ദാവൂദ് ഇബ്രാഹിമിന് ഹൃദയാഘാതം; കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് മാധ്യമങ്ങള്‍

1993 ലെ മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനും അന്താരാഷ്ട്ര ഭീകരനുമായ ദാവൂദ് ഇബ്രാഹിമിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ തലസ്ഥാനമായ കറാച്ചിയില്‍ പ്രവേശിപ്പിച്ചെന്ന് ന്യൂസ് 18 വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദാവൂദിന്റെ വലംകൈ ആയ ചോട്ട ഷക്കീല്‍ വാര്‍ത്തകള്‍ നിഷേധിച്ചതായി സി.എന്‍.എന്‍ 18 ചാനല്‍ അവകാശപ്പെടുന്നുമുണ്ട്. എന്തായാലും പാക്കിസ്ഥാന്‍ അധികൃതര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

അസുഖം ദാവൂദിന്റെ ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. രക്തസമ്മര്‍ദ്ദവും പ്രമേഹവും രൂക്ഷമായതിനെ തുടര്‍ന്ന് കാലിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നതാണ് അസുഖം മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയത്. ലിഖായത്ത് നാഷണല്‍ ആശുപത്രിയിലെയും കറാച്ചിയിലെ സൈനിക ആശുപത്രിയിലെയും ഡോക്ടര്‍മാരാണ് ദാവൂദിനെ ചികിത്സിക്കുന്നത്.

അടുത്തിടെ ദാവൂദ് ഇബ്രാഹിമിന്റെ സമീപകാലത്തെ ഒരു ചിത്രം പുറത്തു വന്നിരുന്നു.ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായ വിവേക് അഗര്‍വാള്‍ ഏതാനും വര്‍ഷം മുന്‍പ് പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് പുറത്ത് വന്നത്. ചിത്രം പുറത്തായതോടെ ദാവൂദ് പ്ലാസ്റ്റിക് സര്‍ജ്ജറിക്ക് വിധേയനായെന്ന വാര്‍ത്തകളും തെറ്റാണെന്ന് തെളിഞ്ഞിരുന്നു.