സന്തോഷിനെ കൊന്നു കൊക്കയില്‍ തള്ളിയത് മൂന്നുപവനും 3000 രൂപയ്ക്കും വേണ്ടി

വാഴക്കുളത്തുനിന്നു കാണാതായ പെയിന്റിംഗ് തൊഴിലാളിയെ വനത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകം എന്ന് തെളിഞ്ഞു.
മൂന്നു പവന്റെ സ്വര്‍ണമാലയ്ക്കും മൂവായിരം രൂപയ്ക്കും വേണ്ടിയാണു സുഹൃത്തായിരുന്ന സന്തോഷിനെ കൊലപ്പെടുത്തി കാട്ടിലെ കൊക്കയില്‍ തള്ളിയതെന്നു സുജിത് സമ്മതിച്ചതായി പൊലീസ്. കോടതിയില്‍ ഹാജരാക്കിയ ശേഷം വാഴക്കുളം പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി.

വാഴക്കുളത്തു നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായ പേരാലിന്‍ചുവട്ടില്‍ വീട്ടില്‍ പി.എന്‍. സന്തോഷ് കുമാറിന്റെ മൃതദേഹം വ്യാഴാഴ്ച കൊച്ചി മധുര ദേശീയപാതയില്‍ നേര്യമംഗലത്തിനു സമീപം ആറാം മൈലില്‍ നിന്നു മാമലക്കണ്ടത്തിനു പോകുന്ന വനപാതയ്ക്കു സമീപം കാട്ടിനുള്ളില്‍ കണ്ടെത്തിയപ്പോഴും പ്രതിയായ മന്നാങ്കണ്ടം പഴമ്പിള്ളിച്ചാല്‍ പള്ളിത്താഴത്ത് സുജിത് (31) കുറ്റം ഏറ്റു പറയാന്‍ തയാറായിരുന്നില്ല.

എന്നാല്‍ സന്തോഷ് ധരിച്ചിരുന്ന മൂന്നു പവന്റെ മാല സുജിതിന്റെ ഭാര്യയുടെ മഞ്ഞള്ളൂരിലുള്ള വീട്ടില്‍ നിന്നു പൊലീസ് കണ്ടെടുത്തതോടെ സുജിത്ത് എല്ലാം തുറന്നു പറഞ്ഞു. തുടര്‍ന്ന് ഇയാളെ സന്തോഷിന്റെ മൃതദേഹം തള്ളിയിട്ട നേര്യമംഗലം ആറാംമൈലിലെ വട്ടവളവില്‍ എത്തിച്ചു തെളിവെടുപ്പു നടത്തി. പൊലീസ് പറയുന്നത് ഇങ്ങനെ: സുജിത്തുമായി സൗഹൃദത്തിലായിരുന്ന സന്തോഷ് ചിട്ടി വിളിച്ചു കിട്ടിയ പണത്തെക്കുറിച്ചു സുജിത്തിനോടു പറഞ്ഞിരുന്നു.

ഈ തുകയും സന്തോഷ് ധരിച്ചിരുന്ന മൂന്നുപവന്റെ മാലയും കവരുക എന്ന ലക്ഷ്യമാണു പ്രതിയെ കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചത്. കഴിഞ്ഞ 28നു സന്തോഷുമായി സുജിത്തിന്റെ കാറില്‍ കറങ്ങിയ ഇരുവരും വിവിധ സ്ഥലങ്ങളില്‍നിന്നു മദ്യം വാങ്ങിയിരുന്നു. ഇതു മുഴുവന്‍ സന്തോഷിനു നല്‍കി മദ്യം കഴിക്കുന്നതായി അഭിനയിക്കുക മാത്രമാണു സുജിത് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വാഴക്കുളം പ്രിന്‍സിപ്പല്‍ എസ്‌ഐ എം.ജെ. ഷൈജു പറഞ്ഞു.

സന്തോഷ് അമിതമായി മദ്യപിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്നു നേര്യമംഗലം ആവോലിചാലില്‍ വണ്ടി നിര്‍ത്തി ഇറങ്ങിയ സുജിത് ഇവിടെ നിന്നു വലിയ കരിങ്കല്ലെടുത്ത് സന്തോഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ബോധരഹിതനായ സന്തോഷ് മരിച്ചെന്നു കരുതി സുജിത് ഇയാളെ കാറിന്റെ മുന്‍ സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ട് ചാരിക്കിടത്തി.

