പി. ചന്ദ്രകുമാര്‍ ഒറ്റയാനാണ്. നിന്ദിക്കാം, വന്ദിക്കാം. നിരാകരിക്കാന്‍ കഴിയില്ല

കൊല്ലങ്കോട് കൊട്ടാരം എന്ന കളരിക്കൊട്ടാരം പണിതത്, ഒരു സ്ത്രീയാണ്.ചരിത്രത്തില്‍ അധികംപേരും ഓര്‍ക്കാത്ത ഒരു പേര്.വേങ്ങനാട് രാജവംശത്തിലെ ധാത്രിത്തമ്പുരാട്ടി.സ്ത്രീകള്‍ക്ക് മാത്രമായി ഒരു കോവിലകം വേണമെന്ന് തോന്നിയ ഒന്നാന്തരം യോദ്ധാവ് കൂടിയായ തമ്പുരാട്ടി, ഒരു കളരി പൊളിച്ചു കോവിലകമാക്കി.വിരല്‍വലുപ്പത്തില്‍ അവിടൊരു ശക്തന്‍തമ്പുരാന്റെ ശില്‍പ്പം ഉണ്ട് – ശക്തനെന്ന രാമവര്‍മ്മയുടെ ശക്തി,എങ്ങനെ തമ്പുരാട്ടിയെ ലച്ചിക്കാന്‍ അവിടെയെത്തി എന്ന് ഇന്നും ഭ്രാന്തന്‍ ചാന്നാനെപ്പോലെ വ്യക്തമല്ല.

കൊല്ലങ്കോട് കൊട്ടാരത്തിലെ കഥകളിക്കളരിയില്‍ ചുവടുവച്ചു വളര്‍ന്നൊരു പയ്യന്‍, അവിടത്തെ രാജാസ് ഹൈസ്കൂളില്‍ പഠിച്ചു. അന്ന്, പി. കുഞ്ഞിരാമന്‍നായര്‍ അവിടെ മാഷാണ് – കവിമാഷു എന്ന് കുമാരന്‍ വിളിക്കുന്ന മാഷ്‌. കൊല്ലങ്കോട് കളരിയില്‍ ചുട്ടി കുത്തിയിരുന്നത് ഇയ്യങ്കോട് ശ്രീധരന്‍ ആയിരുന്നുവെന്നത്‌ മറ്റൊന്ന്.

മാഷുടെ കീശയിലെ കടലയും മിട്ടായിയും തിന്നു, കാവുങ്കല്‍ ശങ്കരന്‍കുട്ടി പണിക്കരുടെ കല്ലടിക്കോടന്‍ ചിട്ടയില്‍ വളര്‍ന്നവന്‍ നേരെ പോയത് മദിരാശിക്കാണ്. ശേഷം പഠിപ്പ് പി യു സി വഴി. ബാക്കിസമയം, ചേട്ടന്‍ പി. ഗോപകുമാറിന്റെ കൂടെ, സിനിമാ സെറ്റുകളില്‍.

പതിനഞ്ചുവയസ്സുകാരന്‍ പയ്യനന്നു മീശ മുളയ്ക്കുന്നതെയുള്ളൂ. അതിന്റെ കേടു തീര്‍ക്കാന്‍ പാഞ്ചാലീവേഷം ആടിയ കാലുകള്‍ ഉറയ്ക്കാന്‍ ചന്ദ്രകുമാര്‍ തെ ക്വോണ്‍ ദോ അഭ്യസിച്ചു.പതിനാലാം വയസ്സില്‍ തുടങ്ങിയ സംവിധാനസഹായം, അഞ്ചാമത്തെ കൊല്ലം ആദ്യമായി സ്വതന്ത്രസംവിധായകന്റെ ചുട്ടി കുത്തിക്കൊടുത്തു.

അതോടെയാണ്‌ പി.ചന്ദ്രകുമാര്‍ എന്ന മലയാളസിനിമാ സംവിധായകന്റെ അരങ്ങിലെ തിരയുയര്‍ന്നത്.

