അത്ഭുത പ്രവൃത്തിയും ആത്മീയ വിപണിയും

രഘുനാഥൻ പറളി
‘What the mind doesn’t understand, it worships or fears’
– Alice Walker

മനസ്സിന് മനസ്സിലാക്കാൻ കഴിയാത്തതിനെ ആരാധിക്കുകയോ ഭയക്കുകയോ ചെയ്യുന്നു എന്നത് പ്രത്യക്ഷത്തിൽ ഒരുപോലെ, വിശ്വാസത്തിൻ്റേയും അന്ധവിശ്വാസത്തിൻ്റേയും വിമർശമായി നിൽക്കുന്ന നിരീക്ഷണമാണെന്നു കാണാം. ആരോഗ്യകരമായ വിശ്വാസം, അനാരോഗ്യകരമായ വിശ്വാസം എന്നിങ്ങനെ (ഒരാളുടെയോ ഒരു സമൂഹത്തിൻ്റേയോ) വിശ്വാസത്തെ തരം തിരിക്കുന്നതു പോലും എത്രമാത്രം സങ്കീർണ്ണമായ ഒരു പ്രക്രിയയാണെന്നും ഓർക്കാം. ഇതിനിടയിൽ, വിശ്വാസത്തിൻ്റെ വിപണിവത്കരണവും ആത്മീയതയുടെ ‘മൂലധനവൽക്കരണ’വും നമ്മുടെ സമൂഹത്തിൽ- ഏതു മതവിഭാഗത്തിലായാലും, വലിയ തോതിൽ നടക്കുന്നു എന്നത് ഒരു വസ്തുത മാത്രമത്രേ!
‘ട്രാൻസ് ‘ എന്ന പുതിയ അൻവർ റഷീദ് (സംവിധാനം) അമൽ നീരദ് ഗൗതം മേനോൻ കോമ്പോ ചിത്രം, ശക്തമായി ഉന്നം വെക്കുന്നതും നിറയൊഴിക്കുന്നതും ഈ വിശ്വാസബന്ധിതമായ വൻകിട കച്ചവട വിപണിയിലേക്കു തന്നെയാണ്. വിജു പ്രസാദ് എന്ന
ഒരു മോട്ടിവേഷൻ ട്രെയിനറിൽ നിന്നും അമാനുഷികമായ ആൾദൈവത്തിലേക്കുള്ള – പാസ്റ്റർ ജോഷ്വാ കാൾട്ടനിലേക്കുള്ള- കഥാപാത്രത്തിൻ്റെ (ഫഹദ് ഫാസിൽ) അപകടകരമായ വളർച്ചയാണ് ലളിതമായ അർഥത്തിൽ സിനിമയുടെ പ്രമേയം. കന്യാകുമാരിക്കാരനും ചെറുകിട മോട്ടിവേഷണൽ സ്പീക്കറുമായ വിജു വിൻ്റെ ജീവിതത്തിന്റെ രണ്ടു ഘട്ടങ്ങളാണ് ചിത്രം എന്നും പറയാം. വിജുവിന്റെയും അനിയൻ കുഞ്ഞന്റെയും ദുഃഖ സാന്ദ്രമായ ഭൂതകാലം കൂടി സിനിമയുടെ ഗതി നിർണ്ണയിക്കുന്നുണ്ട്. അത്മഹത്യയിലേക്ക് സ്വാഭാവികമായി വഴുതി വീഴുന്ന കുഞ്ഞനെ ശ്രീനാഥ് ഭാസി തീവ്രമായാണ് അവതരിപ്പിക്കുന്നത്. കോർപ്പറേറ്റുകൾ ആൾദൈവങ്ങളെ സൃഷ്ടിക്കുന്നതും അവരെ പ്രൊഫഷണലായിത്തന്നെ ഉപയോഗിച്ച് നവസാമ്രാജ്യങ്ങൾ സൃഷ്ടിക്കുന്നതും സിനിമ ശക്തമായി ചിത്രീകരിക്കുന്നത്, ഫഹദ് ഫാസിലിൻ്റെ പകരം വെയ്ക്കാനാകാത്ത അത്യുജ്വല പരകായ പ്രവേശത്തിലൂടെത്തന്നെയാണ്. പൊതുജനങ്ങളെയും (വിശാലമായ അർത്ഥത്തിൽ പൊതുബോധത്തേയും) ആൾദൈവങ്ങൾ കബളിപ്പിക്കുന്ന രീതിയും, അവരുടെ പ്രതിദിന ജീവിതത്തിൽ പോലും അത് ചെലുത്തുന്ന സ്വാധീനവും സിനിമ എല്ലാ ദൈന്യതയോടെയും ആവിഷ്കരിക്കുന്നു. വിനായകൻ അവതരിപ്പിക്കുന്ന ‘അമിതവിശ്വാസി’യുടെ ജീവിതവും, രോഗിണിയായ മകളുടെ അസുഖം അധികരിച്ചു കൊണ്ടിരിക്കുമ്പോൾ സിനിമയിൽ തെളിയുന്ന ഇരുണ്ട ഫ്രെയിമുകളും ആരിലും ദു:ഖം നിറയ്ക്കാതിരിക്കില്ല. ആത്മീയ വ്യാപാരികളും കോർപ്പറേറ്റ് ആൾദൈവങ്ങളും നിറഞ്ഞാടുന്ന പുതുകാലത്ത് സിനിമയുടെ വിഷയത്തിന് വലിയ പ്രസക്തിയുണ്ട്.

