ഫിഫ അണ്ടര്‍-17 ലോകകപ്പ്: ബ്രസീലും സ്‌പെയിനും കൊച്ചിയില്‍ കളിക്കും

മുംബൈ: ചരിത്രത്തിലാദ്യമായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പിന്റെ പ്രാഥമിക ഗ്രൂപ്പ് റൗണ്ടും മല്‍സര ക്രമവും പ്രഖ്യാപിച്ചു. അമേരിക്ക, കൊളംബിയ, ഘാന എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. കരുത്തരായ അമേരിക്കയുമായാണ് ഇന്ത്യയുടെ ആദ്യ മല്‍സരം.

ഒക്‌ടോബര്‍ ആറിന് ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഇന്ത്യ- അമേരിക്ക ഉദ്ഘാടന പോരാട്ടം. ദക്ഷിണ അമേരിക്കന്‍ ടീം കൊളംബിയയുമായി ഒക്‌ടോബര്‍ ഒമ്പതിന് ഇന്ത്യ ഏറ്റുമുട്ടും. ആഫ്രിക്കന്‍ ശക്തികളായ ഘാനയെ അവസാന മല്‍സരത്തില്‍ ഒക്‌ടോബര്‍ 12 ന് വെല്ലുവിളിക്കും. രണ്ടു തവണ കിരീടം ഉയര്‍ത്തിയ ടീമാണ് ഘാന.

അതിനിടെ ലോകമെങ്ങുമുള്ള ആരാധകരുടെ ഇഷ്ട ടീമുകളായ ബ്രസീലും സ്‌പെയിനും കേരളത്തില്‍ കളിക്കാനെത്തും. ബ്രസീലും സ്‌പെയിനും ഉള്‍പ്പെട്ട ഗ്രൂപ്പ് ഡി മല്‍സരങ്ങള്‍ക്കാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്.

വടക്കന്‍ കൊറിയ, നൈജര്‍ എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഒക്‌ടോബര്‍ ഏഴിന് ബ്രസീലും സ്‌പെയിനും തമ്മിലുള്ള ആവേശപ്പോരാട്ടം കൊച്ചിയില്‍ നടക്കും. 10 നാണ് കൊച്ചിയില്‍ ബ്രസീലിന്റെ മറ്റൊരു മല്‍സരം. ഇംഗ്ലണ്ടും ചിലിയും മെക്‌സിക്കോയും ഇറാഖും ഉള്‍പ്പെടുന്ന എഫാണ് മരണ ഗ്രൂപ്പ്. 24 ടീമുകളെ നാല് വീതമുള്ള ആറു ഗ്രൂപ്പായി തിരിച്ചാണ് പ്രാഥമിക മല്‍സരങ്ങള്‍. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ സ്ഥാനത്തെത്തുന്ന രണ്ടു ടീമുകള്‍ പ്രീ ക്വാര്‍ട്ടറിലെത്തും. ഒപ്പം നാല് മികച്ച മൂന്നാം സ്ഥാനക്കാരും.

ഗ്രൂപ്പില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തുക ഇന്ത്യയെ സംബന്ധിച്ച് അതി കഠിനമാകും. ഘാനയും കൊളംബിയയുമാണ് ഇന്ത്യയ്ക്ക് ഏറ്റവുമധികം വെല്ലുവിളി ഉയര്‍ത്തുക. രണ്ടു തവണ അണ്ടര്‍-17 ലോക കിരീടം നേടിയ ടീമാണ് ഘാന. മെക്‌സിക്കോയാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു ടീം.