1977ല്‍ ഇറങ്ങിയ മനസ്സൊരു മയില്‍ എന്ന സിനിമയില്‍നിന്നും അവസാനത്തെ ചിത്രമായ നായാട്ടു വരെയുള്ള കരീറില്‍, പി. ചന്ദ്രകുമാര്‍ എന്ന സംവിധായകന്‍റെ ക്രെഡിറ്റില്‍ 152 ചിത്രങ്ങള്‍. 70 ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകള്‍. 40ല്‍പരം ചിത്രങ്ങള്‍ ശരാശരിക്കുംമുകളില്‍ കലക്ഷന്‍ നേടി. അതിനിടയില്‍ മലയാളത്തിലെ ബി-ഗ്രേഡ് ചിത്രപരമ്പര എന്നതിന്റെ ആദിപാപം. അതിന്‍റെ ചാപ്പ മാഞ്ഞുപോകുന്നത്ര സമാന്തരകലയുള്ള തുടികൊട്ട് എന്ന ചിത്രത്തിനു ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്.

പി. ചന്ദ്രകുമാര്‍ ഒറ്റയാനാണ്. നിന്ദിക്കാം, വന്ദിക്കാം. നിരാകരിക്കാന്‍ കഴിയില്ല.

ഒരിക്കല്‍, മാപ്രാണത്തൊരു സുഹൃദ്വസതിയില്‍ ചന്ദ്രേട്ടനെ കണ്ടപ്പോള്‍, നിറഞ്ഞ ഈവി കൃഷ്ണപിള്ളയുടെ ചിരി മുതല്‍ കരുണാകരനും അച്ചുതമേനോനും വരെ കടന്നുവന്നൊരു സംഭാഷണത്തിലെ ഒരു നിമിഷം –

ശ്രീ. പി. ഭാസ്കരന്‍, എനിക്ക് വിശക്കുന്നു എന്ന ചിത്രത്തിന്റെ നിര്‍മ്മാണവേളയില്‍ ഒരിക്കല്‍ തലസ്ഥാനത്ത് എത്തി. കരുണാകരനാണ് അന്ന് മുഖ്യമന്ത്രി. വന്ന സ്ഥിതിക്ക് ഒന്ന് കണ്ടേക്കാം, മാഷ്‌ കരുതി. വിളിച്ചു.

‘ഹലോ, സി എമ്മിനെ ഒന്ന് വേണമല്ലോ.’

‘ ആരാണ്? ‘

‘ പി. ഭാസ്കരനാണ്. ‘

‘ ഒരു മിനിറ്റ്. ‘

അല്‍പ്പം കഴിഞ്ഞു ശ്രീ. കരുണാകരന്‍ ലൈനില്‍.

‘ ഭാസ്ക്കരന്‍ മാഷേ, പറയൂ! ‘

‘ അല്ലാ, എനിക്ക് വിശക്കുന്നു… -‘

‘ എന്താദ്! മാഷിപ്പോള്‍ എവിടെയാണ്?! ‘ സി എമ്മിന്റെ ചോദ്യം.

‘ ഞാനിപ്പോള്‍ റെയില്‍വേ സ്റ്റെഷനിലാണ്; എനിക്ക് വിശക്കുന്നു-‘

‘ അവിടെ നിന്നോളൂ. അഞ്ചു മിനിറ്റ്; വണ്ടി വരും. ‘ സി എം അങ്ങേത്തലയ്ക്കല്‍ കോള്‍ കട്ട് ചെയ്തു.

ഫോണ്‍ വച്ച് നേരെ ചീഫ് സെക്രട്ടറിയെ വിളിച്ചു ശ്രീ. കരുണാകരന്‍ പറഞ്ഞുവത്രേ –

‘ മിസ്റ്റര്‍ -, നമ്മുടെ കേ എസ് എഫ് ഡി സി ചെയര്‍മാന്‍ പോസ്റ്റ്‌ ഒഴിവല്ലേ? അതില്‍ പി. ഭാസ്കരനെ അപ്പോയിന്റ് ചെയ്തുകൊണ്ടൊരു നോട്ടിഫിക്കേഷന്‍ ഇഷ്യൂ ചെയ്തോളൂ. മാഷ്‌ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുകകയാണ്. എനിക്ക് വിശക്കുന്നു എന്നും പറയുന്നു. വയറു നിറഞ്ഞിട്ട് ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരൂ.’

അടൂര്‍ ഭാസിയാണ് പറഞ്ഞത്, അതിനാല്‍ ഉപ്പും മുളകും നല്ലവണ്ണം തിരുമ്മി എടുത്താല്‍ മതി, ഫലിതം എന്ന് ചന്ദ്രേട്ടന്‍.

കടപ്പാട്
ശ്രീജിത്ത് വി ടി നന്ദകുമാർ
എഫ് ബി പോസ്റ്റ്