ഇന്ത്യക്കിനി ഭീകര ക്യാംപുകള്‍ ആക്രമിക്കാന്‍ എളുപ്പം

സ്വയം കെണി ഒരുക്കിയ അവസ്ഥയിലാണിപ്പോള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 40,000 തീവ്രവാദികള്‍ പാക്കിസ്ഥാനിലുണ്ടെന്ന ഇമ്രാന്‍ ഖാന്റെ പ്രസ്താവനയാണ് തിരിച്ചടിച്ചിരിക്കുന്നത്.പാക്കിസ്ഥാന്‍ ഭീകരരുടെ ഒളിതാവളമാണെന്ന ഇന്ത്യന്‍ നിലപാടാണ് ഇതോടെ ഇമ്രാന്‍ ഖാന്‍ അംഗീകരിച്ചിരിക്കുന്നത്. തീവ്രവാദികള്‍ക്കെതിരെ മുന്‍പ് ഭരിച്ച സര്‍ക്കാരുകളാണ് നടപടികള്‍ സ്വീകരിക്കാതെയിരുന്നതെന്നാണ് പാക്ക് പ്രധാനമന്ത്രിയുടെ പുതിയ വാദം.തന്റെ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം തീവ്രവാദികളെ നിരായുധീകരിക്കാന്‍ നടപടി ആരംഭിച്ചതായും ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടിട്ടുണ്ട്.

അമേരിക്കന്‍ സന്ദര്‍ശനവേളയിലാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയിരുന്നത്. സാമ്പത്തിക കടക്കെണിയില്‍പ്പെട്ട് പാക്കിസ്ഥാന്‍ പ്രതിസന്ധിയിലായ സാഹചര്യത്തിലുള്ള തന്ത്രപരമായ നീക്കമായിരുന്നു ഇത്. അമേരിക്കയില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കാന്‍ ഇത്തരമൊരു പ്രതികരണം അനിവാര്യവുമായിരുന്നു.

എന്നാല്‍ പാക്ക് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന ചൈനയെയാണ് ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്. പാക്കിസ്ഥാന്റെ അടുത്ത സുഹൃത്തായ ചൈനക്ക് ഇമ്രാന്‍ ഖാന്റെ പ്രസ്താവന ഒട്ടും ദഹിച്ചിട്ടില്ല.

ഭീകരര്‍ വാഴുന്ന ഒരു രാജ്യത്തിന് സഹായം നല്‍കാന്‍ ചൈനക്കും ഇനി പരിമിതി ഉണ്ടാകും. ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായ ചൈന ഭീകരരെ പ്രോത്സാഹിപ്പിക്കുന്നു എന്ന ഇമേജ് സൃഷ്ടിക്കാന്‍ നിലവില്‍ താല്‍പ്പര്യപ്പെടുന്നില്ല.

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ പലവട്ടം എതിര്‍ത്തത് പ്രതിച്ഛായ നഷ്ടം ഉണ്ടാക്കിയതായാണ് ചൈനീസ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

ലോകം ഒന്നാകെ ഭീകരതക്കെതിരെ ഒന്നിക്കുമ്പോള്‍ ചൈന കര്‍ക്കശ നിലപാട് സ്വീകരിക്കാതിരുന്നത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേ തുടര്‍ന്നാണ് പിന്നീട് മസൂദ് അസ്ഹറിനെതിരായ നിലപാട് ഐക്യരാഷ്ട്ര സഭയില്‍ ചൈനയും സ്വീകരിച്ചിരുന്നത്.

ഇപ്പോള്‍ 40,000 തീവ്രവാദികള്‍ പാക്കിസ്ഥാനിലുണ്ടെന്ന് പാക്ക് പ്രധാനമന്ത്രി തന്നെ തുറന്ന് സമ്മതിച്ചത് ഇന്ത്യക്ക് ഗുണമാകുമെന്നാണ് ചൈന വിലയിരുത്തുന്നത്.

പാക്ക് അധീന കശ്മീര്‍ കൈവശപ്പെടുത്താനുള്ള ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് ഇനി വേഗതയേറുമെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. പാക്കിസ്ഥാന് അമേരിക്ക സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നതോടെ ചൈനയും പിന്നോട്ടടിക്കും. ഇത് ആത്യന്തികമായി ഇന്ത്യക്കാണ് ഗുണം ചെയ്യുക.

