അപ്പോള്‍ സ്മാളിന്റെ കാര്യമെങ്ങനെ ??

കഴിഞ്ഞവര്‍ഷം 11,500 കോടി രൂപയുടെ മദ്യമാണ് കേരളം കുടിച്ചു തീര്‍ത്തത്. കഴിക്കുന്നവരും കഴിക്കാത്തവരും എത്രയെന്ന് കണക്കില്ല. മദ്യപിക്കുന്ന മലയാളികളില്‍ എത്ര പ്രമേഹരോഗികളുണ്ടെന്ന് അതുകൊണ്ട് ആര്‍ക്കുമറിയില്ല. എങ്കിലും ആശങ്കാജനകമായ ഒരു കണക്കുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള സംസ്ഥാനമാണ് കേരളം. സ്വാഭാവികമായും സംശയിക്കാം, കേരളത്തിലെ പ്രമേഹരോഗികളും മദ്യപിക്കുന്നുണ്ട്.

ഇങ്ങനെയുള്ള സമൂഹത്തില്‍, ഏത് പ്രമേഹരോഗിയും പലപ്പോഴും നേരിടുന്ന ഒരു ചോദ്യമാണ്- ‘ഒന്നു കൂടുന്നോ ? നിങ്ങള്‍ പ്രമേഹരോഗിയാണ്. മദ്യം വച്ചു നീട്ടുന്ന സമൂഹം ചുറ്റിലുമുണ്ട്. പോട്ടെ, ആരുമില്ലെങ്കിലും ഒറ്റയ്ക്കിരിക്കുമ്പോള്‍ രണ്ടെണ്ണം അടിക്കണം. എന്തു ചെയ്യും ?

പ്രമേഹരോഗിക്ക് മദ്യപിക്കാം. പക്ഷേ അതിനു മുമ്പ് ചില നടപടിക്രമങ്ങളുണ്ട്. നിങ്ങളുടെ രോഗാവസ്ഥ, ശാരീരിക സ്ഥിതി, നിയന്ത്രണം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചു മാത്രമേ ഗ്ലാസ് കൈയിലെടുക്കാവൂ. ആദ്യ പെഗ്ഗിനു മുമ്പ് മൂന്നു ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം നല്‍കണം.

1. പ്രമേഹം നിയന്ത്രണവിധേയമാണോ ?

2. ഡോക്ടര്‍ അനുവാദം നല്‍കിയിട്ടുണ്ടോ ? (മദ്യം വഷളാക്കുന്ന രോഗങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടോ-ഉദാഹരണം : നാഡീരോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം)

3. മദ്യം നിങ്ങളെയും പ്രമേഹത്തെയും എങ്ങനെ സ്വാധീനിക്കുമെന്ന് അറിയാമോ ?

മൂന്നു ചോദ്യത്തിനും ശരിയെന്നാണ് ഉത്തരമെങ്കില്‍ വല്ലപ്പോഴും നിങ്ങള്‍ക്കും മദ്യപിക്കാം.

അമേരിക്കന്‍ ഡയബറ്റിക് അസോസിയേഷന്‍ ഇക്കാര്യത്തില്‍ കൃത്യമായ നിര്‍വചനം നല്‍കുന്നുണ്ട്. പ്രമേഹരോഗിക്ക് ദിവസവും രണ്ട് പെഗ്ഗടിക്കാം. പെണ്ണാണെങ്കില്‍ ഒന്നില്‍ നിര്‍ത്തണം. ഈ നിര്‍ദ്ദേശം പ്രമേഹമില്ലാത്തവര്‍ക്കും ബാധകമാണ്. വയറ്റിലെത്തുന്ന മദ്യം വളരെപ്പെട്ടെന്ന് രക്തത്തില്‍ കലരും. ദഹിക്കില്ല. ആദ്യ പെഗ്ഗടിച്ച് 5 മിനിറ്റിനുള്ളില്‍ മദ്യം രക്തത്തിലെത്തും. 30 മുതല്‍ 90 മിനിറ്റുകള്‍ക്കുള്ളില്‍ ഉയര്‍ന്ന അളവിലെത്തും.

