അഹല്യാമോചനം

മഹിഷാസുരൻ

ഗൗതമൻ അഹല്യയെ ശപിച്ചുശിലയാക്കുകയും, ശ്രീരാമൻ അവളെ പാദസ്പർശനത്താൽ തിരികെ മനുഷ്യസ്ത്രീയുമാക്കിയോ?

ഇല്ല എന്നതാണു ശരി. തുളസീദാസ് രാമചരിതമാനസത്തിലാണീ നിറംപിടിപ്പിച്ച നുണക്കഥ ചേർത്തത്. പിന്നീടു പലരും ആകഥ ഏറ്റുപാടി, കഥകളും, കവിതകളും, ഗാനങ്ങളും പിറന്നു.

വാല്മീകി രാമായണപ്രകാരം അഹല്യയെ, ചെയ്ത അപഥസഞ്ചാരത്തിനു പരിഹാരമായി, ശുദ്ധീകരണപ്രക്രിയയായി ഗൗതമൻ വിധിച്ച ഏകാന്തതപസ്സിനു നിർബന്ധിതയാക്കി. പ്രകൃതിയിലെ ഒരു ശില പോലെ, വെയിലും, മഴയും, കാറ്റും, മഞ്ഞും എല്ലാംകൊണ്ട് ആഹാരമില്ലാതെ , വായുമാത്രം അകത്തേയ്ക്കും പുറത്തേയ്ക്കും എടുത്ത് കഴിയുക.

വാല്മീകി ഇതിനെപ്പറ്റി പറയുന്നത്

“തഥാ ശപ്ത്വാ സ വൈ ശക്രമഹല്യാമപി ശപ്തവാൻ
ഇഹ വർഷസഹസ്രാണി ബഹൂനി ത്വം നിവത്സ്യസി.
വായുഭക്ഷാ നിരാഹാരാ തപ്യന്തീ ഭസ്മശായിനീ
അദൃശ്യാ സര്വഭൂതാനാം ആശ്രമേസ്മിന്നിവത്സ്യസി”

എന്നാണ്, വായുഭക്ഷിച്ച്, നിരാഹാരം, തപസ്സനുഷ്ടിക്കണം, അതായത് അഹല്യയെ ശിലയൊന്നും ആക്കിയില്ല, ജീവിതം ശിലപോലെയാക്കി. ശ്രീരാമൻ വന്ന് ആ കാരാഗൃഹവാതിൽ ചവുട്ടിത്തുറന്ന് അവളെ മോചിപ്പിക്കുംവരെ, അവളെ സ്വീകരിക്കാൻ ഗൗതമനെ നിർബ്ബന്ധിതനാക്കുംവരെ…

ഈ തപസ്സിനെപ്പറ്റി വാല്മീകി അധികം പറയുന്നില്ല, എന്നാൽ കാളിദാസൻ കുമാരസംഭവത്തിൽ ശിവപത്നിയാകുവാൻ വേണ്ടി തപസ്സനുഷ്ടിക്കുന്ന പാർവ്വതിയുടെ ഇത്തരം തപസ്സ് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഹിമാലയത്തിലെ ഗിരിവർഗ്ഗരാജാവിൻ്റെ കൊട്ടാരത്തിൽ നന്നായി ആഹാരം കഴിച്ചുകഴിഞ്ഞ ഗൗരി നേരേവന്നങ്ങ് പട്ടിണികിടക്കുകയല്ല ചെയ്തത്. ആദ്യം ധാന്യാഹാരം രണ്ടുനേരമാക്കി, ഒരുനേരമാക്കി, ഫലമൂലാദികൾ മാത്രമാക്കി, അതിൻ്റെ അളവുകുറച്ച് പാനീയങ്ങളാക്കി, പിന്നീട് ജലം മാത്രമാക്കി, അത് ഒരുനേരമാക്കി, പിന്നെ അതും ഇല്ലാതെ പൂർണ്ണനിരാഹാരമായി, വായുമാത്രം ഭക്ഷിച്ച്… അപ്പോഴത്തേയ്ക്ക് ശരീരം അതിനു പാകമായി! അഹല്യക്കും അതുതന്നെയാണു വിധിച്ചത്, വളരെക്കാലം തപസ്സനുഷ്ടിക്കുവാൻ ഇതാണുരീതി.

രാമായണത്തിൽ ഈക്കാര്യം വീണ്ടും വരുന്നത്, ഗംഗാനദി കടക്കാൻ ഒരുവഞ്ചിക്കായി ഗുഹനെ ഏർപ്പെടുത്തുമ്പോഴാണ്, വാല്മീകി കേവടിനെപ്പറ്റി ഒന്നുംപറയുന്നില്ല, ഗുഹൻ ഒരുവഞ്ചിയും തുഴച്ചിൽക്കാരനേയും സംഘടിപ്പിച്ച് കൊടുക്കുന്നു, അത്രതന്നെ. എന്നാൽ രാമചരിതമാനസം പോലെയുള്ളവയിൽ കേവടെന്ന വഞ്ചിക്കാരൻ ഗുഹനോട് തർക്കിക്കുന്നു. കേവടസംവാദം എന്നപേരിൽ ശ്രീരാമനോട് കേവട് നേരിട്ടുനടത്തുന്ന സംഭാഷണവും ചിലരാമായണങ്ങളിലുണ്ട്.