അന്താരാഷ്ട്ര തലത്തില്‍ ഒരു ഭീകര രാഷ്ട്രമാണ് പാക്കിസ്ഥാനെന്ന ഇമേജ് സൃഷ്ടിക്കാന്‍ ഇമ്രാന്‍ ഖാന്റെ പ്രസ്താവന ഇതിനകം തന്നെ കാരണമായി കഴിഞ്ഞിട്ടുണ്ട്. ഭീകരവിരുദ്ധ പോരാട്ടത്തിന് അമേരിക്കയുടെ പിന്തുണ തേടിയ ഇമ്രാന് എതിരെ പാക്ക് സൈന്യത്തിലും പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ചാര സംഘടനയായ ഐ.എസ്.ഐ തലപ്പത്താണ് വലിയ പ്രതിഷേധം രൂപപ്പെട്ടിരിക്കുന്നത്.

സൈന്യം അവരോധിച്ച പാവ സര്‍ക്കാരാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ എന്നതിനാല്‍ ഈ പ്രതിഷേധം ഇമ്രാന്‍ ഖാന് നിലനില്‍പ്പിന് തന്നെ വലിയ വെല്ലുവിളിയാകും. അതേസമയം സൈന്യത്തിലെ പ്രധാനികളുടെ കൂടി അനുമതി വാങ്ങിയാണ് ഇമ്രാന്‍ ഖാന്‍ പ്രതികരണം നടത്തിയതെന്ന വാദവും ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്.

ഇമ്രാന്‍ ഖാന്‍ പറഞ്ഞ 40,000 തീവ്രവാദികള്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കും എന്ന് ലോകത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയാണ് ഇതോടെ പാക്കിസ്ഥാന് മേല്‍ വന്നിരിക്കുന്നത്.

ഐ.എസ്.ഐയും പാക്ക് സൈന്യവുമാണ് തീവ്രവാദികളെ റിക്കൂട്ട് ചെയ്യുന്നത് എന്നതിനാല്‍ ശരിക്കും വെട്ടിലായത് സൈനീക നേതൃത്വമാണ്.

ഇന്ത്യക്ക് അതിര്‍ത്തി കടന്ന് വീണ്ടും ഭീകരതാവളങ്ങള്‍ ആക്രമിക്കാനുള്ള സാഹചര്യമാണ് ഇമ്രാന്‍ ഖാന്‍ ഉണ്ടാക്കി കൊടുത്തതെന്ന വികാരമാണ് പാക്ക് സൈന്യത്തിനുള്ളത്.

ഇന്ത്യയാകട്ടെ പാക്കിസ്ഥാനിലെ അവസാന ഭീകരനും ഇല്ലാതാകുന്നത് വരെ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന ഉറച്ച നിലപാടിലുമാണ്. ഇമ്രാന്‍ ഖാന്‍ പറഞ്ഞ 40,000ത്തിലും എത്രയോ ഇരട്ടി തീവ്രവാദികള്‍ പാക്കിസ്ഥാനിലുണ്ടെന്നാണ് ഇന്ത്യയുടെ ആരോപണം. അഫ്ഗാനിസ്ഥാനിലും ഇന്ത്യയിലും നിരന്തരം കുഴപ്പങ്ങള്‍ ഉണ്ടാക്കുക മാത്രമാണ് തീവ്രവാദികളുടെ ലക്ഷ്യം. ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ നാടകം കളിക്കാതെ തീവ്രവാദികളെ പിടികൂടുകയാണ് പാക്കിസ്ഥാന്‍ ചെയ്യേണ്ടതെന്നാണ് ഇന്ത്യ തുറന്നടിക്കുന്നത്.

മസൂദ് അസ്ഹറിനെയും ദാവൂദ് ഇബ്രാഹിമിനെയും വിട്ടു തരാത്ത പാക്ക് നിലപാടിനെയും രൂക്ഷമായാണ് രാജ്യം വിമര്‍ശിച്ചിരിക്കുന്നത്. ഈ ഭീകരരെ ഇന്ത്യന്‍ സൈന്യം റാഞ്ചുമെന്ന് കണ്ട് പട്ടാളത്തിന്റെ കാവലിലാണ് പാക്കിസ്ഥാന്‍ സുഖ
വാസം ഒരുക്കിയിരിക്കുന്നത്.