ഏറ്റവും കൂടുതല്‍ തവണ കിരീടം ഉയര്‍ത്തിയത് നൈജീരിയയാണ്, അഞ്ചു പ്രാവശ്യം. എന്നാല്‍ ഈ തവണ ലോകകപ്പിന് യോഗ്യത നേടാന്‍ നൈജീരിയയ്ക്കായില്ല. ബ്രസീലിന്റെ പേരില്‍ മൂന്നു കിരീടങ്ങളുണ്ട്. 2001 ലെ ജേതാക്കളാണ് ഫ്രാന്‍സ്. ഗ്രൂപ്പ് ഇയില്‍ ഹോണ്ടുറാസ്, ജപ്പാന്‍, ന്യൂ കാലിഡോണിയ എന്നിവര്‍ക്കൊപ്പമാണ് ഫ്രാന്‍സ്. ഗ്രൂപ്പ് സിയില്‍ ജര്‍മനിയും ഇറാനും ഗിനിയയും കോസ്റ്ററിക്കയും ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയാണ് പൊതുവെ ദുര്‍ബലര്‍. പരാഗ്വെ, മാലി, ന്യൂസിലന്‍ഡ്, തുര്‍ക്കി എന്നിവരാണ് ഗ്രൂപ്പ് ബിയില്‍.

മൂന്നാഴ്ച നീളുന്ന ടൂര്‍ണമെന്റിന് ഒക്‌ടോബര്‍ ആറിന് തുടക്കമാകും. ന്യൂഡല്‍ഹിയും കൊച്ചിയും അടക്കം ആറു നഗരങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 28 വരെ നീളുന്ന ടൂര്‍ണമെന്റില്‍ മുംബൈ, കൊല്‍ക്കത്ത, ഗുവാഹത്തി, ഗോവ എന്നിവയാണ് മറ്റു വേദികള്‍. ഫൈനല്‍ 28 ന് കൊല്‍ക്കത്ത സാള്‍ട്ട്‌ലെയ്ക്ക് സ്റ്റേഡിയത്തില്‍ നടക്കും. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ഫിഫ ടൂര്‍ണമെന്റില്‍ പന്തു തട്ടുന്നത്. ഇന്ത്യയ്ക്ക് പുറമെ നൈജര്‍, ന്യൂ കാലിഡോണിയ എന്നീ രാജ്യങ്ങളും ആദ്യമായാണ് ഫിഫ ടൂര്‍ണമെന്റില്‍ കളിക്കുന്നത്.
ഇന്നലെ വൈകിട്ട് ഏഴിനു മുംബൈയില്‍ നടന്ന വര്‍ണശബളമായ ചടങ്ങിലാണ് ഗ്രൂപ്പ് നിര്‍ണയം നടന്നത്. ലോക ഫുട്‌ബോള്‍ വേദിയിലെ ഇതിഹാസ താരങ്ങളായ അര്‍ജന്റീനയുടെ എസ്തബാന്‍ കാംബിയാസോയും നൈജീരിയയുടെ നുവാന്‍കോ കാനുവും ആയിരുന്നു നറുക്കെടുപ്പ് വേദിയിലെ മുഖ്യ ആകര്‍ഷണങ്ങള്‍. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു, ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി എന്നിവരും നറുക്കെടുപ്പില്‍ പങ്കെടുത്തു.

ഗ്രൂപ്പ് എ: ഇന്ത്യ, അമേരിക്ക, കൊളംബിയ, ഘാന. ഗ്രൂപ്പ് ബി: പരാഗ്വെ, മാലി, ന്യൂസിലന്‍ഡ്, തുര്‍ക്കി. ഗ്രൂപ്പ് സി: ഇറാന്‍, ഗിനിയ, ജര്‍മനി, കോസ്റ്ററിക്ക. ഗ്രൂപ്പ് ഡി: വടക്കന്‍ കൊറിയ, നൈജര്‍, ബ്രസീല്‍, സ്‌പെയിന്‍. ഗ്രൂപ്പ് ഇ: ഹോണ്ടുറാസ്, ജപ്പാന്‍, ന്യൂകാലിഡോണിയ, ഫ്രാന്‍സ്. ഗ്രൂപ്പ് എഫ്: ഇറാഖ്, മെക്‌സിക്കോ, ചിലി, ഇംഗ്ലണ്ട്.