സീരിയല്‍ നടിയുമായി ഔദ്യോഗിക വാഹനത്തില്‍ കറക്കം; ജയില്‍ ഡിഐജിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിക്കൊപ്പം യാത്ര ചെയ്തതിനെത്തുടര്‍ന്ന് ജയില്‍ ഡിഐജി ബി.പ്രദീപിനെതിരെ അന്വേഷണത്തിന് നിര്‍ദേശം. ജയില്‍ മേധാവി ആര്‍.ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ ഐജിയെ ചുമതലപ്പെടുത്തി.

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. ജയില്‍ദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ നടിക്കൊപ്പം ഡിഐജി ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്‌തെന്നാണ് പരാതി.

ജയില്‍ ആസ്ഥാനത്ത് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കറുത്ത മുത്ത്, മാനസപൂത്രി തുടങ്ങിയ സീരിയലുകളിലും ചില സിനിമകളിലും ഉള്‍പ്പെടെ അറിയപ്പെടുന്ന റോളുകളില്‍ തിളങ്ങിയ നടിയാണ് കഥയിലെ വിവാദ നായിക.

കഴിഞ്ഞ മാര്‍ച്ച് 17 ന് നടിയേയും കൂട്ടി ജയില്‍ ഡി ഐ ജി ഒദ്യോഗിക വാഹനത്തില്‍ യാത്ര നടത്തിയെന്നും ഈ സമയം നടിയും ഡ്രൈവറും അല്ലാതെ ഡി ഐ ജിക്കൊപ്പം ആരുമില്ലാതിരുന്നുവെന്നും ജയില്‍ മേധാവി, ഐ ജി ഗോപകുമാറിന് അന്വേഷണത്തിന് കൈമാറിയ പരാതിയുലുണ്ട്.

ദക്ഷിണ മേഖലയിലെ തന്നെ ഒരു ജയിലിലെ വാര്‍ഷികത്തിന് ഈ നടിയെ ഡി ഐ ജി പങ്കെടുപ്പിച്ചതായും വിവരമുണ്ട്. സൂപ്രണ്ട് എതിര്‍ത്തിട്ടും നടിക്കുവേണ്ടി ജയിലില്‍ നിന്നും പതിനായിരം രൂപയോളം കൈപറ്റിയതായും രേഖകളില്‍ മറ്റു ചെലവുകളില്‍ പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും ജയില്‍ ജീവനക്കാര്‍ പറയുന്നു. ഡി ഐ ജി ക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ കണ്ട നടി നേരത്തെയും പല പ്രാവശ്യം അദ്ദേഹത്തെ കാണാന്‍ ഡി ഐ ജി ആസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്.

സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതിനും ഒദ്യോഗിക ജോലി സമയത്തു നടിയുമായി കറങ്ങിയതിനും ഡി ഐ ജിക്കെതിരെ നടപടിവേണമെന്നാണ് ജയില്‍ ജീവനക്കാരുടെ ആവശ്യം. എന്നാല്‍ ഡി ഐ ജിയുടെ അടുപ്പക്കാരനും സോളാര്‍ കേസ് പ്രതി സരിത നായരുടെ മൊഴിതിരുത്തിയതിലൂടെ വിവാദത്തില്‍പെട്ടയാളുമായ ഐ ജി യുടെ അന്വേഷണം നീതി പൂര്‍വമായിരിക്കില്ലന്നും വിമര്‍ശനം ഉണ്ട്.

പരാതി ജയില്‍ ആസ്ഥാനത്ത് ലഭിച്ചപ്പോള്‍ തന്നെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജയില്‍ മേധാവി ആദ്യം ചുമതലപ്പെടുത്തിയത് ഉത്തരമേഖല ഡി ഐ ജി ശിവദാസ് കെ തൈപറമ്പിലിനെ ആയിരുന്നു. എന്നാല്‍ തന്റെ അതേ റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെുള്ള ആക്ഷേപം താന്‍ അന്വേഷിക്കുന്നത് ശരിയല്ലന്നും ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ച് അദ്ദേഹം ജയില്‍ ഏ ഡി ജി പിയെ നേരില്‍ കണ്ടു.

തുടര്‍ന്നാണ് അന്വേഷണ ചുമതല ഐ ജി ഗോപകുമാറിന് കൈമാറിയത്. ജയിലുകളില്‍ വാര്‍ഷികം അടക്കമുള്ള കാര്യങ്ങളില്‍ അതിഥികളെ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം അതാത് ജയില്‍ സുപ്രണ്ടുമാര്‍ക്കാണ്. എന്നാല്‍ ഉത്തര മേഖലയിലെയും മധ്യമേഖലയിലെയും ജയിലുകളില്‍ അത് പാലിക്കപ്പെടുന്നുണ്ട്. ദക്ഷിണമേഖലയിലെ ജയിലുകളില്‍ അതിഥികളെ നിശ്ചയിക്കുന്നത് ഡി ഐ ജി യാണ് അതും സാഹിത്യ സാംസ്‌കാരിക രംഗത്തുള്ള വരെ പാടെ തള്ളി സീരിയല്‍ താരങ്ങളെ അദ്ദേഹം തന്നെ ക്ഷണിക്കുകയാണ് പതിവ്.

മുഖ്യമന്ത്രി പങ്കെടുത്ത ജയില്‍ വാര്‍ഡന്മാരുടെ പാസിങ് ഔട്ട് പരേഡിന് പോലും സീരിയല്‍ താരങ്ങളെ അണിയിച്ചൊരുക്കി എത്തിച്ചത് അന്ന് ഏറെ വിമര്‍ശനത്തിന് വഴി വെച്ചിരുന്നു.

പല സീരിയല്‍ താരങ്ങളും ഡി ഐ ജി യുടെ ഒദ്യോഗിക വസതിയില്‍ പോലും എത്താറുണ്ടന്നും ഈയിടെ സീരിയലിലെ സഹതാരങ്ങള്‍ക്കായി ഇദ്ദേഹം ജയില്‍ ആസ്ഥാനത്തിനടുത്തെ വസതിയില്‍ അത്താഴ വിരുന്നൊരുക്കിയത്് ജയില്‍ ജീവനക്കാര്‍ക്കിടയില്‍ പാട്ടാണ്. അതേസമയം വിവാദത്തില്‍പ്പെട്ട ഡി ഐ ജി പ്രദീപ് കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ പരോളിലും ജയില്‍ മാറ്റത്തിനും വരെ വഴി വിട്ടു സഹായിച്ചതായും ആരോപണം ഉണ്ട്.

വിയ്യൂര്‍ ജയിലിലായിരുന്ന ഷെറിനെ ഇദ്ദേഹത്തിന്റെ സമ്മര്‍ദ്ദം കൂടി കൊണ്ടാണ് അട്ടക്കുളങ്ങര ജയിലില്‍ എത്തിച്ചതെന്നാണ് ആക്ഷേപം. അട്ടക്കുളങ്ങര ജയിലില്‍വെച്ച് ജീവനക്കാരെ ഭീക്ഷണിപ്പെടുത്തിയതിനാണ് ഷെറിനെ വിയ്യൂരിലേക്ക് മാറ്റിയത്.