ഇതിനിടെ ‘എന്നെങ്കിലുമൊരുക്കില്‍’ ഇന്ത്യ അഫ്ഗാനിസ്ഥാന്‍ സഖ്യത്തെ നേരിടേണ്ടി വരുമോ എന്നു തങ്ങളുടെ സൈന്യം ഭയപ്പെടുന്നതായും ഇമ്രാന്‍ ഖാന്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്കും അഫ്ഗാനുമിടയില്‍ ‘സാന്‍വിച്ച്’ പോലെ ഞെരുങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ സൈനിക തന്ത്രങ്ങളില്‍ മാറ്റം കൊണ്ടുവരാനാണു ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം.

‘അഫ്ഗാന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ട് ഇന്ത്യയുമായുള്ള അവരുടെ സഖ്യസാധ്യത ഇല്ലാതാക്കാനാണ് മുന്‍പ് പാക്കിസ്ഥാന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍, അത് രാജ്യത്തിന് ഒരുപാട് ദോഷം ചെയ്തതായാണ്’ പാക് പ്രധാനമന്ത്രിയുടെ കുറ്റസമ്മതം.

അഫ്ഗാന്റെ ആഭ്യന്തരകാര്യങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്നതാണ് പാക്കിസ്ഥാന് നല്ലത് എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുവെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്. പാക് പ്രധാനമന്ത്രിയുടെ ഈ പ്രതികരണങ്ങളും പാക് സൈന്യത്തെ സംബന്ധിച്ച് നാണംകെടുത്തുന്നതാണ്.

അമേരിക്കയുമായി പാക്കിസ്ഥാന്‍ അടുക്കുന്നത് ഇന്ത്യ,ചൈന,റഷ്യ സംയുക്ത സഖ്യത്തിന് കാരണമാകുമോ എന്ന ഭയവും പാക് സൈന്യത്തിനുണ്ട്. സൈനിക ശക്തിയിലും ശാസ്ത്ര-സാങ്കേതിക മേഖലകളിലും ലോകത്തിലെ ചോദ്യം ചെയ്യാന്‍ പറ്റാത്ത ശക്തിയായി ഈ സഖ്യം മാറുമെന്നാണ് അവരുടെ നിഗമനം.

പാക്കിസ്ഥാന്‍ അമേരിക്കയുമായി അടുക്കുന്നത് ഒടുവില്‍ ഇത്തരമൊരു സഖ്യത്തിലെത്തിക്കുമെന്നാണ് റഷ്യയും വിലയിരുത്തുന്നത്. നിലവില്‍ പാക്കിസ്ഥാനുമായുള്ള ആയുധ ഇടപാടുകളെല്ലാം റഷ്യ റദ്ദാക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ താത്പര്യത്തിനപ്പുറം പ്രവൃത്തിക്കില്ലെന്ന നിലപാടിലാണ് റഷ്യന്‍ ഭരണകൂടം.

ചന്ദ്രയാന്‍ 2വിന്റെ വിക്ഷേപണത്തോടെ ചൈനയും ഇന്ത്യയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് ഇപ്പോള്‍ മുന്നോട്ടുവന്നിട്ടുണ്ട്.

ഇന്ത്യയും ചൈനയും ഒന്നിച്ചാല്‍ അമേരിക്കയുടെ ബഹിരാകാശ കുത്തക എന്നെന്നേക്കുമായി അവസാനിക്കുമെന്നാണ് റഷ്യന്‍ ബഹിരാകാശ ഗവേഷകരും ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ വിലയ്ക്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ പോലും ഇന്ത്യക്ക് പിന്നില്‍ ഇപ്പോള്‍ ക്യൂ നില്‍ക്കുകയാണ്.

ഇതോടെ അമേരിക്കയിലെ വിക്ഷേപണ കമ്പനികള്‍ ഇന്ത്യയുടെ പിഎസ്എല്‍വി റോക്കറ്റിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. വന്‍ ശക്തിയായി ഉയര്‍ന്നുവരുന്ന ഇന്ത്യയെ അമേരിക്കയടക്കമുള്ള ഭീമന്മാര്‍ എത്രമാത്രം ഭയക്കുന്നു എന്നതിന്റെ തെളിവാണിത്.