ബന്ധുനിയമനം: ജയരാജനെതിരായ കേസ് നിലില്‍ക്കില്ലെന്ന് വിജിലന്‍സ്

കൊച്ചി: ഇ.പി ജയരാജനെതിരായ ബന്ധുനിയമന വിവാദത്തില്‍ കേസ് നിലില്‍ക്കില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. പ്രതികള്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കിയതായി കണ്ടെത്താനായില്ലെന്ന് വിജിലന്‍സ്. കേസ് അഴിമതി നിരോധനനിയമത്തിന്റെ പരിധിയില്‍ വരില്ല എന്നതിനാലാണ് കേസ് നിലനില്‍ക്കാത്തതെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ വിശദീകരണം എഴുതി നല്‍കി.

കേസ് റദ്ദാക്കണമെന്ന ജയരാജന്റെ ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.

ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ കഴിഞ്ഞ ഒക്ടോബറിലാണ് ബന്ധുവായ സുധീർ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ എം.ഡിയായി നിയമിച്ചത്. വിവാദമായതോടെ നിയമനം സർക്കാർ റദ്ദാക്കിയെങ്കിലും ജയരാജനും സുധീർ നമ്പ്യാർക്കുമെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു.

നിയമനം റദ്ദാക്കിയ സാഹചര്യത്തിൽ ജയരാജനടക്കമുള്ളവർ എന്തു നേട്ടമാണ് ഉണ്ടാക്കിയതെന്ന് വ്യക്തമാക്കണമെന്നും എന്തടിസ്ഥാനത്തിലാണ് കേസെടുത്തതെന്നു വിശദീകരിക്കണമെന്നും ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോടു കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് കേസ് നിലനിൽക്കില്ലെന്ന വിശദീകരണം വിജിലൻസ് നൽകിയത്.

അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ആറുമാസം തടവോ പിഴയോ ശിക്ഷ കിട്ടാവുന്ന ഗൂഢാലോചനക്കുറ്റവും ചുമത്തി ജയരാജനെതിരെ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്തിരുന്നു. എന്നാൽ, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയരാജൻ നൽകിയ ഹർജിയിൽ എഫ്.ഐ.ആർ ഹൈക്കോടതി സ്‌റ്റേ ചെയ്തു. വ്യവസായ പുനഃസംഘടനാ ബോർഡ് (റിയാബ്) അഭിമുഖം നടത്തി തയ്യാറാക്കിയ 42 പേരുടെ പാനൽ വകവയ്ക്കാതെ അയോഗ്യരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചതായാണ് വിജിലൻസ് കണ്ടെത്തിയത്.

വ്യവസായവകുപ്പ് അഡി. ചീഫ് സെക്രട്ടറി പോൾ ആന്റണി ചെയർമാനായ ഇന്റർവ്യൂ ബോർഡാണ് 42 പേരുടെ അന്തിമപട്ടിക തയ്യാറാക്കിയത്. ഓരോരുത്തരുടെയും പ്രവർത്തനപരിചയം കണക്കിലെടുത്ത് 17 സ്ഥാപനങ്ങളിലേക്ക് രണ്ടു മുതൽ അഞ്ചുവരെയാളുകളുടെ പാനൽ നൽകി. ഈ പാനൽ മറികടന്ന് പത്തിടത്ത് മുൻ വ്യവസായ മന്ത്രി സ്വന്തം നിലയിൽ നിയമനങ്ങൾ നടത്തിയതായാണ് വിജിലൻസ് കണ്ടെത്തൽ.

ജയരാജന്റെ ഭാര്യാ സഹോദരിയും കണ്ണൂർ എം.പിയുമായ പി.കെ. ശ്രീമതിയുടെ മകൻ പി.കെ. സുധീർ നന്പ്യാരെ നിയമിച്ച കെ.എസ്.ഐ.ഇയിൽ ട്രാവൻകൂർ ടൈറ്റാനിയം എം.ഡിയായിരുന്ന ബി. ജ്യോതികുമാർ, മനേഷ് പ്രതാപ്‌ സിംഗ് എന്നിവരിലൊരാളെ എം.ഡിയാക്കാനാണ് റിയാബ് ശുപാർശ ചെയ്തത്. എന്നാൽ ജയരാജന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, നിയമനത്തിന് അപേക്ഷിക്കുകയോ അഭിമുഖത്തിൽ പങ്കെടുക്കുകയോ ചെയ്യാത്ത സുധീർ നന്പ്യാരെ കെ.എസ്.ഐ.ഇ എം.ഡിയാക്കി അഡി. ചീഫ് സെക്രട്ടറി പോൾ ആന്റണി ഉത്തരവിറക്കുകയായിരുന്നു. വിവാദമായപ്പോൾ നിയമനം റദ്ദാക്കുകയായിരുന്നു.