കൊച്ചി മെട്രോ ഓടി തുടങ്ങി; ആദ്യ സർവീസിന് ആൾക്കൂട്ടം

കൊച്ചി: മെട്രോ ആദ്യ സർവീസ് ആരംഭിച്ചു.  ആയിരങ്ങളാണ് ആദ്യ സർവീസിൽ കയറാനെത്തിയത്. ആലുവയിൽനിന്ന് പാലാരിവട്ടത്തുനിന്നും രാവിലെ ആറിനുതന്നെ സർവീസ് ആരംഭിച്ചു. ഓരോ 10 മിനിറ്റിലും ട്രെയിനുണ്ട്. രാവിലെ ആറുമുതൽ വൈകിട്ട് 10 വരെ ഒരു ദിവസം 219 സർവീസാണ് മെട്രോ ട്രെയിൻ നടത്തുക.യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ രാവിലെ 5.45 മുതല്‍ കൊടുത്തു തുടങ്ങി. ആദ്യ യാത്രയായതിനാല്‍ ടിക്കറ്റ് എടുക്കാന്‍ എത്തിയവരുടെ നീണ്ട നിരയാണ് ആലുവയിലും പാലാരിവട്ടത്തും ഉണ്ടയത്.

ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശേരി, കൊച്ചിൻ യൂണിവേഴ്സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാർക്ക്, പാലാരിവട്ടം എന്നിവയാണു സ്റ്റേഷനുകൾ. സ്റ്റേഷനുകളിൽനിന്നു ടിക്കറ്റെടുത്തു മെട്രോയിൽ സഞ്ചരിക്കാം. മിനിമം യാത്രാനിരക്ക് 10 രൂപ. ആലുവയിൽനിന്നു പാലാരിവട്ടം വരെ 40 രൂപ. 25 മിനിറ്റുകൊണ്ട് ഓടിയെത്തും.ഒന്‍പതു മിനിറ്റിന്റെ ഇടവേളയിലാണ് ആദ്യ ദിവസങ്ങളില്‍ ട്രെയിനുകളുണ്ടാവുക. രാവിലെ ആറ് മണിമുതല്‍ രാത്രി 10 മണിവരെയാണ് സര്‍വീസുണ്ടാകുക. ദിവസം 219 ട്രിപ്പുകളാണ് ആസൂത്രണം ചെയ്യുന്നത്. രാത്രിയില്‍ സര്‍വീസ് ആലുവയിലാണ് അവസാനിക്കുക.

തിരക്ക് നിയന്ത്രിക്കാന്‍ മെട്രോയുടെ സുരക്ഷാസേനയും സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരുമെല്ലാമുണ്ടാകും. മെട്രോ സ്റ്റേഷനുകളിലെ പാര്‍ക്കിങ് സൗകര്യം യാത്രക്കാര്‍ക്ക് ഉപയോഗിക്കാം. മെട്രോ സ്റ്റേഷനുകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി.യുടെ ഫീഡര്‍ സര്‍വീസ് തിങ്കളാഴ്ച തുടങ്ങുമെന്നും കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.