50 പാക്കിസ്താനികളുടെ തല കൊയ്യണം: കൊല്ലപ്പെട്ട ജവാന്റെ മകളുടെ ഒരേയൊരു ആവശ്യം; രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്കിനൊരുങ്ങി സൈന്യം

പിതാവിന്റെ ജീവത്യാഗത്തിന് പകരമായി മകള്‍ ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം. അച്ഛനെ കൊലപ്പെടുത്തി മൃതദേഹം വികലമാക്കിയ ക്രൂരതയ്ക്ക് പകരമായി 50 പാകിസ്താനികളുടെ തല കൊയ്യണം.. ജമ്മു കാശ്മീരിലെ കൃഷ്ണാ ഘട്ടിയില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗറിന്റെ മകള്‍ സരോജയാണ് അച്ഛന്റെ വീരമൃത്യുവിന് മറുപടി കൊടുക്കണം എന്ന് പറയുന്നത്.

അദ്ദേഹത്തിന്റെ ജീവത്യാഗം ഒരിക്കലും മറക്കാനാവില്ലെന്നും അച്ഛന്റെ ജീവന് പകരമായി 50 പാകിസ്താനികളുടെ തലകള്‍ വേണമെന്നും അമ്മയെ ആശ്വസിപ്പിക്കുന്നതിനിടയിലും സരോജ പറയുന്നു.ഇന്ത്യയ്ക്കുവേണ്ടി ജീവത്യാഗം ചെയ്ത പ്രേം സാഗറിനെയോര്‍ത്ത് അഭിമാനമുണ്ടെന്ന് സഹോദരനും പ്രതികരിച്ചു. എന്നാല്‍ ശിരഛേദം ചെയ്ത പാക് സൈന്യത്തിന്റെ നടപടി ഹൃദയഭേദകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസമാണ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയ പാകിസ്താന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം രണ്ട് ഇന്ത്യന്‍ സൈനികരെ ശിരഛേദം ചെയ്തത്. ‘ബാറ്റി’ന്റെ ആക്രമണത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടാം സര്‍ജിക്കല്‍ അറ്റാക്ക് ആവശ്യപ്പെട്ട് നവമാധ്യമങ്ങളില്‍ പ്രചരണവും ആരംഭിച്ചുകഴിഞ്ഞു. അതേസമയം പാക് സൈന്യം കൊലപ്പെടുത്തി മുഖം വികൃതമാക്കിയ സൈനികന്‍ പരംജീത് സിംഗിന്റെ കുടുംബം, രക്തസാക്ഷിത്വത്തില്‍ അഭിമാനിക്കുന്നുവെന്ന് പ്രതികരിച്ചു.
രക്തസാക്ഷികളുടെ കുടുംബത്തിന്റെ ആവശ്യം പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി ധരിപ്പിച്ചിട്ടുണ്ട്. ജമ്മുകാശ്മീര്‍ ഗവര്‍ണറുമായും അരുണ്‍ജെയ്റ്റ്ലി ചര്‍ച്ച നടത്തിയിട്ടുണ്ട്. ശക്തമായ മറുപടി ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. അതേസമയം മറുപടി സര്‍ജിക്കല്‍ അറ്റാക്കാകണമെന്നും പാകിസ്താനില്‍ പോയി വധിക്കണമെന്നും ആവശ്യപ്പെട്ട് പ്രചരണവും ആരംഭിച്ചിട്ടുണ്ട്. ട്വിറ്ററില്‍ ആയിരക്കണക്കിനാളുകളാണ് ഈ പ്രചരണത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ശക്തമായ പ്രതിഷേധവുമായാണ് ലാന്‍സ് നായിക് ഹേംരാജിന്റെ അമ്മ രംഗത്തെത്തിയത്. 2013 ജനുവരി 8ന് പാക് അതിര്‍ത്തി രക്ഷാസേന(ബിഎടി)യാണ് ഹേംരാജിന്റെ മൃതദ്ദേഹം വികൃതമാക്കിയത്, അദ്ദേഹത്തിന്റെ തല അറുത്തെടുത്ത നിലയിലായിരുന്നു. നിരവധി പരിക്കുകളും തലയിലുണ്ടായിരുന്നു. അന്ന് തന്റെ മകന്റെ തലവെട്ടിയെടുത്തിരുന്നുവെന്നും, ഇന്ന് അത്തരം സംഭവങ്ങള്‍ ദിവസേനെ കാണപ്പെടുന്നുവെന്നും അവര്‍ പറയുന്നു. നമ്മുടെ ഒരു സൈനികനെ കൊന്നാല്‍ പത്ത് പാക് സൈനികരുടെ തലയെടുക്കുമെന്നാണ് അന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയത്. എന്നാല്‍ ഇതുവരെയായും ഒന്നും സംഭവിച്ചിട്ടില്ലെന്നും ഹേംരാജിന്റെ അമ്മ ആരോപിക്കുന്നു. മക്കളെ നഷ്ടമാകുന്ന രക്ഷിതാക്കളുടെ വേദന സര്‍ക്കാര്‍ കേള്‍ക്കണമെന്നും ഹേംരാജിന്റെ അമ്മ എഎന്‍ഐയോട് പറഞ്ഞു.
അതേസമയം പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ഏഴോളം പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഏഴോളം പാക് സൈനികരെ കൊലപ്പെടുത്തുകയും കൃഷ്ണഘട്ടി മേഖലയിലെ നിയ്ന്ത്രണരേഖയ്ക്ക് സമീപമുള്ള കൃപാന്‍, പിമ്പിള്‍ എന്നീ സൈനിക പോസ്റ്റുകള്‍ സൈന്യം തകര്‍ക്കുകയും ചെയ്തു. 647 മുജാഹിദ്ദീന്‍ ബറ്റാലിയനിലെ അഞ്ചു മുതല്‍ എട്ടോളം പാക് സൈനികരാണ് ഈ സൈനീക പോസ്റ്റുകളിലുണ്ടായിരുന്നതെന്നാണ് വിവരം. രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയെ പാക് നടപടിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയിരുന്നു. സൈന്യത്തിനെതിരെ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടി ശക്തമാക്കാനാണ് തീരുമാനം. തിരിച്ചടി സംബന്ധിച്ച് സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയതായി കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു.