കൊച്ചി മെട്രോ ഉദ്ഘാടനം ഈ മാസം 30 ന്; ആലുവയിൽ

കൊച്ചി മെട്രോ ഈ മാസം 30 ഉദ്ഘാടനം ചെയ്യും. സർക്കാറിന്‍റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി തന്നെ മെട്രോ ഉദ്ഘാടനം ചെയ്യും.. ആലുവയിൽവച്ചാവും ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.

അതേസമയം, കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നെത്തുമെന്ന് ഇനിയും വ്യക്തമായില്ല. ഇതു സംബന്ധിച്ച അറിയിപ്പുകളൊന്നും സംസ്ഥാന സർക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ പ്രധാനമന്ത്രിയുടെ സമയം ഉടൻ ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു മന്ത്രി പറഞ്ഞു. എന്തെങ്കിലും സാഹചര്യത്തിൽ പ്രധാനമന്ത്രിക്ക് എത്താൻ സാധിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയാകും കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുക. പ്രധാനമന്ത്രിക്കായി അനന്തമായി കാത്തിരിക്കില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

മെട്രോ റെയിൽ സേഫ്റ്റി കമ്മിഷണറുടെ നേതൃത്വത്തിൽ അന്തിമ സുരക്ഷാ പരിശോധനകളെല്ലാം പൂർത്തിയായി കൊച്ചി മെട്രോ സർവീസിനു സജ്ജമായി കഴിഞ്ഞിരുന്നു. ആദ്യഘട്ട സർവീസിന് ഒൻപതു ട്രെയിനുകളാണ് എത്തിയിരിക്കുന്നത്. ഏഴു റേക്കുകളാണു പ്രതിദിന സർവീസിനു വേണ്ടത്. രാജ്യത്ത്, ഏറ്റവും കുറഞ്ഞ സമയം കൊണ്ടു നിർമാണം പൂർത്തിയാക്കി ഏറ്റവും കൂടുതൽ ദൂരം സർവീസ് നടത്തുന്ന മെട്രോ എന്ന പേരുകൂടി കൊച്ചി മെട്രോയ്ക്കു സ്വന്തമാകുകയാണ്.