ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കുവേണ്ടി ഭരണം നടത്തുന്നത് സഹോദരന്‍ തോമാച്ചായന്‍; മന്ത്രി പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യുന്ന തോമാച്ചായന്റെ ചിത്രം പുറത്ത്

കെ.എസ്.ആര്.ടി.സി ബസ് കണ്ടക്ടര്‍ക്കും ഡ്രൈവറിനും ഗതാഗത മന്ത്രി പ്രഖ്യാപിച്ച പാരിതോഷികം മന്ത്രിയുടെ സഹോദരന്‍ തോമാച്ചായന്‍ വിതരണം ചെയ്യുന്നു

നിയാസ് കരീം

ആലപ്പുഴ: സംസ്ഥാനത്തെ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കുവേണ്ടി ഭരണം നടത്തുന്നത് സഹോദരന്‍ ഹൈഡൈന്‍ ചാണ്ടിയാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. തോമസ് ചാണ്ടിയുടെ അനുജനായ തോമാച്ചായനാണ് എം.എല്‍.എയോ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫോ പോലുമല്ലാതെ ഇപ്പോള്‍ ഗതാഗത വകുപ്പ് ഭരിക്കുന്നത്.

കഴിഞ്ഞദിവസം അപസ്മാര രോഗം പ്രകടിപ്പിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ സഹായിച്ച കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ക്കും ഡ്രൈവറിനും തോമസ് ചാണ്ടിയുടെ ശമ്പളത്തില്‍ നിന്നും 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പാരിതോഷികം വിതരണം ചെയ്തത് തോമസ് ചാണ്ടിയുടെ സഹോദരനായ ഹൈഡൈന്‍ ചാണ്ടിയെന്ന തോമാച്ചായന്‍ ആയിരുന്നു.

 

മന്ത്രിയുടെ സഹോദരന്‍ ഹൈഡൈന്‍ ചാണ്ടിയെന്ന തോമാച്ചായാന്‍
മന്ത്രിയുടെ സഹോദരന്‍ ഹൈഡൈന്‍ ചാണ്ടിയെന്ന തോമാച്ചായാന്‍
ഗതാഗത മന്ത്രി തോമസ് ചാണ്ടി
ഗതാഗത മന്ത്രി തോമസ് ചാണ്ടി

തോമസ് ചാണ്ടി വ്യക്തിപരമായി പ്രഖ്യാപിച്ച പാരിതോഷികം ആയിരുന്നുവെങ്കില്‍ തോമാച്ചായന്‍ വിതരണം ചെയ്തതില്‍ തെറ്റില്ലായിരുന്നു. എന്നാല്‍ ഗതാഗതമന്ത്രിയെന്ന ഔദ്യോഗിക പദവിയിലിരുന്ന് പ്രഖ്യാപിച്ച തുക വിതരണം ചെയ്തത് പേഴ്‌സണല്‍ സ്റ്റാഫ് അംഗംപോലുമല്ലാത്ത ഹൈഡൈന്‍ ചാണ്ടിയെന്നതാണ് വിമര്‍ശനത്തിനു കാരണമാകുന്നത്.

അതുപോലെ തോമസ് ചാണ്ടി പങ്കെടുക്കേണ്ട പല ഔദ്യോഗിക യോഗങ്ങളിലും ഹൈഡൈന്‍ മാത്രമാണ് പങ്കെടുക്കുന്നത്. ഭൂരിഭാഗം സമയങ്ങളിലും വിദേശത്ത് ചെലവഴിക്കുന്ന തോമസ് ചാണ്ടിക്കുവേണ്ടി കാര്യങ്ങള്‍ ചെയ്യുന്നത് തോമാച്ചായനാണ്. അതായത് മന്ത്രിപ്പണിയെടുക്കുന്നത് ഹൈഡൈന്‍ ചാണ്ടിയാണെന്ന് വ്യക്തം.

എംഎല്‍എ വിദേശത്തായപ്പോള്‍ നാട്ടില്‍ ഭരണം നടത്തുന്നത് അദ്ദേഹത്തിന്റെ അനുജനാണെന്ന് നേരത്തെതന്നെ ആരോപണങ്ങളുണ്ടായിരുന്നു. ഈ ആക്ഷേപം വ്യക്തമാക്കുന്ന ചിത്രമാണ് ഇപ്പോള്‍ ദി വൈഫൈ റിപ്പോര്‍ട്ടര്‍ പുറത്തുവിടുന്നത്.
ഇഷ്ടക്കാരെ മാത്രം സഹായിച്ച് നീങ്ങുന്ന തോമസിന്റെ പ്രവര്‍ത്തിമൂലം നാട്ടില്‍ വികസനം നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

മന്ത്രിയായതിനുശേഷവും തോമസ് ചാണ്ടി നാമമാത്ര ദിവസങ്ങളിലാണ് കേരളത്തിലുണ്ടായിരുന്നത്. കേരള മന്ത്രിസഭയിലെ ഏറ്റവും വലിയ സമ്പന്നനായ വ്യക്തിയാണ് തോമസ് ചാണ്ടി. എന്‍.സി.പി സ്ഥാനാര്‍ത്ഥിയായി കുട്ടനാട്ടില്‍ നിന്നും മൂന്നാം തവണയും വിജയിച്ചുകയറിയ തോമസ് ചാണ്ടി ബിസിനസ് ആവശ്യത്തിനായി കൂടുതല്‍ സമയവും വിദേശത്താണ്.

അസുഖങ്ങള്‍ കാരണം വിദേശത്ത് ചികിത്സയിലാണ് എന്നും പ്രതിപക്ഷ പറയുന്നുണ്ട്. ഇങ്ങനെ പലസമയവും എം.എല്‍.എ വിദേശത്തായപ്പോള്‍ നാട്ടില്‍ ഭരണം നടത്തുന്നത് അദ്ദേഹത്തിന്റെ അനുജനാണ് എന്നാണ് ആക്ഷേപം.