന്ത് പറ്റിയെന്ന് പലരും ചോദിക്കുന്നുണ്ടെങ്കിലും ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. വിടര്‍ന്ന കണ്ണുകളും അഭിനയത്തികവും ഉണ്ടായിട്ടും തഴയപ്പെട്ടു. സിനിമയെ കുറിച്ചുള്ള നല്ല സങ്കല്‍പം തിരുത്തേണ്ടിവന്നാലോ എന്നത് കൊണ്ടാണ് താരം ഒന്നും പറയാത്തതെന്ന് സിനിമയിലുള്ള ചിലര്‍ പറയുന്നു. എന്തായാലും ഉത്തരം പറയേണ്ടത് ഗൗതമി നായര്‍ തന്നെയാണ്.