ക്രൂരത കുഞ്ഞുങ്ങളോട്; ഡേ കെയര്‍ സെന്ററില്‍ കുഞ്ഞുങ്ങള്‍ക്ക് ക്രൂര മര്‍ദ്ദനം

കൊച്ചി: നഗരത്തിലെ ഡേ കെയറിൽ കുട്ടികൾക്ക് ക്രൂരപീഡനമെന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒന്നര വയസുമുതൽ നാല് വയസ് വരെയുള്ള കുട്ടികളെ സ്ഥാപനയുടമയായ സ്ത്രീ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു. ഒന്നര വയസുള്ള കുട്ടിയെ ഇവർ അടിക്കുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.

കൊച്ചി പാലാരിവട്ടത്തെ കളിവീട്  ഡേ കെയറിൽ ഒന്നര വയസുകാരനോടാണ് സ്ഥാപന നടത്തിപ്പുകാരി മിനിയുടെ ക്രൂരത. ഈ കണ്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സ്ഥാപനത്തിലുള്ള ഇരുപതോളം കുട്ടികളെ പല കാരണങ്ങൾ പറഞ്ഞ് ഇവർ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും ഇവിടത്തെ ജീവനക്കാരി തന്നെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അടി കൊണ്ട് കുട്ടികളുടെ ശരീരത്തിലുണ്ടാകുന്ന പാടുകൾ വെള്ളം തുടച്ച് മായ്ക്കാൻ ഇവർ പറയാറുണ്ടെന്നും ജീവനക്കാരി പറയുന്നു.

കുഞ്ഞിനെ മിനി എന്ന നടത്തിപ്പുകാരി സ്ഥിരമായി അടിക്കാറുണ്ടെന്ന് ഡേ കെയറിൽ കൂടെയുള്ള നാല് വയസുകാരനും പറയുന്നു. ഒരു മാസത്തേക്ക് 1500 മുതൽ 3500 രൂപ വരെ വാങ്ങിയാണ് ഇവിടെ കുട്ടികളെ പ്രവേശിപ്പിക്കുന്നത്. കുട്ടികളുടെ ശരീരത്തിൽ പാടുകൾ കണ്ടതോടെയാണ് രക്ഷിതാക്കൾക്ക് സംശയം തോന്നിത്തുടങ്ങിയത്.

കുട്ടികൾക്ക് ഡേകെയറിൽ പോകാനുള്ള മടിയും ടീച്ചറെ കാണുന്പോഴുള്ള പേടിയുമെല്ലാം സംശയം ഇരട്ടിപ്പിച്ചു. എന്നാൽ ഇവർ അന്വേഷിക്കുമ്പോളെല്ലാം യാതൊരു പ്രശ്നവുമില്ലെന്നും കുട്ടികൾ വീണപ്പോഴുണ്ടായ പാടാണെന്നുമൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറി. അച്ഛനുമമ്മയും ജോലിക്ക് പോകുമ്പോള്‍ സ്നേഹത്തോടെ സംരക്ഷിക്കുമെന്ന പ്രതീക്ഷയിൽ ഇവിടെ കുട്ടികളെയെത്തിച്ചവരെല്ലാം മക്കൾ നേരിടേണ്ടി വന്ന ദുരിതത്തിന്‍റെ ഞെട്ടലിലാണ്.

വാര്‍ത്ത പുറത്തുവന്നതോടെ രക്ഷിതാക്കളുടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരും പോലീസും ഡേ കെയര്‍ സെന്‍ററില്‍ പരിശോധന നടത്തി. ഈ ഡേ കെയര്‍ രജിസ്ട്രേഷനുകളൊന്നുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പരിശോധനയില്‍ ബോധ്യപ്പെട്ടു. സ്ഥാപനമുടമ മിനിയെ പോലീസ് കസ്റ്റ‍ഡിയില്‍ എടുത്തിരിക്കുയാണ് ഇപ്പോള്‍.