കടകം പള്ളിയില്‍ വീണ്ടും ഭൂമിതട്ടിപ്പ്; ഇടതുമുന്നണി സര്‍ക്കാര്‍ വന്നതിനുശേഷവും ഇവിടെ തട്ടിപ്പ് നടന്നതിന്റെ രേഖകള്‍ പുറത്ത്

കടകംപള്ളി വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് വീണ്ടും ഭൂമി തട്ടിപ്പ്. വില്ലേജ് ഓഫീസര്‍ നടത്തിയ ക്രമക്കേടുകളെ കുറിച്ച് വ്യക്തമായ തെളിവു ലഭിച്ചിട്ടും ഇനിയും നടപടി എടുത്തിട്ടില്ല.

കടകംപള്ളി വില്ലേജ് ഓഫീസര്‍ മനോഹരന്‍ തമ്പിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് റവന്യു അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. ഇടപാടുകള്‍ വഴി കോടികള്‍ അഴിമതി പണം കൈമാറിയിട്ടുണ്ടെന്നും റവന്യു അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ശൂന്യതണ്ടപ്പേരിലെ വസ്തു പതിച്ച് നല്‍കിയും വയലുകളെ പുരയിടമാക്കിക്കാണിച്ചും തട്ടിപ്പ് നടന്നിട്ടുണ്ട്. ഒരുദാഹരണം ഇങ്ങനെ: കടകംപള്ളി വില്ലേജിലെ 2296/എ1-2 എന്ന സര്‍വ്വേ നമ്പരില്‍പ്പെട്ട 11 സെന്റ് ഭൂമി പോക്ക് വരവ് ചെയ്തതില്‍ ക്രമക്കേട് നടന്നു. 11 സെന്റ് ഭൂമിയുടെ പോക്കുവരവിനായി ജയന്ദ്‌ലാലന്‍ എന്നയാള്‍ കടകംപള്ളി വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കുന്നു.

ഈ അപേക്ഷ പരിശോധിച്ച് വില്ലേജ് ഓഫീസര്‍ മനോഹരന്‍ തമ്പി താലൂക്ക് ഓഫീസിലേക്ക് ഇങ്ങനെ റിപ്പോര്‍ട്ട് നല്‍കി: രേഖകള്‍ പ്രകാരം ഈ സര്‍വ്വേ നമ്പരില്‍ 4.5സെന്റ് സ്ഥലം മാത്രമാണുള്ളത്. ബാക്കിസ്ഥലം കണ്ടെത്താനാകുന്നില്ല. പോക്കുവരവ് ചെയ്ത് നല്‍കാന്‍ കഴിയില്ല. എന്നാല്‍ ഇനിയാണ് തട്ടിപ്പ് തുടങ്ങുന്നത് വിഷയം തഹസില്‍ദാര്‍ പരിഗണിച്ചുകൊണ്ടിരിക്കെ വീണ്ടും ജയന്ദ്‌ലാലിന്റെ അപേക്ഷയില്‍ പോക്കുവരവിനായി ഇതേവില്ലേജ് ഓഫീസര്‍ മറ്റൊരു ഫയല്‍ ആരംഭിച്ച് 11 സെന്റ് ഭൂമിക്ക് പോക്കുവരവ് ചെയ്ത്‌നല്‍കി. നാളിതുവരെ കരമൊടുക്കാത്ത 2154,3041 എന്നീ തണ്ടപ്പേരുകള്‍ യോജിപ്പിച്ച് 49606 നമ്പര്‍ പട്ടയം ഉണ്ടാക്കിയാണ് തട്ടിപ്പ് നടന്നതെന്ന് റവന്യു പരിശോധന വിഭാഗത്തിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു.

പിന്നീട് മറ്റൊരു ആധാരം ചമച്ച് 49671, 49672 എന്നീ തണ്ടപ്പേരുകള്‍ പിടിച്ചുനല്‍കി. അതായത് ശൂന്യതണ്ടപ്പേരില്‍ വസ്തു എഴുതിച്ചേര്‍ത്ത് പോക്കുവരവ് നടത്തിയെന്നാണ് കണ്ടെത്തല്‍. ഇതിലേക്കായി വ്യാജ ആധാരവും തയ്യാറാക്കി. ഇടപാടില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടാകാമെന്ന് റവന്യു പരിശോധനാവിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ റവന്യു പരിശോധനാവിഭാഗം നിര്‍ദ്ദേശിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

