‘കെ. എം മാണി കാണിച്ചത് രാഷ്ട്രീയ വഞ്ചന’: സിപിഐഎം പിന്തുണ സ്വീകരിച്ചതിനെതിരെ നേതാക്കൾ

കോട്ടയം: കോട്ടയം ജില്ല പഞ്ചായത്ത് ഭരണം നേടാനായി സിപിഐഎമ്മിന്റെ പിന്തുണ സ്വീകരിച്ച കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റേത് രാഷ്ട്രീയവഞ്ചനയെന്നു നേതാക്കൾ. കേരളാകോൺഗ്രസ് നിലപാട് രാഷ്ട്രീയ വഞ്ചനയാണെന്ന് ആരോപിച്ച കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ, സംഭവത്തിനു പിന്നിൽ കളിച്ചത് ജോസ് കെ. മാണി എംപിയാണെന്നും കുറ്റപ്പെടുത്തി.

മാണിയുടെ നടപടി രാഷ്ട്രീയ വഞ്ചന മാത്രമല്ല കുതികാൽവെട്ടലിനും തുല്യമാണെന്ന് പി.സി.ജോർജ് എംഎൽഎ ആരോപിച്ചു. മാണിയുടെയും മകന്‍റെയും മാത്രം തീരുമാനമാണ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ്എം എൽഎമാരായ മോൻസ് ജോസഫും റോഷി അഗസ്റ്റിനും സിപിഐഎമ്മിന്റെ പിന്തുണയോട് അതൃപ്തി ഉള്ളവരാണെന്നും ജോർജ് പറഞ്ഞു.

വിശ്വാസവഞ്ചന കാട്ടിയ ജോസ് കെ. മാണി എംപി രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. കേരളകോണ്‍ഗ്രസ് എമ്മിന്‍റെയും സിപിഎമ്മിന്‍റെയും ജാരസന്തതിയാണ് ഇന്ന് ഉണ്ടായത്. ഏപ്രിൽ മൂന്നിന് കേരളകോണ്‍ഗ്രസ് എമ്മും കോണ്‍ഗ്രസും തമ്മിൽ എഴുതിയുണ്ടാക്കിയ രേഖയുടെ ലംഘനമാണ് ഇതെന്നും ജോഷി ഫിലിപ്പ് വ്യക്തമാക്കി.

സിപിഐഎമ്മിന്റെ പിന്തുണയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എട്ടിനെതിരെ 12 വോട്ടിനാണ് കേരള കോണ്‍ഗ്രസ് (എം) ജയിച്ചത്. കുറവിലങ്ങാട് ഡിവിഷനില്‍ നിന്നുള്ള സക്കറിയാസ് കുതിരവേലിയാണ് പുതിയ പ്രസിഡന്‍റ്. അതേസമയം സിപിഎമ്മിന്‍റെ നീക്കത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയ സിപിഐ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.