കരളാണ് മദ്യത്തെ വിഘടിപ്പിക്കുന്നത്. പക്ഷേ ഇതിന് ആവശ്യത്തിന് സമയം വേണം. സാധാരണ ശരീര തൂക്കമുള്ള ഒരു വ്യക്തിയില്‍ ഒരു കുപ്പി ബിയര്‍ വിഘടിപ്പിക്കാന്‍ കരളിന് 2 മണിക്കൂര്‍ വേണം. വേഗത്തില്‍ മദ്യപിക്കുമ്പോള്‍ (നില്‍പ്പന്‍, കുപ്പിവിഴുങ്ങി കക്ഷികള്‍) ശരീരത്തിലെത്തുന്ന മദ്യം വിഘടിപ്പിക്കാന്‍ കരളിന് സമയം കിട്ടില്ല. അങ്ങനെ അധികമദ്യം രക്തത്തിലൂടെ തലച്ചോറിലെത്തുന്നു. ഇതാണ് മദ്യപാനി ‘കിക്ക്’ കിട്ടുന്ന സമയം. ഇന്‍സുലിന്‍, ഗുളികകള്‍ എന്നിവ ഉപയോഗിക്കുന്ന പ്രമേഹരോഗി മദ്യപിച്ചാല്‍ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കുറയാം. ഇതൊഴിവാക്കാന്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളൂ. വെറും വയറ്റില്‍ വെള്ളമടിക്കരുത്. ഭക്ഷണത്തിനോ ലഘുഭക്ഷണത്തിനോ ശേഷം മാത്രം കഴിക്കുക. മദ്യപിക്കുന്നതിനു മുമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിര്‍ണ്ണയിക്കണം. പഞ്ചസാര കുറവാണെങ്കില്‍ മദ്യപിക്കരുത്. സാധാരണഗതിയില്‍ രക്തത്തിലെ പഞ്ചസാര കുറയുമ്പോള്‍ ഉല്‍പ്പാദനം കരള്‍ ഏറ്റെടുക്കും. ശേഖരിച്ചിട്ടുള്ള കാര്‍ബോ ഹൈഡ്രേറ്റുകളെ കരള്‍ പഞ്ചസാരയാക്കും. ഇത് രക്തത്തില്‍ കലര്‍ത്തും. ഈ സമയത്ത് മദ്യം കൂടി രക്തത്തില്‍ കലരുമ്പോള്‍ കരളിന് പണി ഇരട്ടിക്കും.

മദ്യം ഒരു വിഷമാണ് (കരളിനെ സംബന്ധിച്ച്) ഏതു വിഷത്തെയും കൈകാര്യം ചെയ്യുന്ന പോലെ കരള്‍ പ്രതികരിക്കും. രക്തത്തില്‍ നിന്ന് മദ്യത്തെ വേര്‍തിരിക്കും. ഈ സമയത്ത് ശരീരത്തില്‍ പഞ്ചസാര കുറഞ്ഞാല്‍ കരള്‍ അത് ശ്രദ്ധിക്കില്ല. കാരണം മദ്യം വേര്‍തിരിക്കുകയെന്നതിലാണ് കരളിന്റെ ശ്രദ്ധ. മദ്യം വേര്‍തിരിച്ചു കഴിയുന്നതുവരെ പഞ്ചസാര നിര്‍മ്മാണത്തില്‍ നിന്ന് വിട്ടു നില്‍ക്കും. രക്തത്തിലെ പഞ്ചസാര വന്‍തോതില്‍ കുറയുകയാണ് ഫലം. പ്രമേഹരോഗി വെറും വയറ്റില്‍ രണ്ട് പെഗ്ഗടിച്ചാല്‍ ഈ സ്ഥിതിയിലെത്താം.

