ഇന്ത്യന്‍ മെഡല്‍വേട്ട; അനസിനും ചിത്രയ്ക്കും സ്വര്‍ണം

ഭുവനേശ്വര്‍: 22-ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്വര്‍ണ വേട്ട. രണ്ടാം ദിനമായ ഇന്നലെ മാത്രം നാല് സ്വര്‍ണമാണ് ഇന്ത്യയുടെ അക്കൗണ്ടിലെത്തിയത്.  മലയാളി താരങ്ങളായ പി യു ചിത്രയും അനസ് മുഹമ്മദും ഇന്ത്യന്‍ സ്വര്‍ണ ശേഖരത്തിന് കരുത്ത് പകര്‍ന്നു. ഇവര്‍ക്ക് പുറമെ വനിതകളുടെ 400 മീറ്ററില്‍ എസ് നിര്‍മല, പുരുഷന്‍മാരുടെ 1500 മീറ്ററില്‍ അജയ് കുമാര്‍ സരോജ എന്നിവരുടേതായിരുന്നു ഇന്ത്യയുടെ മറ്റു സ്വര്‍ണങ്ങള്‍.

400 ലും 1500 ലും ഇന്ത്യയുടേത് ഇരട്ട സ്വര്‍ണമായി. ഇന്ത്യന്‍ പുരുഷന്‍മാരും വനിതകളുമാണ് ഈ ഇനത്തില്‍ സ്വര്‍ണമണിഞ്ഞത്. പുരുഷന്‍മാരില്‍ വെള്ളിയും ഇന്ത്യയ്ക്കാണ്. രാജീവ് ആരോക്യയാണ് അനസിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

400 മീറ്ററില്‍ സ്വര്‍ണം നേടിയ മുഹമ്മദ് അനസിന്റെ ആഹ്ലാദം
400 മീറ്ററില്‍ സ്വര്‍ണം നേടിയ മുഹമ്മദ് അനസിന്റെ ആഹ്ലാദം

വനിതകളില്‍ ഇന്ത്യയുടെ മലയാളി താരം ജിസ്‌ന മാത്യു വെങ്കലം സ്വന്തമാക്കി. 52.01 സെക്കന്റോടെയായിരുന്നു നിര്‍മല ഇന്ത്യയ്ക്കായി സ്വര്‍ണത്തില്‍ മുത്തമിട്ടത്. അനസിന്റെ സമയം 45.77 സെക്കന്റും. രാജീവ് 46.14 സെക്കന്റോടെ മല്‍സരം പൂര്‍ത്തിയാക്കി.

ഇന്നലത്തെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നിര്‍മലയുടേതായിരുന്നു. പിന്നാലെ അനസിലൂടെ രണ്ടാം സ്വര്‍ണം. തുടര്‍ന്ന് ചിത്ര വക മൂന്നാമത്തേത്. ഒടുവില്‍ അജയ് കുമാര്‍ സരോജത്തിന്റെയും.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് ചിത്ര സ്വര്‍ണം നേടുന്നത്. സ്വര്‍ണ നേട്ടത്തോടൊപ്പം വനിതകളുടെ 1500 മീറ്റര്‍ ലോക ചാമ്പ്യന്‍ഷിപ്പിനും ചിത്ര അര്‍ഹയായി. ഇവിടെ സ്വര്‍ണം നേടുന്നവര്‍ ലോകചാമ്പ്യന്‍ഷിപ്പിന് നേരിട്ട് യോഗ്യത നേടും.

മീറ്റിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണം കിട്ടിയിരുന്നു. വനിതകളുടെ ഷോട്ട്പുട്ടില്‍ പഞ്ചാബ്കാരി മന്‍പ്രീത് കൗറും പുരുഷന്‍മാരുടെ 5000 മീറ്ററില്‍ തമിഴ്‌നാടില്‍ നിന്നുള്ള ജി ലക്ഷ്മണനുമാണ് ആദ്യ ദിനം ഇന്ത്യയുടെ അഭിമാന താരങ്ങളായത്. രണ്ട് സ്വര്‍ണമടക്കം ഏഴു മെഡലുകളാണ് ആദ്യ ദിനം ഇന്ത്യയുടെ അക്കൗണ്ടിലെത്തിയത്.