രാജിയിലുറച്ച് വീരേന്ദ്രകുമാര്‍; പാര്‍ട്ടിയില്‍ നിന്ന് നിതീഷ് കുമാര്‍ പുറത്താക്കിയാലും എം.പി സ്ഥാനം രാജിവെക്കും

കോഴിക്കോട് :രാജ്യസഭാ എം.പി സ്ഥാനം രാജിവെക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന്  ജനതാദള്‍ (യു)​ നേതാവ് വീരേന്ദ്രകുമാര്‍. തീരുമാനം ശരത് യാദവിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് നിതീഷ് കുമാര്‍ പുറത്താക്കിയാലും അംഗത്വം രാജിവെക്കും. മൂന്ന് ദിവസത്തിനകം ഡല്‍ഹിയിലെത്തി സ്ഥാനം രാജിവെക്കും. ഭാവി നിലപാട് ശരത് യാദവുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാര്‍ട്ടിയായി നിലനില്‍ക്കണമെന്നാണ് പൊതുവികാരം. ദേശീയ നേതാക്കളില്‍ പലര്‍ക്കും പ്രാദേശിക താല്‍പര്യങ്ങളാണുള്ളത്.നിതീഷ് കുമാറിന്റെ എംപിയായി തുടരില്ലെന്ന് വീരേന്ദ്രകുമാര്‍ നേരത്തെ അറിയിച്ചിരുന്നു. എംപി സ്ഥാനം എന്ന് രാജിവെക്കുമെന്നത് സാങ്കേതികം മാത്രമാണ്.  ബി.ജെ.പിയുമായി ശരത് യാദവ് അടുത്തതോടെ പാർട്ടിക്ക് അഖിലേന്ത്യാ തലത്തിലുണ്ടായ പ്രതിസന്ധി കേരളത്തിലും ഉണ്ടായി. രാജ്യസഭയിൽ അംഗമായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും എന്ന് രാജിവെക്കുമെന്നത് സാങ്കേതികം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജെ.ഡി.എസ് നേതാക്കളായ കൃഷ്ണൻകുട്ടി, സി.കെ നാണു എന്നിവരുമായി താൻ ഇക്കാര്യം ചർച്ച ചെയ്തു. മാത്യു. ടി. തോമസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഞങ്ങളുമായി യോജിച്ച് പ്രവർത്തിക്കാൻ അവർ തയ്യാറാണ്. എൽ.ഡി.എഫിലേക്ക് പോകുന്ന കാര്യം ഇതുവരെ ഞങ്ങളുടെ പാർട്ടി ചർച്ച ചെയ്തിട്ടില്ല. പാർട്ടിയുടെ സംസ്ഥാന സമിതി യോഗം ഉടനെ വിളിക്കും. പാർട്ടിക്കുണ്ടായ പ്രതിസന്ധിയായിരിക്കും യോഗത്തിലെ പ്രധാന അജണ്ടയെന്നും വീരേന്ദ്രകുമാർ പറഞ്ഞു.

ജെ.ഡി.എസുമായി ലയിക്കാനുള്ള തീരുമാനം പാർട്ടി എടുത്താൽ ഇടതുമുന്നണിയിലേക്കുള്ള പ്രവേശനവും സാധ്യമാകും. നേരത്തേ ഇടതു മുന്നണിയിലായിരുന്ന വീരേന്ദ്രകുമാർ വിഭാഗം 2014 ലോക്സഭാ ഇലക്ഷനിൽ കോഴിക്കോട് സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് എൽ.ഡി.എഫുമായി കലഹിച്ച് യു.ഡി.എഫിലേക്ക് എത്തിയത്.

എല്‍ഡിഎഫിലേക്ക് പോകാന്‍ വ്യക്തിപരമായി താല്‍പര്യമുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും തനിക്ക് വ്യക്തിപരമായി അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിണറായി വിജയനുമായി അടുത്തിടെ സംസാരിച്ചിരുന്നു. എന്നാല്‍, അത് സൗഹൃദസംഭാഷണം മാത്രമായിരുന്നുവെന്നും രാഷ്ട്രീയം സംസാരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫോ എല്‍ഡിഎഫോ എന്നതൊക്കെ എംപി സ്ഥാനം രാജിവെച്ച ശേഷം മാത്രമെ തീരുമാനിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.പുതിയ പാര്‍ട്ടി ഉണ്ടാക്കണോ, ഏതെങ്കിലും പാര്‍ട്ടിയുമായി ചേരണോ എന്ന കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എം.പിയായി തുടരാനില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ശരത് യാദവ് പക്ഷം ദുര്‍ബലമാണ്.പാര്‍ട്ടി നിതീഷിന്റെ കൈകളിലാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു.