ഉഴുന്നുവടെയച്ചൊല്ലി തര്‍ക്കം: കൊച്ചിയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു

കൊച്ചിയില്‍ ഹോട്ടലുടമ പട്ടാപ്പകല്‍ കുത്തേറ്റ് മരിച്ചു. വൈറ്റില ജനത ജംഗ്ഷനിലെ ഷിബിന്‍ ഹോട്ടല്‍ ഉടമ ജോണ്‍സണ്‍ (48) ആണ് കൊല്ലപ്പെട്ടത്.

ഭക്ഷണം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തമിഴ്‌നാട് സ്വദേശി രതീഷാണ് കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. ഹോട്ടലില്‍ വെച്ച് ജോണ്‍സണും രതീഷും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ജോണ്‍സണ്‍ പുറത്തേക്കിറങ്ങി. പുറകെപോയ രതീഷ് ഹോട്ടലിന് 15 മീറ്ററോളം അകലെവെച്ച് ജോണ്‍സണെ കുത്തുകയായിരുന്നു. കുത്തിയ ശേഷം ഇയാള്‍ ഓടിരക്ഷപെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ജോണ്‍സണെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.