സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് കിരീടം

തൃശ്ശൂര്‍: അമ്പത്തെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് കിരീടം.  തുടർച്ചയായ പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. പാലക്കാടും മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. അഞ്ചു ദിവസം നീണ്ട സ്കൂൾ കലോൽസവത്തിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിലൂടെയാണ് കോഴിക്കോടിന്റെ നേട്ടം. എല്ലാ മൽസരങ്ങളും അവസാനിച്ചപ്പോൾ 895 പോയിന്റാണ് കോഴിക്കോടു നേടിയത്. രണ്ടു പോയിന്റിന്റെ മാത്രം വ്യത്യാസത്തിൽ പാലക്കാടാണു രണ്ടാം സ്ഥാനത്ത്. 875 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനത്താണ്. അടുത്ത കലോൽസവത്തിന് ആലപ്പുഴ വേദിയാകും.

അറബിക് കലോൽസവത്തിൽ മലപ്പുറ(95)ത്തിനാണ് ഒന്നാം സ്ഥാനം. കാസർഗോഡ്‌, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകൾ 93 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. സംസ്കൃതോത്സവത്തിൽ കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തി. 95 പോയിന്റാണ് അവർ കരസ്ഥമാക്കിയത്. 91 പോയിന്റാടെ കണ്ണൂരും, പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 111 പോയിന്റോടെ ആലത്തൂർ ജിഇഎച്ച്എസ് സ്കൂളുകളിൽ ഒന്നാമതെത്തി.

നീർമാതളം മുതൽ കേരം വരെയുള്ള 24 വേദികളാണ് കലോൽസവത്തോടനുബന്ധിച്ച് തയ്യാറാക്കിയിരുന്നത്. ഇവയിൽ ഇരുപത് വേദികളിലേയും മൽസരങ്ങൾ ചൊവ്വാഴ്ച അവസാനിച്ചിരുന്നു. സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷനായിരുന്നു. ഇന്നസന്റ് എംപി, ശ്രീനിവാസൻ, കമൽ, സത്യൻ അന്തിക്കാട്, കലാമണ്ഡലം ക്ഷേമാവതി തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനത്തിന്റെ സാംസ്കാരിക തലസ്ഥാനത്തെ ആനന്ദപുളകിതമാക്കിയാണ് സ്കൂൾ കലോൽസവത്തിനു തിരശീല വീഴുന്നത്. അഞ്ചു ദിവസങ്ങളിലും നിറഞ്ഞ പങ്കാളിത്തമായിരുന്നു കാണികളുടെ ഭാഗത്തുനിന്നുണ്ടായത്. മൽസരങ്ങൾ പാതിരാ കഴിഞ്ഞപ്പോഴും തികഞ്ഞ പിന്തുണയുമായി തൃശൂർ ഒപ്പം നിന്നു.