തമിഴ്നാട്ടില്‍ ഭരണകക്ഷി നേതാക്കള്‍ക്ക് മണല്‍മാഫിയ കൈക്കൂലി നല്‍കിയത് 400 കോടി രൂപ

മണൽഖനന വ്യവസായി ശേഖർ റെഡ്ഡി തമിഴ്നാട്ടിലെ ഭരണകക്ഷി നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമായി 400 കോടിയോളം രൂപ കൈക്കൂലി നൽകിയതിന്റെ രേഖകൾ ആദായനികുതി വകുപ്പിനു ലഭിച്ചു. നവംബർ എട്ടിലെ നോട്ട് അസാധുവാക്കൽ നടപടിക്കു പിന്നാലെ കള്ളപ്പണം ലക്ഷ്യമിട്ട് ആദായനികുതി വകുപ്പ് രാജ്യവ്യാപകമായി ആരംഭിച്ച പരിശോധനകൾക്കിടെയാണ് കോടിക്കണക്കിന് രൂപയുടെ അഴിമതി ശ്രദ്ധയിൽപ്പെട്ടത്.

റെഡ്ഡിയുടെ ഡയറിയിൽ നിന്ന് അണ്ണാ ഡിഎംകെ നേതാക്കളുമായി നടത്തിയ വൻകിട സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ലഭിച്ചതായാണ് ആദായനികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്. നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ അടങ്ങിയ കത്ത് നടപടിക്കുള്ള ശുപാർശയോടെ തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഭരണകക്ഷിയായ അണ്ണാ ഡിഎംകെ (അമ്മ) വിഭാഗത്തിലെ മന്ത്രിമാർ, എംഎൽഎമാർ, മുതിർന്ന നേതാക്കൾ, ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിങ്ങനെ 60 പേരുമായി നടത്തിയ കോടികളുടെ പണമിടപാട് സംബന്ധിച്ചുള്ള വിവരങ്ങൾ ഡയറിയിൽ ഉണ്ടെന്നു പറയുന്നു.

കഴിഞ്ഞ നവംബറിൽ റെഡ്ഡിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണു ഡയറി കണ്ടെത്തിയത്. മണൽ ഖനനത്തിനുള്ള കരാറുകൾ നേടിയെടുക്കാൻ 400 കോടി രൂപയോളം റെഡ്ഡി കൈക്കൂലി നൽകിയതായാണു വിവരം. ഡയറിയിലെ പേരുകൾ പുറത്തായാൽ അണ്ണാ ഡിഎംകെ (അമ്മ) വിഭാഗം കൂടുതൽ പ്രതിരോധത്തിലാവും. മന്ത്രിമാരുടെ വിവരങ്ങൾ പുറത്തായാൽ ഭരണമാറ്റത്തിലേക്കു വരെ കാര്യങ്ങൾ എത്തിയേക്കാം.

ഇക്കഴിഞ്ഞ ‍ഡിസംബറിൽ ശേഖർ റെഡ്ഡിയുടെ വസതിയിൽ ആദായനികുതി വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ 127 കിലോ സ്വർണവും 170 കോടി രൂപയും കണ്ടെടുത്തിരുന്നു. ഇതിൽ 34 കോടി രൂപ രണ്ടായിരത്തിന്റെ പുതിയ നോട്ടുകളായിരുന്നു. സംഭവം സിബിഐയുടെ മുന്നിലെത്തിയതോടെ നികുതിവെട്ടിപ്പ് ചൂണ്ടിക്കാട്ടി ശേഖർ റെ‍ഡ്‍‍ഡിയെ അറസ്റ്റു ചെയ്തു. 87 ദിവസത്തോളം ജയിലിൽ കഴിഞ്ഞ റെഡ്ഡിക്ക് പിന്നീട് ജാമ്യം അനുവദിച്ചെങ്കിലും മൂന്നു ദിവസങ്ങൾക്കുശേഷം വീണ്ടും പിടികൂടി ജയിലിലടച്ചു.

മുൻ തമിഴ്നാട് ചീഫ് സെക്രട്ടറി പി. രാമമോഹന റാവുവിന്റെ മകന്‍ വിക്രം റാവുവുമായി റെഡ്ഡിക്ക് ബിസിനസ് ബന്ധങ്ങളുള്ളതായും ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ വസതിയിൽ നടത്തിയ പരിശോധനയെ തുടർന്ന് റാവുവിന് ചീഫ് സെക്രട്ടറി സ്ഥാനവും നഷ്ടമായി.

ആദായനികുതി വകുപ്പിന്റെ വെളിപ്പെടുത്തൽ തമിഴ്നാട്ടിലെ പളനിസ്വാമി സർക്കാരിന് രാഷ്ട്രീയമായി തിരിച്ചടിയാകും. റെഡ്ഡിയെ അറസ്റ്റ് ചെയ്ത സമയത്ത് ഇയാൾ മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെയിലെ വിമത വിഭാഗത്തിന്റെ നേതാവുമായ ഒ.പനീർസെല്‍വത്തിനൊപ്പം നിൽക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, തിരുമല ക്ഷേത്രം സന്ദർശിക്കാനെത്തിയ പനീർസെല്‍വത്തെ ക്ഷേത്ര ബോർഡ് അംഗമെന്ന നിലയിൽ റെഡ്ഡി സ്വീകരിക്കുന്ന ചിത്രമാണിതെന്നായിരുന്നു അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം.