‘പെണ്‍കുട്ടികള്‍ രാഹുലിന് മുന്നില്‍ കുനിഞ്ഞ് നില്‍ക്കരുത്, അങ്ങേര് പെണ്ണൊന്നും കെട്ടിയിട്ടില്ല’: വിവാദ പ്രസ്താവനയുമായി ജോയ്സ് ജോര്‍ജ്

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകി മുന്നണികള്‍. ദേശീയ നേതാക്കളെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. ഇതിനിടെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ ഇടുക്കി മുന്‍ എംപിയും അഭിഭാഷകനുമായ ജോയ്സ് ജോര്‍ജിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കിടെയാണ് രാഹുലിനെ അധിക്ഷേപിക്കുന്ന പരാമര്‍ശമുണ്ടായത്.

പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്നാണ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെ ജോയിസ് ജോര്‍ജ് പറഞ്ഞത്. ‘പെണ്‍കുട്ടികളുള്ള കോളേജില്‍ മാത്രമേ രാഹുല്‍ പോകാറുള്ളൂ. വളഞ്ഞു നില്‍ക്കാനും നിവര്‍ന്നു നില്‍ക്കാനുമാണ് അദ്ദേഹം പഠിപ്പിക്കുന്നത്. എന്റെ പൊന്ന് മക്കളെ പെണ്ണൊന്നും കെട്ടിയിട്ടില്ലാത്ത രാഹുലിന്റെ മുന്നില്‍ വളയാനും കുനിയാനും ഒന്നും പോയേക്കല്ല്. ഇതൊക്കെയാണ് അദ്ദേഹത്തിന്റെ പരിപാടി. ഇതൊക്കെയായിട്ടാണ് ഇപ്പോള്‍ നടപ്പ്’ – എന്നുമായിരുന്നു ജോയ്സ് ജോര്‍ജിന്റെ വിവാദ പ്രസ്താവന.

ഇടുക്കിയിലെ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ എംഎം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ജോയ്സ് ജോര്‍ജ് വിവാദ പരാമര്‍ശം നടത്തിയത്. എംഎം മണിയടക്കമുള്ള നേതാക്കള്‍ വേദിയില്‍ ഇരുക്കുമ്പോഴാണ് രാഹുല്‍ ഗാന്ധിക്കെതിരെ മുന്‍ എംപി മോശം ഭാഷയില്‍ സംസാരിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രസംഗം ലൈവായി ജോയ്സ് ജോര്‍ജ് പങ്കുവച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി എറണാകുളം സെന്റ് തെരേസാസ് കോളേജിലെത്തി വിദ്യാര്‍ഥികളുമായി സംവദിച്ചിരുന്നു. ഇതിനിടെ ജാപ്പനീസ് ആയോധന കലയായ ഐക്കിഡോയുടെ അടിസ്ഥാന തത്വങ്ങള്‍ പറഞ്ഞ് തരുമോ എന്ന് ഒരു വിദ്യാര്‍ഥിനി രാഹുലിനോട് ചോദിച്ചിരുന്നു. ആവശ്യം സ്വീകരിച്ച രാഹുല്‍ വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ജോയ്സ് ജോര്‍ജ് രാഹുലിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്.

രാഹുല്‍ ഗാന്ധിക്കെതിരായ ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശത്തില്‍ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സംസ്ഥാന പോലീസ് മേധാവിക്ക് പരാതി കൈമാറുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. വിവാദ പ്രസ്താവനയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസും വ്യക്തമാക്കി. ജോയ്സ് മ്ലേച്ഛനാണെന്ന് അദ്ദേഹം തെളിയിച്ചു. അവനവന്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്തുവരുന്നതെന്നും ഡീന്‍ കുറ്റപ്പെടുത്തി.    രാഹുല്‍ ഗാന്ധിക്കെതിരായ അശ്ലീല പരാമര്‍ശം: മാപ്പ് പറഞ്ഞ് ജോയ്സ് ജോര്‍ജ്              കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി കോളേജ് വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദങ്ങളുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ അശ്ലീല പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഇടുക്കി മുൻ എംപി ജോയ്സ് ജോര്‍ജ്. പ്രസ്താവന പിൻവലിക്കുന്നതായും ജോയ്സ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ വെച്ചാണ് ജോയ്സ് രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയത്. രാഹുലിന് മുന്നില്‍ പെണ്‍കുട്ടികള്‍ കുനിഞ്ഞും വളഞ്ഞും നില്‍ക്കരുത്. അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നായിരുന്നു പരാമശം.

ജോയ്‌സിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പരാമശം നിര്‍ഭാഗ്യകരവും വേദനാജനവകവുമാണെന്ന് പറഞ്ഞ മുതിന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി കേരളത്തില്‍ നിന്നും അത്തരത്തിലൊരു പരാമശമുണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും ജോയ്‌സ് കേരളത്തിലെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

പരാമശം വിവാദമായതോടെ ജോയ്‌സ് ജോര്‍ജിനെ തിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് എല്‍ഡിഎഫ് രീതിയല്ലെന്നും രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് രാഹുലിന് എതിരെയുള്ളതെന്നും പ്രതികരിച്ചു.

ജോയ്‌സ് ജോര്‍ജ്ജിന്റെ വീട്ടിലേയ്ക്ക് ഇന്ന് ഉച്ചയ്ക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും.