പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ: പ്രതി പീഡനക്കേസില്‍ 40 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്നയാള്‍

തൃശൂര്‍ പീച്ചിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. സാല്‍വന്‍ ആര്‍മി ചര്‍ച്ചിലെ പാസ്റ്ററായ സനില്‍ കെ ജെയിംസിനെയാണ് തൃശൂര്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാളെ നേരത്തെ കോടതി 40 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

പീച്ചി-പായിക്കണ്ടം സാൽവേഷൻ ആർമി ചർച്ചിലെ പാസ്റ്ററായ ഇയാൾ പള്ളിയുടെ ഈ പ്രദേശത്തെ കുടുംബങ്ങളിലെ നിത്യസന്ദർശകനായിരുന്നു. ഇത്തരം സന്ദർശനങ്ങൾ മുതലെടുത്താണ് ഇയാൾ കുട്ടികളെ ലൈംഗീക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയത്.

2013 മുതൽ 2015 വരെ സാൽവേഷൻ ആർമി ചർച്ചിലും പാസ്റ്ററുടെ ഔദ്യോഗിക വസതിയിലും മൂന്നുവട്ടം പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണു കേസ്. 2013 ലെ ക്രിസ്മസ് ചടങ്ങിനിടെയായിരുന്നു ആദ്യ പീഡനം. രണ്ടാംവട്ടം പെൺകുട്ടിയുടെ വീട്ടിൽവച്ചും മൂന്നാംവട്ടം തന്റെ വീട്ടിൽവച്ചും പാസ്റ്റർ സനൽ പെൺകുട്ടിയെ പീഡിപ്പിച്ചു. പ്രതി പോക്‌സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തുകയായിരുന്നു.

അധ്യാപികയോടാണ് കുട്ടി പീഡനവിവരം ആദ്യം പറയുന്നത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന വിവരം പീച്ചി പൊലീസിൽ അറിയിച്ചു. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി പീഡനത്തിനു വിധേയയായതായി തെളിഞ്ഞിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും ഇരയടക്കം 16 സാക്ഷികളെ വിസ്തരിച്ചിരുന്നു. തുടര്‍ന്നാണ് കോടതി വിധി.