ആരാണ് പായിച്ചിറ നവാസ്? ലിംഗം പോയ കള്ളസ്വാമിക്കുവേണ്ടി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്ന പായിച്ചിറ നവാസിനെതിരെ സ്ത്രീപീഡനത്തിനുള്‍പ്പെടെ മൂന്നുകേസുകള്‍

-ദി വൈഫൈ റിപ്പോര്‍ട്ടര്‍, ബ്യൂറോ-

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ചമാറ്റിയ പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയതിലൂടെ പ്രസിദ്ധനായിരിക്കുകയാണ് വിവരാവകാശ പ്രവര്‍ത്തകനായ പായിച്ചിറ നവാസ്. പേട്ട സംഭവത്തില്‍ ദുരൂഹതകളും പൊരുത്തക്കേടുകളും സംശയങ്ങളുമുണ്ടെന്നും അതിനാലാണ് ഡി.ജി.പിക്ക് പരാതി നല്‍കിയതെന്നുമാണ് നവാസിന്റെ വാദം.

ബാര്‍ കോഴ, സോളാര്‍ കേസുകളില്‍ പരാതിയുമായി കോടതിയില്‍ പോയ വ്യക്തിയാണ് പായിച്ചിറ നവാസ്. ശങ്കര്‍ റെഡ്ഡിയുമായി ബന്ധപ്പെട്ട കേസില്‍ നവാസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

പായിച്ചിറ നവാസിനെതിരെ ഇതുവരെ രണ്ട് ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളതെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു.

മുന്‍മന്ത്രി അനൂപ് ജേക്കബിനെ ഭീഷണിപ്പെടുത്തിയതിന് നവാസിന്റെ പേരില്‍ കേസുണ്ട്. കന്‍റോണ്‍മെന്‍റ് പോലീസ് സ്റ്റേഷനിലാണ് (ക്രൈം 360/2015) ഈ കേസ്. അന്ന് ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്ന അനൂപ് ജേക്കബിനോട് പണം ആവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ ലോകായുക്തയിലും  വിജിലന്‍സിലും മന്ത്രിക്കെതിരായി പരാതി നല്‍കുമെന്നുമായിരുന്നു ഭീഷണി.

2017 ഫെബ്രുവരിയില്‍ പായിച്ചിറ നവാസിനെതിരെ പീഡനത്തിന് പുത്തന്‍തോപ്പ് സ്വദേശിയായ യുവതി പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ പോസ്കോ പ്രകാരം കേസ് നിലവിലുണ്ട്. ജോലി ചെയ്തിരുന്ന 39 കാരിയാണ് മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി ഇങ്ങനെ:

ഭര്‍ത്താവുമായി ഏറെ നാളായി പിണക്കത്തിലായിരുന്ന താനുമായി 2013ലാണ് നവാസ് പരിചയത്തിലായത്. വിവാഹ വാഗ്ദാനം നല്‍കി മതം മാറ്റി ഒന്നര വര്‍ഷം മുമ്പ് ഗള്‍ഫിലേക്ക് അയച്ചു. ഗള്‍ഫിലായിരിക്കുമ്പോഴും ഫോണ്‍ വഴിയും നവമാദ്ധ്യമങ്ങള്‍ വഴിയും ബന്ധം പുലര്‍ത്തിയിരുന്ന നവാസ് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇക്കഴിഞ്ഞ ജനുവരി 17ന് നാട്ടിലേക്ക് വിളിച്ചുവരുത്തി.

എയര്‍ പോര്‍ട്ടില്‍ നിന്ന് കാറില്‍ കയറ്റി മെഡിക്കല്‍ കോളേജിന് സമീപത്തെ ഒരു ലോഡ്ജില്‍ റൂമെടുത്ത് താമസിപ്പിച്ചു. അവിടെ വച്ച് പീഡനത്തിനിരയാക്കിയശേഷം അടുത്തദിവസം വാടക വീട് തരപ്പെടുത്തി അവിടേക്ക് കൊണ്ടുപോയി. ഒരുലക്ഷം രൂപയും രണ്ട് മൊബൈല്‍ഫോണുകളും ഇലക്ട്രോണിക് സാധനങ്ങളുമായി നവാസ് കടന്നുകളയുകയും പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് സാധിക്കുന്നില്ലെന്നുമാണ് പരാതിയിലെ ആരോപണം. മെഡിക്കല്‍ കോളജ് പോലീസ് അന്ന് ഈ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, പരാതി കെട്ടിച്ചമച്ചതെന്നും നവാസ് പീഡനക്കുറ്റമാരോപിച്ച് യുവതി നല്‍കിയിട്ടുള്ള പരാതി അടിസ്ഥാന രഹിതമാണെന്നും പായിച്ചിറ നവാസിന്റെ വാദം.
ഡിജിപിക്ക് നല്‍കിയ പരാതിയില്‍ നവാസ് ഉന്നയിക്കുന്ന പ്രധാന കാര്യങ്ങള്‍….

