പെയിന്റ്‌ വിവാദത്തിൽ ബെഹ്‌റയ്ക്ക് പോലീസിന്റെ ക്ലീൻചിറ്റ്

പോലീസ് സ്‌റ്റേഷനുകളിലെ പെയിന്റടി വിവാദത്തിൽ മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് പൊലീസിൻറെ ക്ലീൻ ചിറ്റ്. പ്രത്യേക കമ്പനിയുടെ പെയ്ൻറ് നിർദേശിച്ചതിൽ തെറ്റില്ലെന്ന് പോലീസ് റിപ്പോർട്ട് നൽകി. നിറം മനസിലാക്കുന്നതിനാണ് കമ്പനിയുടെ പേര് ഉപയോഗിച്ചത് എന്നാണ് വിശദീകരണം. ഒരു പ്രത്യേക കമ്പനിയുടെ പെയ്ന്റ് തന്നെ വാങ്ങണമെന്ന ബെഹ്‌റയുടെ നിർദ്ദേശം ഏറെ വിവാദമായിരുന്നു.

5 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടന്നാണ് ആരോപണം ഉയർന്നത്. ഇത് സംബന്ധിച്ച് വിജിലൻസിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. ഹർജി ഫയലിൽ സ്വീകരിച്ച വിജിലൻസ് കോടതി ഈ മാസം ഇരുപതിനുള്ളിൽ വിശദീകരണം നൽകണമെന്ന് ബെഹ്‌റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നവാസ് എന്നയാളാണ് ഒരു പ്രത്യേക കമ്പനിയുടെ പെയിന്റു വാങ്ങാൻ പൊലീസ് മേധാവിയായിരിക്കെ ബെഹ്റ ഉത്തരവിറക്കിയതിൽ അഴിമതി ആരോപണം ഉന്നയിച്ച് വിജിലൻസ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. ടെണ്ടർ വിളിക്കാതെയുള്ള ഡി.ജി.പിയുടെ ഉത്തരവിൽ ക്രമക്കേടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. ബെഹ്റക്കും ആഭ്യന്തരസെക്രട്ടറിക്കുമെതിരെയാണ് ഹർജി.