അരുന്ധതി റോയിയെ പട്ടാളവണ്ടിക്കു മുന്നിൽ കെട്ടിവയ്ക്കണമെന്ന് ബിജെപി എംപി

ന്യൂഡൽഹി∙ കശ്മീരിലെ പ്രക്ഷോഭകനു പകരം അരുന്ധതി റോയിയെയാണു സൈനിക വാഹനത്തിനു മുന്നിൽ കെട്ടിവച്ചു കൊണ്ടുപോകേണ്ടതെന്ന ബിജെപി എംപി പരേഷ് രാവലിന്‍െറ ട്വിറ്റർ സന്ദേശം വിവാദമായി.

കശ്മീരിൽ തെരുവു പ്രക്ഷോഭകർക്കെതിരെ ‘മനുഷ്യകവച’മായി സേനാവാഹനത്തിനു മുന്നിൽ പ്രക്ഷോഭകനെ കെട്ടിവച്ചുകൊണ്ടുപോയ സംഭവം പരാമർശിച്ചാണു ബിജെപി എംപി പരേഷ് റാവലിന്റെ പ്രസ്താവന.

എംപിയുടെ ട്വീറ്റിനെതിരെ സമൂഹമാധ്യമത്തിൽ വ്യാപക പ്രതിഷേധമുയർന്നു. എംപി അക്രമത്തിനു പ്രേരിപ്പിക്കുകയാണെന്നും വിമർശനമുണ്ടായി. ബുക്കർ സമ്മാനം ലഭിച്ച എഴുത്തുകാരിക്കു പകരം ഒരു വനിത ജേണലിസ്റ്റിനെ മതിയെന്ന് എംപിയുടെ അനുയായികളിലൊരാൾ കമന്റ് നടത്തി.

‘വിശാലവും വൈവിധ്യവുമാർന്ന തിരഞ്ഞെടുക്കലുകൾ നമ്മുക്കാകാം!’ എന്നായിരുന്നു ഇതിനോടുള്ള എംപിയുടെ പ്രതികരണം. ‘കെട്ടിവയ്ക്കുന്നതു പിഡിപി–ബിജെപി സഖ്യം തുന്നിക്കൂട്ടിയ ആളെയായാലോ?’എന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പരിഹസിച്ചു.

അതേസമയം, അക്രമ സന്ദേശങ്ങളെ പാർട്ടി പിന്തുണയ്ക്കില്ലെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. ഇതിനിടെ, സേനാവാഹനത്തിൽ കശ്മീരി യുവാവിനെ കെട്ടിവച്ചുകൊണ്ടുപോയ മേജർക്ക് കരസേന പ്രത്യേക ബഹുമതി നൽകി. തീവ്രവാദവിരുദ്ധ നടപടികൾക്കുള്ള അംഗീകാരമായിട്ടാണ് സേനയുടെ പുരസ്കാരം കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് മേജർ ലീത്തുൽ ഗോഗോയ്ക്ക് സമ്മാനിച്ചത്.

കഴിഞ്ഞമാസം ശ്രീനഗർ ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെ യുവാവിനെ സേനാവാഹനത്തിന്റെ ബോണറ്റിൽ കെട്ടിവച്ചു കൊണ്ടുപോയെന്ന സംഭവം വിമർശനത്തിനു കാരണമായിരുന്നു. സൈനികർക്കെതിരെ കല്ലേറു തടയാനാണ് ഇതു ചെയ്തതെന്നായിരുന്നു സുരക്ഷാസേനാ ഉദ്യോഗസ്ഥരുടെ വിശദീകരണം. വിവാദപ്രവൃത്തി സംബന്ധിച്ച സൈനികക്കോടതി അന്വേഷണം നടക്കുന്നതിനിടെയാണ് മേജർക്ക് അംഗീകാരം.