സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദത്തിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്ക് പിന്തുണയുമായി വനിതാ കമ്മീഷന്‍. പെണ്‍കുട്ടിക്ക് മാനസിക സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാനുള്ള സഹായങ്ങള്‍ വനിതാ കമ്മീഷന്‍ ചെയ്യും. പെണ്‍കുട്ടിക്ക് വേണ്ട നിയമമപരിരക്ഷയും വനിതാ കമ്മീഷന്‍ ഉറപ്പാക്കും. പെണ്‍കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദത്തിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

പെണ്‍കുട്ടിക്ക് മുഖ്യമന്ത്രിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. പെണ്‍കുട്ടിയുടേത് ധീരമായ പ്രവര്‍ത്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇന്നലെ രാത്രിയിലാണ് പീഡനശ്രമത്തിനിടയിൽ പെൺകുട്ടി സ്വാമി ഗംഗേശാന്ദ തീർഥപാദരുടെ ജനനേന്ദ്രിയം മുറിച്ചത്.

രാത്രിതന്നെ ആശുപത്രിയിലെത്തിച്ച ഹരിയെന്ന സ്വാമിയ്ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തുകയും ചെയ്തു. കഴിഞ്ഞ എട്ട് വർഷത്തോളമായി നിരന്തരമായി പീഡിപ്പിച്ചിരുന്നതായും അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്നും പെൺകുട്ടി പോലീസിൽ മൊഴി നൽകി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.