ലോകത്തെ ഏറ്റവും വേഗമേറിയ കംപ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ ജപ്പാന്‍

-ആദി കേശവന്‍ –

ടെക്‌നോളജിയില്‍ ലോകത്തിന്റെ മുന്‍നിരയിലായിരുന്നു ജപ്പാന്റെ സീറ്റ്. എന്നാല്‍ എന്തുകൊണ്ടോ അടുത്ത കാലത്തായി ഈ രംഗത്ത് ജപ്പാന്‍ അല്‍പ്പം പിന്നില്‍ പോയിട്ടുണ്ട്. ലോകം മുഴുവന്‍ സ്മാര്‍ട് ഫോണുകളുടെയും ടാബ്ലറ്റ് കംപ്യൂട്ടറിന്റെയും പിന്നാലെ പോയപ്പോള്‍ അതിലൊന്നും ഒരു ജാപ്പനീസ് ബ്രാന്‍ഡ് പോലും കണ്ടില്ല. ഉണ്ടായിരുന്ന സോണിയടക്കമുള്ള ജാപ്പനീസ് ബ്രാന്‍ഡുകള്‍ക്കൊന്നും മുന്നേറാനും ആയില്ല. എഴുപതുകളിലും എണ്‍പതുകളിലും കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സില്‍ ലോകത്തെ മുടിചൂടാമന്നന്‍മാരായിരുന്ന സോണി ഇപ്പോള്‍ പരുങ്ങലിലാണ്. കംപ്യൂട്ടര്‍ ബിസിനസ് ഏതാണ്ട് അവസാനിപ്പിച്ചു കഴിഞ്ഞു സോണി.സ്മാര്‍ട് ഫോണ്‍ ബി സിനസ് ഏതു നിമിഷവും അടച്ചു പൂട്ടാമെന്ന അവസ്ഥയില്‍. ടെലിവിഷന്‍ വിഭാഗമാകട്ടെ കനത്ത നഷ്ടത്തില്‍ .ജപ്പാന്‍ ചീഞ്ഞപ്പോള്‍ വളമായത് ദക്ഷിണ കൊറിയയ്ക്കും ചൈനയ്ക്കുമാണ്. കംപ്യൂട്ടര്‍ ബിസിനസില്‍ ഇന്ന് മുന്‍ നിരക്കാര്‍ ഈ രാജ്യങ്ങളാണ്. ലോകത്തെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കംപ്യൂട്ടറുകള്‍ പലതും ഈ രാജ്യങ്ങളിലാണ് . എന്നാല്‍ ക്ഷതമേറ്റ ജാപ്പനീസ് അഭിമാനം ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള ശ്രമത്തിലാണ്. പരമ്പരാഗതമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിലും റോബോട്ടിക് സിലും തങ്ങള്‍ക്കുള്ള മേല്‍ക്കൈ തിരിച്ചുവരവിന് തുറുപ്പ് ചീട്ടാക്കാനാണ് ജപ്പാന്റെ നീക്കം. ഇതിനായി 130 പെറ്റാഫ്‌ലോപ്‌സ് ശേഷിയുള്ള കംപ്യൂട്ടര്‍ നിര്‍മ്മിക്കാനാണ് ജാപ്പ് എന്‍ജിനീയര്‍മാര്‍ പദ്ധതി ഇടുന്നത്. ചൈനയിലെ ഇപ്പോഴുള്ള ഏറ്റവും വേഗമേറിയ കംപ്യൂട്ടറന്റെ വേഗം 93 പെറ്റാഫ്‌ലോപ്‌സ് മാത്രമാണ്. ഏതായാലും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ പ്രത്യേക താല്‍പര്യം എടുക്കുന്നുണ്ട്. അസിമോ എന്ന ലോകപ്രസിദ്ധമായ ഹ്യൂമനോയിഡ് റോബോട്ടിനെ സൃഷ്ടിച്ച രാജ്യത്തിന് പുതിയ നീക്കത്തിലൂടെ വീണ്ടും ടെക്‌നോളജിയില്‍ ലോകത്തിന്റെ മുന്‍ നിരയിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്