1. പെണ്‍കുട്ടിയുടെ വീട്ടില്‍ വര്‍ഷങ്ങളായി വന്നു പോവുകയും താമസിക്കുകയും ചെയ്യുന്ന സ്വാമി ഇത്രകാലം പീഡിപ്പിച്ചിട്ടും നിയമവിദ്യാര്‍ത്ഥിനി കൂടിയായ പെണ്‍കുട്ടി എന്ത് കൊണ്ട് ആരോടും ഇക്കാര്യം പറഞ്ഞില്ല.

2. സ്വാമിയുടെ ശല്യം അവസാനിപ്പിക്കാന്‍ ഒരുപാട് വഴികളുണ്ടായിട്ടും എന്ത് കൊണ്ട് പെണ്‍കുട്ടി ആ സാധ്യതകള്‍ പരിശോധിച്ചില്ല.

3. വീട്ടിലെ അംഗത്തെ പോലെ പെരുമാറുകയും അമ്മയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ആളായിട്ടും എങ്ങനെ സ്വാമിയെ ആക്രമിക്കാന്‍ പെണ്‍കുട്ടിക്ക് ധൈര്യം വന്നു.

4. കേരളത്തില്‍ മുന്‍പും കിരാതമായ രീതിയില്‍ സ്ത്രീകള്‍ ഉപദ്രവിക്കപ്പെട്ടിട്ടുണ്ട് എന്നാല്‍ അപ്പോഴൊന്നും ഇത്തരമൊരു പ്രതികരണം ഇരകളോ അവരുടെ ഉറ്റവരോ നടത്തിയിട്ടില്ല. പിന്നെ എങ്ങനെയാണ് പൊതുസമൂഹം ബഹുമാനിക്കുന്ന ഒരു സന്ന്യാസിയുടെ ജനനേന്ദ്രിയം മുറിക്കപ്പെട്ടത്.

5. ഒരു പീഡനക്കേസിന്റെ വിചാരണയില്‍ പ്രതിയുടെ ലൈംഗീകശേഷി പരിശോധിക്കുന്നത് നിര്‍ണയാകമായ കാര്യമാണ്. ജനനേന്ദ്രിയം മുറിക്കപ്പെട്ടതോടെ ഇനി ആ പരിശോധന സാധ്യമല്ല.

6. ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ആണ് ഈ സംഭവം അരങ്ങേറിയത്. ഇതോടെ ഈ സംഭവത്തെ ഉയര്‍ത്തിക്കാട്ടി മറ്റെല്ലാം മറച്ചു വയ്ക്കാനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ട്.

7. വൈകിയാണെങ്കിലും നിയമവും നീതിയും നടപ്പാക്കുന്നത് കോടതികളാണ്. നാളെ ഈ കേസില്‍ സ്വാമി കുറ്റക്കാരനല്ലെന്ന് കോടതി പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ.

8. സംഭവം നടന്ന ദിവസം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പെണ്‍കുട്ടിയുടെ സഹോദരനാണ് സ്വാമിയെ വീട്ടിലേക്ക് കൂടിക്കൊണ്ടു വന്നത്. മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ നടക്കുമ്പോള്‍ തൊട്ടടുത്ത റൂമില്‍ ഈ സഹോദരനുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ സ്വാമിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അയാള്‍ക്ക് അന്‍പത് ലക്ഷം രൂപയോളം കൊടുക്കുകയും ചെയ്തു. ഇതെല്ലാം ദുരൂഹത ഉണര്‍ത്തുന്ന കാര്യങ്ങളാണ്.

9. സംഭവത്തിന് പിന്നിലെ സാമ്പത്തിക ഇടപാടുകളും രാഷ്ട്രീയ-മത സംഘടനകളുടെ സാന്നിധ്യവും പരിശോധിക്കണം

10. സംഭവത്തിലെ സത്യാവസ്ഥ അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതിനായി സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി, സന്ന്യാസി, പെണ്‍കുട്ടിയുടെ അമ്മ,അച്ഛന്‍ സഹോദരന്‍ എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണം-നവാസ് ആവശ്യപ്പെട്ടു

ചീഫ് സെക്രട്ടറിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്, ടോം ജോസിനെതിരായ നീക്കങ്ങള്‍-ഇങ്ങനെ പലതും പായിച്ചറ നവാസ് നടത്തിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ബിനാമിയാണെന്ന് പോലും വാദമെത്തി.