പ്രഭാസിന്റെയും അനുഷ്‌കയുടെയും വിവാഹനിശ്ചയം ഡിസംബറില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്

തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ പ്രഭാസിന്റെയും അനുഷ്‌ക ഷെട്ടിയുടെയും വിവാഹ നിശ്ചയം ഡിസംബറിലെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. രണ്ടു പേരും പ്രണയത്തിലാണെന്നുള്ള ഗോസിപ്പിനു പിന്നാലെയാണ് ഡിസംബറോടെ വിവാഹം നിശ്ചയം നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.

ബാഹുബലി 2 റിലീസ് ചെയ്യുന്നതിനു മുന്‍പ് തന്നെ ഇവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ രണ്ടു പേരും നല്ല സുഹൃത്തുക്കളാണെന്നും വാര്‍ത്തകള്‍ തെറ്റാണെന്നുമുള്ള പ്രതികരണമാണ് ഇരുവരും നടത്തിയത്.

ബാഹുബലി 2 നുശേഷം ഹൈദരാബാദില്‍ സഹോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് പ്രഭാസ്. അനുഷ്‌ക ഷെട്ടിയും പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്. പുതിയ സിനിമയ്ക്കായ് അനുഷ്‌ക തടി കുറയ്ക്കുന്നു എന്ന വാര്‍ത്തകളാണ് സിനിമാലോകത്തുനിന്നും പുറത്തുവരുന്നത്.

2009 ല്‍ ബില്ല എന്ന ചിത്രത്തിലാണ് അനുഷ്‌കയും പ്രഭാസും ആദ്യമായി ഒരുമിച്ചത്. പിന്നീട് മിര്‍ച്ചി, ബാഹുബലി എന്നീ സിനിമകളിലും ഒരുമിച്ച് അഭിനയിച്ചു. ബാഹുബലിയാണ് പ്രഭാസ് അനുഷ്‌ക ജോടിയെ ആരാധകര്‍ക്കു മുന്നില്‍ പ്രസിദ്ധരാക്കിയത്. ഇതിനുശേഷമാണ് ഇവര്‍ ജീവിത്തിലും ഒരുമിക്കണം എന്ന ആവശ്യവുമായി ആരാധകര്‍ വന്നത്.

വ്യക്തിപരമായ കാര്യങ്ങള്‍ പരസ്യമാക്കുന്നതില്‍ തനിക്ക് താല്‍പ്പര്യം ഇല്ല എന്ന പ്രതികരണമാണ് പ്രഭാസ് ഇതിനോട് നടത്തിയത്. വിവാഹത്തിനെക്കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങള്‍ വേണ്ട. വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് എല്ലാവരെയും അറിയിച്ചുകൊണ്ടായിരിക്കുമെന്നും പ്രഭാസ് പറഞ്ഞു.