പിറന്നാള്‍ ആഘോഷിക്കാന്‍ പിണറായി സര്‍ക്കാര്‍; അഴിമതി ആരോപണങ്ങള്‍ ബാധിക്കാത്ത സര്‍ക്കാരാണ് തന്റേതെന്ന് മുഖ്യമന്ത്രി

ഒരുതരത്തിലുള്ള അഴിമതി ആരോപണങ്ങളും ബാധിക്കാത്ത സർക്കാരാണ് തന്റേതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി ആരോപണങ്ങളും വിവാദങ്ങളും ഭരണത്തെ ബാധിക്കില്ലെന്നും മെച്ചപ്പെട്ട പ്രവർത്തനമാണ് സർക്കാരിന്റേതെന്നും ഒരു വർഷത്തെ ഭരണത്തെ പിണറായി വിലയിരുത്തി. മതനിരപേക്ഷ,അഴിമതി രഹിത വികസിത കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് ഭരണത്തിൽ എല്ലാ രംഗങ്ങളിലും തകർന്ന സംസ്ഥാനം ഭരണത്തിന്റെ തുടക്കത്തിൽ വലിയ വെല്ലുവിളിയും പ്രതിസന്ധിയും സൃഷ്ടിച്ചു എന്നു പറഞ്ഞാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം തുടങ്ങിയത്. അഴിമതിയും അനാശാസ്യതയും കൂട്ടിക്കലർന്ന ജീർണമായ രാഷ്ട്രീയാവസ്ഥ ആയിരുന്നു. അതു മാറ്റാൻ കഴിഞ്ഞു

പിന്നീട് മുഖ്യമന്ത്രി ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. പരമ്പരാഗതമേഖല, ക്ഷേമപ്രവർത്തനങ്ങൾ,പശ്ചാത്തല വികസനം വിദ്യാഭ്യാസം,ഭവനരഹിതർക്ക് വീട് എന്നി രംഗങ്ങളിലെ നേട്ടവും ഭാവി പദ്ധതികളും പിണറായി വിവരിച്ചു. സർക്കാർ പൊതുവിലും മറ്റു വകുപ്പുകളും മന്ത്രിമാരും മെച്ചപ്പെട്ട പ്രവർത്തമാണ് നടത്തിയതെന്നു മുഖ്യമന്ത്രി വിലയിരുത്തി.

അഴിമതി കേസുകളുടെ അന്വേഷണത്തിൽ സർക്കാർ ഇടപെടില്ല. മുൻകാലത്തെ അഴിമതികളോടും വിട്ടുവീഴ്ചയുണ്ടാകില്ല. രാഷ്ട്രീയ ശത്രുക്കളോടും മിത്രങ്ങളോടും ഇക്കാര്യത്തിൽ ഒരേസമീപനം ഉണ്ടാകും. കേന്ദ്രസർക്കാരുമായി ന്ല്ല ബന്ധമാണുള്ളത്. വിവാദങ്ങൾക്കു ക്ഷാമമില്ലെങ്കിലും വിവാദങ്ങൾക്കു പുറകേ പോകാൻ താത്പര്യമില്ലെന്നു വ്യക്തമാക്കിയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ചത.