ലോക വിശപ്പ് ദിനത്തില്‍ ട്രിവാന്‍ഡ്രം ഹോട്ടലില്‍ തെരുവില്‍ ഒറ്റപ്പെട്ട മനുഷ്യര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് സന്തോഷത്തില്‍ പങ്കുചേര്‍ന്ന് തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. അശ്വതി ജ്വാലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്വാല ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തെരുവ് വിരുന്നിലാണ് സബ് കളക്ടറും ശബരിനാഥന്‍ എംഎല്‍എയുടെ പ്രതിശ്രുത വധുവുമായ ഡോ. ദിവ്യ എസ് അയ്യറും പങ്കെടുത്തത്. ഭക്ഷണത്തിന് ശേഷം ആദ്യ വിവാഹ ക്ഷണക്കത്ത് തെരുവിലെ അനാഥര്‍ക്ക് നല്‍കി അനുഗ്രഹവും വാങ്ങിയാണ് സബ്കളക്ടര്‍ മടങ്ങിയത്.

തെരുവില്‍ അലയുന്ന അനാഥര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും മുടങ്ങാതെ എത്തിച്ചുകൊണ്ട് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയാണ് ജ്വാല ഫൗണ്ടേഷന്‍. നിരവധി സന്നദ്ധസംഘടന പ്രവര്‍ത്തനങ്ങളിലൂടെ ജ്വാലി ഫൗണ്ടേഷനും അതിന്റെ അമരക്കാരിയായ അശ്വതിയും പലപ്പോഴും വാര്‍ത്തകളുടെ ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്.തെരുവിന്റെ വിശപ്പുമാറ്റാന്‍ പൊതിച്ചോറുമായെത്തുന്ന അശ്വതി തിരുവനന്തപുരത്ത് സ്ഥിരം കാഴ്ചയായിരുന്നു.
 
            


























 
				



















