ഇതാണെന്റെ കറുപ്പമ്മ;സ്നേഹമായി തന്നത് കാട്ടുപേരയ്ക്ക

നിയാസ് ഭാരതി
പട്ടിണി മരണം കൊണ്ട് കുപ്രസിദ്ധമായ വർഷങ്ങളായി അടച്ചു പൂട്ടിക്കിടക്കുന്ന അഗസ്ത്യ മല നിരകൾക്കിടയിലെ ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളിയാണ്. ഇവരും ഭർത്താവും ഈ തോട്ടത്തിലെ തൊഴിലാളികൾ ആയിരുന്നു. നല്ലൊരു, കാറ്റോ മഴയോ വന്നാൽ നിലാപൊത്താവുന്ന ഒരു പഴയ എസ്റ്റേറ്റ് ലയത്തിൽ ശരീരം തളർന്നു എഴുന്നേൽക്കാൻ പോലും ആകാത്ത ഭർത്താവിനൊപ്പം കഴിയുന്നു.
എന്റെ എല്ലാമായിരുന്ന എന്റെ ഉമ്മ ഇപ്പോൾ എന്റെ കൂടെ ഇല്ല. ഇപ്പോൾ ഈ അമ്മയെ പോലുള്ളവരെ കാണുമ്പോഴാണ് ഞാൻ എന്റെ ഉമ്മയുടെ സ്നേഹം അറിയുന്നത്.
കുറെ ദിവസങ്ങളായി ഞാൻ ആലോചിക്കുന്നത് ഈ അമ്മയെ കുറിച്ചാണ്.

കൊറോണക്കാലത്ത് ഈ അമ്മയൊക്കെ എങ്ങനെയാണു ജീവിക്കുക. ഇവർക്ക് വേണ്ടി എന്താണ് ചെയ്യാനാകുക. അമ്മയെ വിളിച്ചിട്ടു കിട്ടുന്നില്ല. തൊട്ടടുത്തുള്ള മുത്തുമണിയും എന്റെ സ്നേഹ വലയത്തിൽ ഉള്ളതാണ്. പുള്ളിയെ വിളിച്ചപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. വല്ലപ്പോഴും കിട്ടുന്ന തൊഴിലുറപ്പ് ജോലിയും, കാലി വളർത്തലും, പുറം പണികളുമൊക്കെ ആയി ആണ് അവർ ജീവിതം തള്ളി നീക്കി കൊണ്ടിരുന്നത്. കൊറോണയെ തുടർന്നുള്ള നിയന്ത്രണങ്ങൾ വന്നതോടെ പുറത്തേയ്ക്കു പണിക്കു പോകാനും, പാൽ വിൽക്കാനുമൊന്നും കഴിയുന്നില്ല. തൊഴിലുറപ്പ് ജോലി നിലച്ചു. അങ്ങനെ എല്ലാം കൊണ്ടും ഒറ്റപ്പെട്ടുപോയ അവസ്ഥ. 150 ൽ പരം കുടുംബങ്ങൾ അവിടെ ഉണ്ട്. എല്ലാവരും വലിയ ബുദ്ധിമുട്ടിലാണ്. ആരും തിരിഞ്ഞു നോക്കിയിട്ടില്ല. കമ്മ്യൂണിറ്റി അടുക്കളയൊന്നും അവിടെ ആലോചിച്ചിട്ട് പോലുമില്ല. എന്തായാലും സർക്കാറിന്റെ സൗജന്യ അരി എത്താൻ വൈകും. എന്തായാലും കറുപ്പമ്മയ്കും, മുത്തുമണിക്കും ആഹാര സാധനങ്ങൾ എത്തിക്കണം.

ഈ കൊറോണക്കാലത്തു ഞാൻ പുറത്തേയ്ക്കു ഇറങ്ങിയില്ല. ഭാര്യയും കുട്ടികളും മറ്റൊരിടത്തു ആയി പോയി. വേണമെങ്കിൽ അവിടെ പോകാം. നിയന്ത്രണങ്ങൾ തെറ്റിക്കണ്ടെന്നു ഉറപ്പിച്ചിരിക്കുക ആയിരുന്നു. ഈ അവസ്ഥ അറിഞ്ഞപ്പോൾ കറുപ്പമ്മയുടെ അടുത്തേയ്ക്കു പോകാൻ തീരുമാനിച്ചു. രണ്ടു ദിവസമായി ആറ്റിങ്ങൽ നിന്നും വെഞ്ഞാറമൂട്ടിൽ നിന്നുമുള്ള കടകളിൽ നിന്നും രണ്ടാഴ്ചത്തേയ്ക് വേണ്ട അരിയും പല വ്യഞ്ജന സാധനങ്ങളും, പച്ചക്കറിയും, വാങ്ങി. സാനിറ്റിസൈർ ഒരു സുഹൃത്ത് കുറഞ്ഞ വിലയ്ക്കു അറേഞ്ച് ചെയ്തു തന്നു. പോലീസ് പാസ്സിനായി സഹോദര തുല്യനായ നഗരൂർ പോലീസ് സ്റ്റേഷനിലെ കൃഷ്‌ണലാലിനെ വിളിച്ചു. അണ്ണാ… ഇങ്ങു വന്നോ… എന്ന് പറഞ്ഞു… മൂന്നു വണ്ടിക്കു പാസ് കയ്യോടെ റെഡി. ഇന്നലെ ഉച്ചയോടെ അവിടെ എത്തി. അകത്തേയ്ക്കു പോകാൻ ഫോറെസ്റ് ഓഫീസർമാർ അനുമതിയും തന്നു. പുറമെ നിന്നുള്ള ആളുകൾക്ക് നിയന്ത്രണമുണ്ട്. എല്ലാ കുടുംബത്തിനും രണ്ടാഴ്ചത്തേക്ക് കഴിക്കാനാവുന്ന സാധനങ്ങൾ നൽകി, കയ്യിലുണ്ടായിരുന്ന മാസ്ക് നൽകി. സാനിറ്റൈസർ മൊത്തത്തിൽ മുത്തുമണിയെ ഏൽപ്പിച്ചു.കുറച്ചു കുപ്പിയിലാക്കി നൽകി. ബാക്കി ഉണ്ടാക്കുന്ന വിധവും പറഞ്ഞു കൊടുത്തു. എല്ലാവരോടും പാലിക്കേണ്ട മുൻകരുതലുകൾ അറിയിച്ചു. രാത്രി 12 മണിക്ക് തിരിച്ചു വീട്ടിൽ എത്തി.
ഇനി എന്തെങ്കിലും അത്യാവശ്യത്തിനേ ഞാൻ പുറത്തിറങ്ങുള്ളൂ.

ഇത് പോസിറ്റീവ് ആയി നീങ്ങേണ്ട സമയമാണ്. ജാതിയും, മതവും, രാഷ്ട്രീയ ഭിന്നതകളും പിന്നീടാകാം.

(കാട്ടിൽ നിന്ന് ‘അമ്മ പറിച്ചു വച്ചിരുന്ന കാട്ടു പേരയ്ക്ക ആണ് ചിത്രത്തിൽ. അത് തന്നാണ് അമ്മ യാത്ര ആക്കിയത്. ആ സ്നേഹത്തിനു മുൻപിൽ എന്ത് പറയാൻ)