എകെ ശശീന്ദ്രനെതിരെ കോടതി സ്വമേധയാ കേസ് എടുത്തു

ഫോണ്‍കെണി വിവാദത്തില്‍ മുന്‍മന്ത്രി എകെ ശശീന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍കെണി വിവാദത്തില്‍ ഉള്‍പ്പെട്ട ചാനലിലെ ജീവനക്കാരിയും ഹണിട്രാപ്പില്‍ മന്ത്രിയോട് ഫോണില്‍ സംസാരിച്ചെന്ന് പറയപ്പെടുകയും ചെയ്യുന്ന യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്.

മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കോടതി ശശീന്ദ്രന് നോട്ടീസ് അയച്ചു. ഇനി ശശീന്ദ്രന്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കേണ്ടി വരും.

ഔദ്യോഗിക വസതിയില്‍ വച്ച് മന്ത്രി മോശമായി സംസാരിച്ചെന്നും ഫോണിലൂടെ നിരന്തരം ശല്യം ചെയ്തുവെന്നും ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നത്. പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴി ആദ്യഘട്ടത്തില്‍ മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു.

ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് എകെ ശശീന്ദ്രന്‍ രാജിവെക്കുകയും വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു പെണ്‍കുട്ടി മുന്‍മന്ത്രിക്കെതിരെ സിജെഎം കോടതിയില്‍ പരാതി നല്‍കിയത്.

ലൈംഗികാരോപണ വാര്‍ത്ത സ്വകാര്യ ചാനല്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. കേസില്‍ ചാനല്‍ മേധാവിക്കും ജീവനക്കാര്‍ക്കും എതിരെ ക്രൈംബ്രാഞ്ചും ഹൈടെക്ക് സെല്ലും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച ഫോണ്‍കെണി വിവാദത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കേസില്‍ അറസ്റ്റിലായ എല്ലാ പ്രതികള്‍ക്കും ഇതിനോടകം ജാമ്യം ലഭിച്ചിട്ടുണ്ട്.