വെള്ളമടിക്കാം, പക്ഷേ ഡാന്‍സ് ചെയ്യരുത്. വെറുതെ പറയുന്നതല്ല. മദ്യം കഴിച്ച പ്രമേഹരോഗി ശരീരമിളക്കി നൃത്തം ചെയ്യുമ്പോള്‍ പഞ്ചസാര വന്‍തോതില്‍ കുറയാന്‍ സാധ്യതയുണ്ട്. നൃത്തം ഒരു വ്യായാമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ വേണ്ടിയാണ് പ്രമേഹരോഗി വ്യായാമം ചെയ്യുന്നത്. മദ്യപിക്കുമ്പോഴും പഞ്ചസാര കുറയാം. നൃത്തവും മദ്യവും ചേരുമ്പോള്‍ പഞ്ചസാര കുത്തനെ കുറയും. ഹൈപോഗ്ലൈസീമിയയാണ് ഫലം. രോഗി ബോധംകെടും.

വ്യായാമത്തിനു ശേഷം മദ്യപിക്കാമോ ?

പാടില്ല. വ്യായാമത്തിനു ശേഷം രണ്ടോ മൂന്നോ മണിക്കൂറുകളില്‍ ശരീരം വ്യായാമം ചെയ്യുമ്പോഴുണ്ടായ അവസ്ഥയില്‍ തന്നെയിരിക്കും. വ്യായാമസമയത്ത് ഉപയോഗിച്ച ഊര്‍ജ്ജം ശരീരം പേശികളില്‍ പുനഃസ്ഥാപിക്കുന്ന സമയമാണിത്. ഇതിനു വേണ്ടി രക്തത്തിലെ ഗ്ലൂക്കോസിനെ ഊര്‍ജ്ജമാക്കി വിഘടിപ്പിക്കുന്നു. അതുകൊണ്ടാണ് വ്യായാമവേളയിലും അതിനു ശേഷവും പഞ്ചസാരയുടെ അളവ് കുറയുന്നത്. ഈ സമയത്ത് മദ്യപിച്ചാല്‍ പഞ്ചസാര വീണ്ടും കുറയും.

ഇന്‍സുലിന്‍ എടുത്തിട്ട് പെഗ്ഗടിച്ചാലോ ?

പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നവയാണ് ഇതു രണ്ടും. ഇന്‍സുലിനും മരുന്നിനും ശേഷം ഭക്ഷണം കഴിച്ചില്ലെങ്കിലോ കരള്‍ രക്തത്തിലേക്ക് എത്തിച്ചില്ലെങ്കിലോ പഞ്ചസാരയുടെ അളവ് കുറയും. ഇന്‍സുലിനും മരുന്നിനും ശേഷം മദ്യപിക്കുമ്പോള്‍ കരള്‍ വിഘടിപ്പിക്കാന്‍ ശ്രമിക്കും. രക്തത്തിലേക്ക് പഞ്ചസാര എത്തിക്കുന്നത് നിര്‍ത്തും. മദ്യത്തില്‍ മാത്രമായിരിക്കും ശ്രദ്ധ. പഞ്ചസാര വീണ്ടും കുറയും. ഹൈപോഗ്ലൈസീമിയയുണ്ടാകും.

മദ്യപിക്കുമ്പോള്‍ പഞ്ചസാര കുറയാനുള്ള സാധ്യത ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് കുറവാണ്. ഇവര്‍ ഭക്ഷണനിയന്ത്രണം, വ്യായാമം എന്നിവ വഴി പഞ്ചസാരയും പ്രമേഹവും നിയന്ത്രിക്കുന്നവരായതു കൊണ്ടാണ് ഈ സാഹചര്യം.

മദ്യം അധികമായാല്‍

കരള്‍ തകരാറിലാകും. രക്തത്തിലേക്ക് പഞ്ചസാര എത്തിക്കാനുള്ള കഴിവ് നഷ്ടപ്പെടും. പ്രമേഹം ഗുരുതരമാകും. മദ്യം അമിതമാകുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പ്രമേഹരോഗിയില്‍ കൂടുതലായിരിക്കും.