അതേസമയം സിനിമയിൽ, സ്ക്രിപ്റ്റിൻ്റെ പരിമിതി അനുഭവവേദ്യമാണെന്ന് പറയേണ്ടി വരും. കാണികളിൽ ആകാംക്ഷയും ശ്രദ്ധയും നിറയ്ക്കുന്ന ആദ്യപകുതി പോലെ, രണ്ടാം പകുതി സജീവമാകാത്തത് അതുകൊണ്ട് കൂടിയാണ്. മുംബൈയിലെത്തുന്ന വിജുപ്രസാദ് ഒരു അത്ഭുത പ്രവർത്തകൻ മാത്രമല്ല, അയാളുടെ ജീവിതം തന്നെ അത്ഭുതമായി മാറുകയാണ് ഒരു ഘട്ടത്തിൽ..! കണ്ണടച്ച് തുറക്കുന്ന സമയത്തിൽ അന്താരാഷ്ട്ര പ്രശസ്തനാകുന്ന ജോഷ്വാ കാർട്ടൻ നൽകുന്ന സൂചനകളും വലുതാണ്. വിഷാദിയായും അതിമാനുഷികനായും ഉന്മാദിയായ ഒരു ഗൂഢമനുഷ്യനായുമെല്ലാമുള്ള ഫഹദ്ഫാസിലിന്റെ വേഷപ്പകർച്ചകൾ അവിസ്‌മരണീയമാണ്.ഗൗതം മേനോൻ, ചെമ്പൻ വിനോദ്, ജിലു ജോസഫ്, നസ്രിയ നസീം, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ എന്നിവരും വ്യത്യസ്ത സാന്നിധ്യമാകുന്നുണ്ട് ചിത്രത്തിൽ. അതുപോലെ അമൽനീരദിന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാം-ജാക്സൺ വിജയൻ ടീമിന്റെ സൗണ്ട് സ്കോറിങും റസൂൽപൂക്കുട്ടിയുടെ ശബ്ദമിശ്രണവും പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.

ആത്മീയസ്വച്ഛതയിൽ നിന്ന് മാഫിയാ വൽക്കരിക്കപ്പെടുന്ന കിരാത വിപണിയിലേക്ക് പതിക്കുന്ന മനുഷ്യൻ്റെ നിസ്സഹായത ട്രാൻസിൽ ആകെത്തന്നെ നിറഞ്ഞിരിക്കുന്നു! അതാണ് ഈ ചിത്രത്തിൻ്റെ നന്മയുള്ള അവബോധമായും വിമർശനമായും പരിണമിക്കുന്നതും.