‘അമ്മ’യുള്ളപ്പോള്‍ മഞ്ജു വാര്യരും സംഘവും മറ്റൊരു സംഘടന രൂപികരിച്ചത് വെല്ലുവിളി; മഞ്ജുവിന്റെ നീക്കം മോഹന്‍ലാലിന്റെ അറിവോടെയെന്നും താരസംഘടനയിലെ ഒരു വിഭാഗം, പുതിയ സംഘടനയിലേക്കുള്ള ഒഴുക്ക് തടയാന്‍ വിലക്ക് നീക്കവുമായി ‘അമ്മ’

സ്ത്രീകള്‍ക്ക് മാത്രമായി മലയാള സിനിമയില്‍ മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കുന്നതില്‍ താരസംഘടനയായ ‘അമ്മ’യില്‍ ചേരിപ്പോര് തുടങ്ങി. ‘അമ്മ’യെ വെല്ലുവിളിച്ച് ബദലുമായി മുന്നോട്ട് പോകാനാണ് മഞ്ജു വാര്യരുടെ ശ്രമമെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പുതിയ സംഘടനയുമായി മുന്നോട്ട് പോകാനാണ് മഞ്ജു അടക്കമുളള അഭിനേത്രികള്‍ ശ്രമിക്കുന്നതെങ്കില്‍ അവര്‍ക്ക് പിന്നെ അമ്മയില്‍ സ്ഥാനമുണ്ടാകില്ലെന്നും അമ്മ ഭാരവാഹിയായ പ്രമുഖ നടന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് ഉണ്ട്.

വിഷയം ‘അമ്മ’ ഭാരവാഹികള്‍ ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മാധ്യമങ്ങളിലൂടെയുള്ള അറിവല്ലാതെ ഇക്കാര്യത്തില്‍ കൂടുതല്‍ ഒന്നും അറിയില്ലെന്നും അത് കൊണ്ട് തന്നെ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നമാണ് അദ്ദേഹത്തിന്റെ തീരുമാനം. എന്ത് തന്നെയായാലും ‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’ എന്ന പേരില്‍ അഭിനേത്രികള്‍ക്ക് മാത്രമായി ഒരു സംഘടന രൂപീകരിക്കുന്നതിന്റെ ഉദ്ദേശ ശുദ്ധിയില്‍ സിനിമക്കകത്തുനിന്നും പുറത്തുനിന്നും പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

പുതിയ സംഘടനയുടെ തലപ്പത്ത് കരുക്കള്‍ നീക്കുന്ന മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, പാര്‍വ്വതി എന്നിവരോട് വിശദീകരണം ചോദിച്ച് തൃപ്തികരമല്ലെങ്കില്‍ അമ്മയില്‍ നിന്ന് പുറത്താക്കാനാണ് സാധ്യത. പ്രത്യേകിച്ച് മഞ്ജു വിരോധ ചേരി ശക്തമായി നില്‍ക്കുന്ന സാഹചര്യത്തില്‍. മഞ്ജു വിരോധ ചേരിക്ക് തന്നെയാണ് കൂടുതല്‍ പേരുടെ പിന്തുണയുള്ളത്. എന്നാല്‍ മോഹന്‍ലാല്‍ മഞ്ജുവിനെ അനുകൂലിച്ചാല്‍ ലാലേട്ടനോടൊപ്പം ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍, പ്രിഥ്വിരാജ്, ഇന്ദ്രജിത്ത് തുടങ്ങിയവരും നില്‍ക്കുമെന്ന് സൂചനയുണ്ട്.

‘അമ്മ’ എല്ലാ വിഭാഗം താരങ്ങള്‍ക്ക് വേണ്ടിയും ലിംഗവ്യത്യാസമില്ലാതെ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ അഭിനേത്രികള്‍ക്ക് മാത്രമായി ഒരു സംഘടന രൂപീകരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് മുന്‍നിര താരങ്ങള്‍ക്കിടയിലടക്കം ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. സ്ത്രീയെന്നോ പുരുഷനെന്നോ കുട്ടിയെന്നോ വ്യത്യാസമില്ലാതെ എല്ലാ താരങ്ങള്‍ക്കുമായി ‘അമ്മ’യുള്ളപ്പോള്‍ എന്തിനാണ് വനിത സിനിമ പ്രവര്‍ത്തകര്‍ക്കുമാത്രമായി ഒരു സംഘടനയെന്നാണ് നിക്ഷ്പക്ഷമതികളുടെ ചോദ്യം.