“ഈ ശ്രീരാമൻ മുമ്പ് ഒരു ശിലയെ തൻ്റെ പാദധൂളികളാൽ സ്ത്രീയാക്കിയതായി ഞാൻ കേട്ടിട്ടുണ്ട്, അതിനാൽ എൻ്റെ വഞ്ചിയിൽ കാലുവച്ചാൽ ആ വഞ്ചിയും സ്ത്രീയായി മാറുമോ? അങ്ങനെയെങ്കിൽ എൻ്റെ കഞ്ഞികുടിമുട്ടും. അതിനാൽ ഞാൻ അദ്ദേഹത്തിൻ്റെ കാലുകഴുകി, പൊടിയില്ല എന്നുറപ്പുവരുത്തിയേ എൻ്റെ വള്ളത്തിൽ കയറ്റൂ..” എന്നയാൾ ഉറപ്പിച്ചു പറഞ്ഞു.

കാലുകഴുകാൻ കരുണയോടെ ഇരുന്നുകൊടുത്ത ശ്രീരാമനെ തുളസീദാസ്സ് വിവരിച്ചപ്പോൾ, മറ്റു ചില രാമായണങ്ങളിലെ കേവടസംവാദത്തിൽ രാമൻ ചിരിച്ചുകൊണ്ടു സത്യം പറയുന്നു.

“എൻ്റെ മാതാവിനേക്കാൾ പ്രായമുള്ള ആ സ്ത്രീയെ ഞാൻ ചവുട്ടുകയോ, ശിലയിൽ നിന്നും പുനർജ്ജീവിപ്പിച്ചു മനുഷ്യസ്ത്രീയാക്കുകയോ ചെയ്തില്ല. അവർ ജീവിച്ചുവന്ന രീതിയിൽ കാതലായ മാറ്റം വരുത്തുക മാത്രമാണു ഞാൻ ചെയ്തത്. എങ്കിലും നിൻ്റെ വിശ്വാസം അതാണെങ്കിൽ ഇതാ എൻ്റെ പാദം കഴുകിക്കൊള്ളൂ, അതുകഴിഞ്ഞേ ഞാൻ വഞ്ചിയിലേറുന്നുള്ളൂ..”

വെറുതേ ഒരു ബോധോദയത്തിനു മഹർഷി വിശ്വാമിത്രൻ രാമലക്ഷ്മണന്മാരെ കൂട്ടി ഗൗതമാശ്രമത്തിൽ പോയതല്ല, കൃത്യമായ രാജ്യതന്ത്രം അതിൻ്റെ പിന്നിലുണ്ട്. അഹല്യയുടെ മകൻ ശതാനന്ദൻ ആണു ജനകമാഹാരാജാവിൻ്റെ മുഖ്യപുരോഹിതൻ, അവൻ്റെ ഏറ്റവും വലിയ ദുഃഖമാണ് അമ്മയുടെ കാരാഗ്രഹവാസം, അത് ഒഴിവാക്കി അഹല്യയെ രക്ഷിച്ചാൽ, മിഥിലയിലെത്തുമ്പോൾ ജാനകീസ്വയംവരത്തിൽ അതിനുള്ള പ്രത്യുപകാരമുണ്ടാകും. പിന്നെ രാക്ഷസന്മാരെ വധിച്ച് യാഗരക്ഷ നടത്തിയ രാമനോട് മുട്ടിനിൽക്കാൻ ഗൗതമൻ തയ്യാറാകില്ലെന്നും, മറ്റു ഋഷികൾ കൂടി പറയുമ്പോൾ അഹല്യയുടെ തപസ്സുമുടക്കിയതും, അവളോടുതന്നേയും ക്ഷമിച്ച് ഭാര്യയായി സ്വീകരിക്കുമെന്നും വിശ്വാമിത്രൻ കണക്കുകൂട്ടി.

മിഥിലയിൽ എത്തിയ ഗാഥിസുതനും, രാമലക്ഷ്മണന്മാരും നേരേ കൊട്ടാരത്തിൽച്ചെന്ന് ജനകനെ കാണുകയല്ല ചെയ്തത്, അവർ ശതാനന്ദൻ്റെ അതിഥികളായി അദ്ദേഹത്തിൻ്റെ ഗൃഹത്തിലാണുതാമസിച്ചത്. വ്യത്യസ്തമായ സാന്ദ്രതയുള്ള ലോഹം ഒരുകിയൊഴിച്ച് സംതുലിതാവസ്ഥ തെറ്റിച്ച ആ വില്ല് കുലക്കുകയോ, ലക്ഷ്യം ഭേദിക്കുകയോ അസാദ്ധ്യമാണെന്നും, കുലയ്ക്കാൻ കഴിയാത്ത ആ വില്ല് കുത്തിയൊടിക്കാനും ബുദ്ധി രാമനുപദേശിച്ചതും, വില്ലൊടിഞ്ഞുകഴിഞ്ഞ് സ്വയംവരത്തിനുള്ള വ്യവസ്ഥ പൂർത്തിയായെന്ന് രാജാവിനെ പറഞ്ഞുസമ്മതിപ്പിച്ച് വിവാഹംനടത്തി കോസലത്തിൻ്റെ ബന്ധുബലം വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചതും ശതാനന്ദനാണ്.

“ഗൗതമൻ അഹല്യയെ ശിലപോലെയാക്കി
ശ്രീരാമൻ അവളെയോ പൂപോലെയാക്കി”

അത്രയേ സംഭവിച്ചുള്ളൂ.. അത്രമാത്രം!