ബിജെപിയുടെ പ്രവര്‍ത്തനത്തെ പ്രശംസിച്ച് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നിസ അന്‍വര്‍. ബിജെപി കേരളത്തിലും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്ന് സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ് അധ്യക്ഷ കൂടിയായ ഖമറുന്നിസ അന്‍വര്‍ അഭിപ്രായപ്പെട്ടു.
നാടിന്റെ വളര്‍ച്ചയ്ക്ക് ബിജെപി നല്ലകാര്യങ്ങള്‍ ചെയ്യുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും അതിനാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി കഴിയുന്ന ചെറിയ ഫണ്ട് താന്‍ നല്‍കുന്നെന്നും ഖമറുന്നിസ അന്‍വര്‍ പറഞ്ഞു.
ബിജെപിയുടെ പ്രവര്‍ത്തനത്തിന് ഫണ്ടും കൈമാറിയ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിംലീഗ് ജില്ലാ, സംസ്ഥാന നേതാക്കളും രംഗത്തെത്തി. ഖമറുന്നിസ നിലപാട് തിരുത്തണമെന്നാണ് നേതാക്കളുടെ ആവശ്യം. അല്ലാത്ത പക്ഷം വിശദീകരണം തേടുമെന്നാണ് വിവരങ്ങള്‍.
ഇന്നലെ വൈകിട്ടാണ് ബിജെപി സംസ്ഥാന ഫണ്ട് ശേഖരണത്തിന്റെ തിരൂര്‍ മണ്ഡലം ഉദ്ഘാടനം ഖമറുന്നിസയുടെ വീട്ടില്‍ വച്ച് നടന്നത്.
ബിജെപിയുടെ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് ബിജെപി തിരൂര്‍ മണ്ഡലം പ്രസിഡന്റ് കെ.പി പ്രദീപ്കുമാറിന് കൈമാറിയ ശേഷമാണ് ഖമറുന്നിസ പരാമര്‍ശം നടത്തിയത്. ഖമറുന്നിസ അന്‍വര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കിയതോടെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം വര്‍ധിച്ചിരിക്കുകയാണെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു.
ലീഗിന്റെ ശക്തികേന്ദ്രത്തില്‍ നിന്ന് വനിതാ ലീഗ് അധ്യക്ഷയുടെ കൈവശത്ത് നിന്ന് ഫണ്ടും പ്രശംസയും ലഭിച്ചത് വലിയ കരുത്തായാണ് കാണുന്നതെന്ന് ബിജെപി നേതാക്കളും പ്രതികരിച്ചു.
പരിപാടിയില്‍ ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് പാറശ്ശേരി, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എംകെ ദേവീദാസന്‍, ശശി കറുകയില്‍, സുനില്‍ പരിയാപുരം, മനു മോഹന്‍ എന്നിവരും പങ്കെടുത്തു.
 
            


























 
				





