സുനില്‍കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യുപരിശോധനാവിഭാഗം കടകംപള്ളി വില്ലേജില്‍ പരിശോധന നടത്തിയത്. അഞ്ച്‌ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് തണ്ടപ്പേരിലില്ലാത്ത വസ്തു പോക്കുവരവ് ചെയ്ത് നല്‍കിയതെന്നും വില്ലേജ് ഓഫീസില്‍ രേഖകള്‍ തിരുത്തി പോക്കുവരവ് ചെയ്ത് നല്‍കുവന്നുവെന്നും സുനില്‍കുമാറിന്റെ പരാതിയില്‍ ആരോപിച്ചിരുന്നു. ഈ സംഗതികള്‍ ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടാണ് റവന്യു പരിശോധനാവിഭാഗം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചത്. വന്‍കൈക്കൂലി ഇടപാട് ഇക്കാര്യങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് റവന്യു പരിശോധനാവിഭാഗം സംശയിക്കുന്നുണ്ട്.

വില്ലേജില്‍ നൂറുകണക്കിന് പോക്കുവരവ് കേസുകള്‍ പെന്റിംഗ് ആണെന്ന് പോക്കുവരവ് രജിസ്റ്റര്‍ പരിശോധിച്ചതില്‍ റവന്യു പരിശോധനാവിഭാഗം കണ്ടെത്തി.

ക്രമംതെറ്റി പോക്കുവരവ് പാസാക്കുന്നതിന് പിന്നില്‍ ക്രമക്കേടുകളുണ്ടെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വ്വേ നമ്പര്‍ 2421/എ2 വില്‍ പെട്ട വസ്തു. 2.43ആര്‍ തണ്ടപ്പേര്‍ 13049 പ്രകാരവും മുന്‍രേഖകള്‍ പ്രകാരവും നിലമാണ്. എന്നാല്‍ 46630ാം നമ്പര്‍ തണ്ടപ്പേരില്‍ ഈ വസ്തുവിനെ പുരയിടമായി കാണിച്ച് പുരയിടം എന്നെഴുതി വില്ലേജ് ഓഫീസില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. തണ്ടപ്പേര്‍ പകര്‍പ്പ് സാക്ഷ്യപ്പെടുത്തിയാണ് നല്‍കിയിരിക്കുന്നത്.

ഇത്തരത്തില്‍ അടിസ്ഥാനരേഖയായ ബി.ടി.ആര്‍ ലഭ്യമല്ലാത്ത കേസുകളില്‍ മുന്‍തണ്ടപ്പേരും സെന്‍ട്രല്‍ സര്‍വ്വേ ഓഫീസ് മുതലായ കേന്ദ്രങ്ങളില്‍ ലഭ്യമായ രേഖകള്‍ പരിശോധിക്കാതെയും നിലം പുരയിടമായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആശാസ്യമല്ലെന്ന് റവന്യു പരിശോധനാവിഭാഗം പറയുന്നുണ്ട്. ഈ പ്രവര്‍ത്തികളെല്ലാം വില്ലേജ് ഓഫീസര്‍ നേരിട്ടാണ് നടത്തിയത്. വില്ലേജ് ഓപീസറെ സ്ഥലത്തുനിന്ന് മാറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന ശുപാര്‍ശയോടെയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

സംസ്ഥാനത്തെ ഞെട്ടിച്ച വന്‍ഭൂമി കുംഭകോണം നടന്ന സ്ഥലമാണ് കടകംപള്ളി വ്യാജതണ്ടപ്പേര് സൃഷ്ടിച്ച് 44 ഏക്കര്‍ ഭൂമി പോക്കുവരവ് ചെയ്ത് ഭൂമാഫിയ സ്വന്തമാക്കിയതായാണ് കടകംപള്ളി കേസ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍. സി.ബി.ഐ ആണ് ഇപ്പോള്‍ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

കേസിന്റെ ഭാഗമായി കടകംപള്ളിയിലെ മുന്‍വില്ലേജ് ഓഫീസറെ സസ്‌പെന്റ് ചെയ്യുകയും കേസില്‍ പ്രതിയാക്കുകയും ചെയ്തിരുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട് ആറ് വില്ലേജ്  ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലാണ്.

സി.ബി.ഐ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്തുതന്നെയാണ് കടകംപള്ളിയില്‍ വീണ്ടും ഭൂമിതട്ടിപ്പ് അരങ്ങേറിയതെന്ന് ശ്രദ്ധേയമാണ്. മനോഹരന്‍തമ്പി വ്യാപകമായി കൈക്കൂലി വാങ്ങി ഇടപാടുകള്‍ നടത്തുന്നുണ്ടെന്ന ആരോപണവും സുനില്‍കുമാര്‍ ഉന്നയിച്ചിട്ടുണ്ട്.