ആശയക്കുഴപ്പം, നാക്കു കുഴ്ചില്‍ എന്നിവയാണ് മദ്യം അധികമാകുമ്പോള്‍ ഉണ്ടാകുന്ന പ്രാഥമിക പ്രശ്‌നങ്ങള്‍. രക്തത്തില്‍ പഞ്ചസാര കുറയുമ്പോഴും ഇന്‍സുലിന്‍ കുറയുമ്പോഴും ഇതേ ലക്ഷണങ്ങളുണ്ടാകും. ഇതിനാല്‍ മദ്യപിച്ച പ്രമേഹരോഗിയില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ എന്താണ് കാരണമെന്ന് തിരിച്ചറിയുക പ്രയാസമാണ്. രക്തപരിശോധന ഉടന്‍ നടത്തണം.

പഞ്ചസാര അമിതമായി കുറഞ്ഞാല്‍ പ്രമേഹരോഗികള്‍ക്ക് ഗ്ലൂക്കാഗോണ്‍ കുത്തിവെയ്പാണ് അടിയന്തിര ചികിത്സ. എന്നാല്‍ മദ്യപിച്ച പ്രമേഹരോഗിയില്‍ ഇത് ഫലം ചെയ്യില്ല. കരളില്‍ നിന്നുള്ള പഞ്ചസാര ഉല്‍പ്പാദനം കൂട്ടാനാണ് ഗ്ലൂക്കഗോണ്‍ സഹായിക്കുന്നത്. മദ്യപിച്ച രോഗിയില്‍ പഞ്ചസാര ഉല്‍പ്പാദനം കരള്‍ നിര്‍ത്തിവച്ചിട്ടുണ്ടാകും. മദ്യത്തിന്റെ വിഘടനം പൂര്‍ത്തിയാകുന്നതുവരെ കരള്‍, പഞ്ചസാര ഉല്‍പ്പാദനം തുടങ്ങില്ല – ഗ്ലൂക്കഗോണ്‍ കുത്തിവെച്ചാല്‍ പോലും. കാര്‍ബോഹൈഡ്രേറ്റിനെ ശരീരത്തിലെത്തിക്കുക മാത്രമാണ് ഏക ചികിത്സ. ഗ്ലൂക്കോസ് കഴിച്ചോ, ഗുളികകള്‍ ഉപയോഗിച്ചോ ജെല്‍ പുരട്ടിയോ നോക്കാം. അല്ലെങ്കില്‍ ഗ്ലൂക്കോസ് നേരിട്ട് രക്തത്തിലേക്ക് കുത്തിവെയ്ക്കണം. ഇതിന് ഡോക്ടറുടെ സഹായം തേടണം.

മദ്യവും ശരീരഭാരവും

രണ്ടു പെഗ്ഗടിക്കുന്നത് പ്രമേഹരോഗിയ്ക്ക് ഭീഷണിയല്ലെങ്കിലും മറ്റൊരു പ്രശ്‌നമുണ്ട്. തൂക്കം കുറയ്ക്കാന്‍ പരിശ്രമിക്കുന്ന രോഗിയാണെങ്കില്‍ ശ്രദ്ധിക്കണം. കലോറി കൂടിയ മദ്യങ്ങളുപയോഗിക്കുന്നത് ശരീരഭാരം കൂട്ടാനിടയാക്കും. രണ്ടു ബീയറില്‍ 200 കലോറി ഊര്‍ജ്ജമാണ് അടങ്ങിയിരിക്കുന്നത്. ഇതോടൊപ്പമുള്ള ആഹാരം നിയന്ത്രിച്ചില്ലെങ്കില്‍ കലോറി വീണ്ടും കൂടും.

