എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ എന്‍.ഐ.എ സംഘം പാരീസ് ഭീകരാക്രമണ അന്വേഷണവുമായി സഹകരിക്കുന്നു

ന്യൂഡല്‍ഹി: പാരീസ് ഭീകരാക്രമണ അന്വേഷണവുമായി സഹകരിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) തീരുമാനം. ഐ.എസ് ബന്ധത്തിന്റെ പേരില്‍ എന്‍.ഐ.എ കനകമലയില്‍ നിന്നും അറസ്റ്റ് ചെയ്ത സുബ്ഹാനി ഹാജിയുമായി ബന്ധപ്പെട്ടവര്‍ക്ക് പാരീസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണവുമായി സഹകരിക്കാന്‍ ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗം എന്‍.ഐ.എയോട് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് മലയാളി ഉദ്യോഗസ്ഥന്‍ എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം ഫ്രാന്‍സില്‍ എത്തി. രണ്ട് ദിവസത്തോളം ഇവര്‍ ഫ്രാന്‍സില്‍ ഉണ്ടാവും. 2015 നവംബറിലായിരുന്നു പാരീസില്‍ 150 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണമുണ്ടായത്

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കണ്ണൂര്‍ കനകമലയില്‍ നിന്നും അക്രമണത്തിന് ഗൂഡാലോചന നടത്തുന്നതിനിടെ സുബ്ഹാനി ഹാജി അടക്കമുള്ള ആറ് പേരെ എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് ഇറാഖിലെ മൊസൂളില്‍ നിന്ന് ഐ.എസിന്റെ ആയുധ പരിശീലനം ലഭിച്ചിരുന്നുവെന്ന് വ്യക്തമായിരുന്നു. കൂടാതെ ഇയാളുടെ കമാന്‍ഡറായിരുന്ന ഒരാളെ പാരീസ് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് പറയുന്ന രണ്ട് പേര്‍ കാണാന്‍ വന്നിരുന്നതായും മൊഴി ലഭിച്ചിരുന്നു. തുടര്‍ന്ന് എന്‍.ഐ.എ ഇക്കാര്യം ഫ്രാന്‍സിന്റെ രഹസ്യാന്വേഷണ വിഭാഗത്തെ അറിയിക്കുകയായിരുന്നു.

ഫ്രാന്‍സിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ എന്‍.ഐ.എ ആസ്ഥാനത്തെത്തി സുബ്ഹാനിക്ക് ചില ഫോട്ടോകള്‍ കാണിച്ചപ്പോള്‍ അവരെ സുബ്ഹാനി തിരിച്ചറിയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിനായി എന്‍.ഐ.എയോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സംഘത്തിലെ പ്രധാനിയായിരുന്നു എ.പി ഷൗക്കത്തലി. 1995 ലെ കേരളപോലീസ് എസ്.ഐ ബാച്ചിലെ ഒന്നാംറാങ്കുകാരനാണ്. 2014 ല്‍ ആയിരുന്നു തലശ്ശേരി ഡി.വൈ.എസ്.പി ആയിരുന്ന ഷൗക്കത്തലി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയിലേക്ക് പോയത്.

2015 നവംബറില്‍ പാരിസിലുണ്ടായ ഭീകരാക്രമണം അന്വേഷിക്കാന്‍ മലയാളി ഉള്‍പ്പെടെയുള്ള ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥരാണ് പാരീസിലെത്തിയത്. കേസ് അന്വേഷണത്തിനു ഫ്രഞ്ച് അന്വേഷണസംഘം എന്‍ഐഎയുടെ സഹായം തേടുകയായിരുന്നു. പാരിസ് ഭീകരാക്രമണത്തിലെ പ്രതികളെ കോയമ്പത്തൂരില്‍നിന്നു എന്‍ഐഎ അറസ്റ്റ് ചെയ്ത സുബഹാനി തിരിച്ചറിഞ്ഞിരുന്നു. ഇറാഖിലെത്തിയ സുബഹാനിക്ക് തീവ്രവാദ പരിശീലനം ലഭിച്ചത് പാരിസ് ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ ഭീകരര്‍ക്കൊപ്പമായിരുന്നു. 2015 നവംബറില്‍ പാരിസിലെ തിയറ്ററില്‍ നടന്ന വെടിവയ്പിലടക്കം 130 പേരെ കൊലപ്പെടുത്തിയ അബ്ദുല്‍ ഹമീദ് അബൗദിനെ നേരിട്ടറിയാമായിരുന്നെന്നും സുബഹാനി എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഫ്രഞ്ച് അന്വേഷണ സംഘം ഇന്ത്യയിലെത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യന്‍ സംഘം പാരീസിലെത്തിയത്.

ഐസിസിന്റെ കേരളത്തിലെ വേരുകള്‍ കണ്ടെത്തിയത് മലയാളിയും എന്‍ഐഎ ഉദ്യോഗസ്ഥനുമായ എ പി ഷൗക്കത്തലി. ഐസിസിന്റെ മലയാളി ഗ്രൂപ്പുകളില്‍ തുമ്പുണ്ടാക്കിയത് തലശ്ശേരി ഡിവൈഎസ്പിയായിരുന്ന ഷൗക്കത്തലിയാണ്. കുറ്റാന്വേഷകനെന്ന നിലയില്‍ ടിപി വധക്കേസ് അന്വേഷണത്തിലൂടെ ശ്രദ്ധേയനായ ഷൗക്കത്തലിയുടെ കരുതലോടെയുള്ള നീക്കമാണ് കനകമലയിലെ ഐസിസ് ബന്ധം വെളിച്ചത്തു കൊണ്ടുവന്നതും നിരവധി അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചതും. ഈ അന്വേഷണ മികവാണ് ഷൗക്കത്തിലെ പാരീസിലെത്തിക്കുന്നത്. ഐസിസിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ റിക്രൂട്ടിങ് കേന്ദ്രം കേരളമാണ്. മലബാര്‍ കേന്ദ്രീകരിച്ച് നിരവധി സംഘങ്ങളുണ്ട്. ഇവരെ കണ്ടെത്തുകയാണ് എന്‍ഐഎയുടെ പ്രധാന ലക്ഷ്യം. പാരീസിലെ ഭീകരന് ഇതു സംബന്ധിച്ച് പല നിര്‍ണ്ണായക വിവരങ്ങളും അറിയാം. ഇത് കണ്ടെത്തി ഐസിന്റെ ഉന്മൂലനാണ് എന്‍ഐഎ ലക്ഷ്യമിടുന്നത്.