മലയാള സിനിമാ താരങ്ങള്‍ക്കിടയില്‍ രണ്ട് പ്രമുഖ നടന്മാരുടെ നേതൃത്വത്തില്‍ രണ്ട് വിഭാഗമായി തിരിഞ്ഞിരിക്കെ പ്രത്യേകിച്ച് മോഹന്‍ലാല്‍ വിഭാഗവും മമ്മൂട്ടി, ദിലീപ് വിഭാഗങ്ങളും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉള്ള സാഹചര്യത്തില്‍ മഞ്ജു വാര്യര്‍ മുന്‍കൈയെടുത്തുള്ള സംഘടനാ രൂപീകരണത്തിന് മോഹന്‍ലാലിന്റെ പിന്തുണയുണ്ടാകുമോ എന്നും സിനിമാ ലോകം ഉറ്റുനോക്കുന്നു. നിലവില്‍ ഇന്നസെന്റ് പ്രസിഡന്റും, മോഹന്‍ലാല്‍, ഗണേഷ് കുമാര്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും, മമ്മൂട്ടി ജനറല്‍ സെക്രട്ടറിയും ദിലീപ് ട്രഷററുമായാണ് അമ്മ പ്രവര്‍ത്തിക്കുന്നത്.

മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പുതിയ സംഘടനയില്‍ സജീവമാകാന്‍ ഇപ്പോള്‍ റിമ കല്ലിങ്കല്‍, പാര്‍വതി, സജിത മഠത്തില്‍, സംവിധായിക അഞ്ജലി മേനോന്‍, ബീനാ പോള്‍, വിധുവിന്‍സന്റ് തുടങ്ങിയവരാണുള്ളത്. ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, ദിലീപുമായി ഇടഞ്ഞ് നില്‍ക്കുന്ന ഭാവന എന്നിവരടക്കമുള്ള ഉറ്റസുഹൃത്തുക്കളെയും മറ്റ് നടിമാരെയും പുതിയ സംഘടനയിലേക്ക് കൊണ്ടുവരാന്‍ മഞ്ജുവും സംഘവും ശ്രമിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. എന്നാല്‍ മഞ്ജുവുമായി സഹകരിച്ചാല്‍ അവസരങ്ങള്‍ കുറയുമോ എന്ന ഭയത്താല്‍ പലരും പിന്‍വലിഞ്ഞുനില്‍ക്കുന്നുവെന്നാണ് സൂചന.

അതേസമയം, അമ്മയില്‍ വലിയൊരു പ്രശ്നത്തിലേക്കും അതുവഴി സംഘടനാപിളര്‍പ്പിലേക്കും കാര്യങ്ങള്‍ നീങ്ങുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന സംവിധായകരുടെയും താരങ്ങളുടെയും മദ്ധ്യസ്ഥതയില്‍ സമവായത്തിനിറങ്ങണമെന്നാണ് ആവശ്യം. മഞ്ജുദിലീപ്കാവ്യ വിഷയമാണോ ചിലരെ പുതിയ സംഘടനയിലേക്ക് നയിച്ചതെന്നും ചോദ്യമുയരുന്നു.
ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ഇരുവരും ഇരുവരുടെയും അനുകൂലുകളും തമ്മില്‍ നേരിട്ടും അല്ലാതെയും ആരോപണ ശരങ്ങള്‍ സജീവമായിരുന്നു. ദമ്പതികള്‍ പിരിഞ്ഞ ശേഷം ‘അണിയറയില്‍’ ഏറ്റുമുട്ടുന്നതില്‍ കഴമ്പില്ലെന്ന അഭിപ്രായവും ഭൂരിപക്ഷ താരങ്ങള്‍ക്കുമുണ്ട്.