എന്നാല്‍ ബിയറില്ലാത്ത മദ്യങ്ങളുടെ കാര്യം തിരിച്ചാണ് ആല്‍ക്കഹോള്‍ കൂടുതലുള്ള മദ്യങ്ങളില്‍ കലോറിയില്ല, പോഷകഘടങ്ങളൊന്നുമില്ല. നിങ്ങള്‍ക്ക് കുറഞ്ഞ കലോറി ഡയറ്റാണുള്ളതെങ്കില്‍ മദ്യം ഒഴിവാക്കുന്നതാണ് ബുദ്ധി.

എല്ലാത്തരം മദ്യങ്ങളും പ്രമേഹരോഗിക്ക് ചേരില്ല. ആല്‍ക്കഹോള്‍ അംശം കുറഞ്ഞതും പഞ്ചസാര കുറഞ്ഞതുമായ മദ്യം തെരഞ്ഞെടുക്കുക, മദ്യത്തില്‍ ചേര്‍ക്കുന്ന അനുസാരികള്‍(ക്ലബ് സോഡ- ശീതളപാനീയങ്ങള്‍) ചേര്‍ന്ന സാധനങ്ങള്‍ പഞ്ചസാര കുറഞ്ഞവയായിരിക്കണം.

ലൈറ്റ് ബീയറും ഡ്രൈ വൈനുകളും നല്ല ചോയിസാണ്. ആല്‍ക്കഹോള്‍, കലോറി, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ഇവയില്‍ കുറഞ്ഞിരിക്കും.

മദ്യം കഴിക്കാന്‍ പാടില്ലാത്തവര്‍

ചില പ്രമേഹരോഗികള്‍ മദ്യം പൂര്‍ണ്ണമായും ഒഴിവാക്കണം. മദ്യം കഴിച്ചാല്‍ വഷളാകുന്ന അനുബന്ധ പ്രശ്‌നങ്ങള്‍ ഉള്ളവരാണ് ഇക്കൂട്ടര്‍. കൈകളിലും കാലുകളിലും നാഡീ പ്രശ്‌നങ്ങളുള്ളവര്‍ മദ്യം കഴിച്ചാല്‍ നാഡീ തകരാര്‍ വര്‍ദ്ധിക്കും. ആല്‍ക്കഹോള്‍ നാഡികളെ ബാധിക്കുന്ന വിഷമാണ്. ആല്‍ക്കഹോള്‍ നാഡികളെ ബാധിക്കുന്ന വിഷമാണ്. നാഡീ തകരാറുമായി ബന്ധപ്പെട്ട വേദന, പൊള്ളല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മദ്യം വഷളാക്കും. ഇത്തരക്കാരില്‍ വല്ലപ്പോഴും ഒരല്പം കഴിച്ചാല്‍ പോലും നാഡീ തകരാര്‍ ഉണ്ടാകാം. അമിത മദ്യപാനം(മൂന്നോ അതില്‍ കൂടുതലോ പെഗ്ഗ് ദിവസവും) നേത്രരോഗം വഷളാക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദ സാധ്യത കൂട്ടും. മദ്യം നിര്‍ത്തിയാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാം. പല പ്രമേഹരോഗികളിലും രക്തത്തിലെ കൊഴുപ്പിന്റെ അളവ് (ട്രൈ ഗ്ലിസറൈഡ്) കൂടുതലായിരിക്കും. അങ്ങനെയുള്ളവര്‍ മദ്യപിക്കരുത്. രക്തത്തില്‍ നിന്ന്  കൊഴുപ്പിനെ വിഘടിപ്പിക്കുന്ന കരളിന്റെ പ്രവര്‍ത്തനം മദ്യം തകരാറിലാക്കും. ഒപ്പം ട്രൈ ഗ്ലിസറൈഡ് കൂടുതലായി ഉല്‍പ്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കും. ലഘു മദ്യപാനം പോലും ട്രൈ ഗ്ലിസറൈഡ് അളവ് ഉയര്‍ത്തും.