കശ്മീർ അതിർത്തിയിൽ ദിവസവും പാക്ക് വെടി; രണ്ടുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 23 സൈനികര്‍

കശ്മീരിലെ നിയന്ത്രണരേഖയിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ദിവസേന ഒരുതവണയെങ്കിലും പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘനം നടത്തിയിട്ടുണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രണ്ടു വർഷത്തിനിടെ അതിർത്തിസംഘർഷത്തിൽ 23 സുരക്ഷാസൈനികർ വീരമൃത്യു വരിച്ചതായും വിവരാവകാശനിയമപ്രകാരം ലഭ്യമാക്കിയ മറുപടിയിൽ മന്ത്രാലയം അറിയിച്ചു. 2012നും 2106നുമിടയിൽ ജമ്മു കശ്മീരിൽ 1142 ഭീകരാക്രമണ സംഭവങ്ങളുണ്ടായി. ഇതിൽ 236 സുരക്ഷാസൈനികർക്കു ജീവൻ നഷ്ടമായി.

നാട്ടുകാരായ 90 പേരും കൊല്ലപ്പെട്ടു. ഇതേ കാലയളവിൽ ഏറ്റുമുട്ടലുകളിൽ 507 ഭീകരരെ വധിച്ചു. 2016ൽ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതു 449 തവണയാണ്. 2015ൽ 405 തവണയും. കശ്മീരിൽ 2012ൽ 220 ഭീകരാക്രമണ സംഭവങ്ങളുണ്ടായി. 2016ൽ 322 സംഭവങ്ങളും. കഴിഞ്ഞവർഷം മാത്രം 82 സുരക്ഷാസൈനികർ അടക്കം 97 പേർ കൊല്ലപ്പെട്ടു. അതേസമയം, ഇന്നലെ നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈന്യം നടത്തിയ വെടിവയ്പിൽ നാലു പാക്ക് പൗരൻമാർക്കു പരുക്കേറ്റതായി പാക്കിസ്ഥാൻ ആരോപിച്ചു.