ശിവശങ്കറിന്റെ ജാമ്യം ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സുപ്രീംകോടതിയിൽ

കൊച്ചി: ശിവശങ്കറിന്റെ ജാമ്യം ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. സർക്കാരിന്റെ സ്വാധീനം ഉപയോഗിച്ച് ശിവശങ്കർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഇ ഡി വാദം. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശിവശങ്കർ ശ്രമിക്കുന്നുവെന്നും ഇ ഡി ആരോപിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കേരള പൊലീസ് കേസെടുത്ത വിവരം ഇ ഡി സുപ്രീം കോടതിയെ അറിയിച്ചു. നിയമവാഴ്ച ഉറപ്പാക്കുന്നതിന് കേരളത്തിലെ സർക്കാർ തന്നെ തടസം നിൽക്കുന്നുവെന്നും ഇ ഡി പറയുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് വരുത്താൻ നീക്കം നടക്കുന്നുവെന്നും സിവിൽ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് ഇതിനായി മൊഴി നൽകിപ്പിച്ചുവെന്നും ഇ ഡി ആരോപിക്കുന്നു.

ലൈഫ് അഴിമതി അന്വേഷിക്കുന്ന എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മേൽ എൻഫോഴ്സമെന്റ് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്ന വനിതാ പൊലീസ് ഉദ്യോഗസഥരുടെ മൊഴിയിലാണ് കേസ്.