ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ചെയ്തത് കേള്‍ക്കൂ

ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ചെയ്തത് കേള്‍ക്കൂ: ശനിയാഴ്ച രാത്രി 10 മണിയോടെ അങ്കമാലിയില്‍നിന്നു ചങ്ങനാശേരിയിലേക്കു പുറപ്പെട്ട ബസ്. ഏഴു യാത്രക്കാരേ ബസിലുള്ളു. നാലു വയസ്സ് തോന്നിക്കുന്ന കുഞ്ഞുമായി മൂവാറ്റുപുഴയില്‍നിന്നു ദമ്പതികള്‍ കയറി. കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും കുഞ്ഞ് അപസ്മാര ലക്ഷണം പ്രകടിപ്പിച്ചു തുടങ്ങി.

കണ്ടക്ടറും യാത്രക്കാരും വിവരം തിരക്കി. രോഗം മൂര്‍ച്ഛിച്ച കുഞ്ഞുമായി കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയിലേക്കുള്ള പോകുകയാണ് അവര്‍. ടാക്‌സിക്കൂലി നല്‍കാനില്ലാത്തതിനാല്‍ ബസില്‍ കയറിയതാണ്. അല്‍പംകൂടി കഴിഞ്ഞതോടെ കുഞ്ഞിന്റെ നില കൂടുതല്‍ വഷളായി. കണ്ടക്ടറും യാത്രക്കാരും ചേര്‍ന്നു പ്രഥമശുശൂഷ നല്‍കി. ഡ്രൈവര്‍ ബസുമായി ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു. മോനിപ്പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ചു. മുക്കാല്‍ മണിക്കൂറോളം അത്യാഹിതവിഭാഗത്തില്‍ ചെലവഴിച്ചു.

എന്നിട്ടു ദമ്പതികളെയും കുഞ്ഞിനെയും കയറ്റി വീണ്ടും ബസ് പുറപ്പെട്ടു. ഏറ്റുമാനൂരില്‍ എത്തി കുട്ടികളുടെ ആശുപത്രിയിലേക്കു പോകാന്‍ ഓട്ടോറിക്ഷ വിളിച്ചുകൊടുത്തു. ഓട്ടോക്കൂലിയും നല്‍കി. ബസിന്റെ നമ്പരും കൂടുതല്‍ വിവരങ്ങളും കൃത്യമായി ലഭിക്കാത്തതിനാല്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും പേരു വിവരങ്ങള്‍ ലഭ്യമായില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പഴ്‌സനേല്‍ സെക്രട്ടറിയും യാത്രക്കാരനുമായിരുന്ന എ.ആര്‍.സുരേന്ദ്രന്‍ പറയുന്നു.