കോതമംഗലത്തും ഇരുമ്പുപാലം പ്രദേശങ്ങളിലുമൊക്കെ കാറില്‍ കറങ്ങി. ഇതിനിടയില്‍ ബോധം തിരിച്ചുകിട്ടിയ സന്തോഷ് സുജിത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ സുജിത് സന്തോഷിന്റെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് 29നു പുലര്‍ച്ചെ രണ്ടരയോടെ ആറാം മൈല്‍ വട്ടവളവിലെ കാട്ടില്‍ കൊക്കയ്ക്കു സമീപം മൃതദേഹം തള്ളി. മഞ്ഞള്ളൂരിലെ വീട്ടില്‍ തിരിച്ചെത്തിയ സുജിത് കാര്‍ വൃത്തിയാക്കിയ ശേഷം പുലര്‍ച്ചെ അഞ്ചോടെ വീണ്ടും വട്ടവളവില്‍ എത്തിയിരുന്നു.

ഇവിടെ മുളകുപൊടി വിതറുകയും രക്തം പുരണ്ട വസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു. തിരിച്ച് എട്ടരയോടെ വാഴക്കുളത്തെത്തി. മൂന്നു ദിവസങ്ങള്‍ക്കു ശേഷം ഇയാള്‍ ഭാര്യയുമായി വീണ്ടും ഇതേ റൂട്ടില്‍ സഞ്ചരിക്കുകയും വട്ടവളവില്‍ എത്തുകയും ചെയ്തിരുന്നു. ഭാര്യയെ കാറില്‍ ഇരുത്തി ഇയാള്‍ കാടിനുള്ളില്‍ സന്തോഷിന്റെ മൃതദേഹം ഉപേക്ഷിച്ചിടത്ത് എത്തി മൃതദേഹം കൂടുതല്‍ താഴ്ചയിലേക്ക് തള്ളിയിട്ടു. ഇതോടെ മൃതദേഹം മുകളില്‍നിന്നു നോക്കിയാല്‍ കാണാന്‍ കഴിയാത്ത സ്ഥിതിയിലായി.

സഹോദരന്റെ സംശയത്തെ തുടര്‍ന്നു സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും ഇയാള്‍ തനിക്കു സംഭവത്തില്‍ പങ്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. സുജിത്തിന്റെ കാറില്‍ സന്തോഷ് കയറിപ്പോകുന്ന ദൃശ്യങ്ങള്‍ വാഴക്കുളം, കോതമംഗലം, നേര്യമംഗലം, ഇരുമ്പുപാലം എന്നിവിടങ്ങളില്‍ നിന്നു ലഭിച്ചതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

അപ്പോഴും സന്തോഷിനോടു പെയിന്റിങ് ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനായി കാറില്‍ പോയതാണെന്നും തിരിച്ചു വാഴക്കുളത്തു കൊണ്ടുവന്നു വിട്ടു എന്നുമായിരുന്നു സുജിത് പൊലീസിനോടു പറഞ്ഞത്. എന്നാല്‍ ഭാര്യയെ ചോദ്യം ചെയ്യുകയും വട്ടവളവിലേക്കുള്ള യാത്രയുടെ വിവരങ്ങള്‍ ലഭിക്കുകയും ചെയ്തതോടെ പൊലീസ് ഇവിടെ എത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ സന്തോഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വാഴക്കുളത്തു നിന്നു സന്തോഷിനെ സുജിത്ത് കാറില്‍ കയറ്റുന്നതും ഇരുമ്പുപാലത്തുള്ള ബവ്‌റിജസ് കോര്‍പറേഷന്‍ മദ്യവില്‍പനശാലയില്‍ നിന്നു മദ്യംവാങ്ങുന്നതുമെല്ലാം ക്യാമറയില്‍ പതിഞ്ഞിരുന്നതു കേസ് അന്വേഷണത്തില്‍ വഴിത്തിരിവായി. ഡിവൈഎസ്പി കെ. ബിജുമോന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ വാഴക്കുളം എസ്‌ഐ എം.ജെ. ഷൈജു, എഎസ്‌ഐമാരായ കെ.കെ. രാജേഷ്, കെ.എസ്. രാജഗോപാല്‍, സിവില്‍ പൊലീസ് ഓഫിസര്‍ വി.എം. ജമാല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.