ഉംറ സീസണ്‍ ശവ്വാല്‍ 15 വരെ ദീര്‍ഘിപ്പിക്കാന്‍ അനുമതി

മക്ക: ഈ വര്‍ഷം ഉംറ സീസണ്‍ ശവ്വാല്‍ 15 വരെ ദീര്‍ഘിപ്പിക്കാന്‍ ഹജ്, ഉംറ കാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എന്‍ജി. അബ്ദുല്‍ അസീസ് ബിന്‍ അസ്അദ് ദമന്‍ഹൂരി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മൂന്ന് ലക്ഷം ഉംറ വിസ ഈ സീസണില്‍ അധികം അനുവദിച്ചിട്ടുണ്ട്.

ഉംറ സീസണ്‍ ദീര്‍ഘിപ്പിക്കുന്നത് വിഷന്‍ 2030ന്റെ ഭാഗമായ ദേശീയ പരിവര്‍ത്തന പദ്ധതി 2020 വിഭാവന ചെയ്യുന്നുണ്ട്. മക്ക, മദീന നഗരികളുടെ സമഗ്ര വികസനത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ രൂപീകൃതമായ കമ്മിറ്റിയും ഉംറ സീസണ്‍ കാലയളവ് വര്‍ധിപ്പിക്കുന്നതിന് ശുപാര്‍ശ ചെയ്തിരുന്നു.

നേരത്തെ നിശ്ചയിച്ചത് പ്രകാരം റമദാന്‍ 15ന് തീരുമായിരുന്ന കാലാവധിയാണ് ഒരു മാസം കൂടി മന്ത്രാലയം വര്‍ധിച്ചത്. ഇക്കാര്യം വ്യക്തമാക്കി മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകള്‍ക്കും അംഗീകൃത ഉംറ സര്‍വീസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കത്ത് അയച്ചു. കാലാവധി നീട്ടിയതോടെ വിദേശ തീര്‍ഥാടകരുടെ എണ്ണം 70 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷ. പാക്കിസ്ഥാന്‍ (12, 58, 000), ഈജിപ്ത് (8,33,000) ഇന്തോനേഷ്യ (5,440,000) എന്നീ രാഷ്ട്രങ്ങളില്‍ നിന്നാണ് കൂടുതല്‍ തീര്‍ഥാടകര്‍ ഈ വര്‍ഷമെത്തിയത്.