സര്‍ക്കാരിന്റെ ലക്ഷ്യം മരണം കുറയ്ക്കുക; ഹേര്‍ഡ് ഇമ്മ്യൂണിറ്റിയോട് യോജിക്കാനാവില്ല

തിരുവനന്തപുരം : കൊവിഡില്‍ മരിക്കേണ്ടവര്‍ മരിച്ച് അല്ലാത്തവര്‍ അതിജീവിച്ച് രോഗം വന്നാല്‍ ചികിത്സിച്ച് മാറ്റുന്ന ഹേര്‍ഡ് ഇമ്മ്യൂണിറ്റി എന്ന വാദത്തോട് യോജിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും ലക്ഷ്യം മരണം കുറയ്ക്കണമെന്നാണ്. ഒന്നായാലും പതിനായിരമായാലും മരണം മരണമാണെന്നും മന്ത്രി പറഞ്ഞു.

കുടുംബാംഗങ്ങള്‍ക്ക് സംഭവിച്ചാലേ മരണത്തിന്റെ ഗൗരവം മനസ്സിലാകൂ. അത് തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രമുഖ മാധ്യമത്തോട് സംസാരിക്കവെ ആരോഗ്യ മന്ത്രി പറഞ്ഞു.

അമേരിക്കയിലെ അവസ്ഥയെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് സമൂഹ മാധ്യമങ്ങളിലടക്കം ഹെര്‍ഡ് ഇമ്മ്യൂണിറ്റി വാദം ഉയരുന്നത്. രണ്ട് ചോദ്യമാണുള്ളത്. മരണം കുറയ്ക്കണോ വേണ്ടയോ, അതോ ആളുകളെയെല്ലാം മരണത്തിന് വിട്ടു കൊടുത്ത് ഹെര്‍ഡ് ഇമ്മ്യൂണിറ്റി ഉണ്ടാക്കണമോ ? ആരോഗ്യ മന്ത്രി ചോദിച്ചു.

ട്രംപ് ആദ്യ ഘട്ടത്തില്‍ പറഞ്ഞത് രോഗം എല്ലാവര്‍ക്കും വരട്ടെ എന്നാണ്, ഒന്നും നിരോധിക്കേണ്ട എന്നാണ്. പക്ഷെ അവരും നിലപാട് മാറ്റി, രോഗം വന്ന് 85000 പേര്‍ ഒരു രാജ്യത്ത് മരിക്കുക എന്നത് നമുക്കെങ്ങനെ സങ്കല്‍പിക്കാനാവുമെന്നും മന്ത്രി ചോദിച്ചു.

കേരളത്തില്‍ വന്ന് ഒരുമാസം കഴിഞ്ഞിട്ടാണ് ന്യൂയോര്‍ക്കില്‍ കോവിഡ് വന്നത്. അവിടെ ഒരു സിറ്റിയില്‍ 20,000ത്തിലധികം പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

കോവിഡിനെതിരേയുള്ള ഒന്നാം ഘട്ടത്തില്‍ കേരളം പൂര്‍ണ്ണമായി വിജയിച്ചു. അന്ന് ചൈനയില്‍ നിന്ന് മാത്രമാണ് മൂന്ന് കേസുകള്‍ വന്നത്. ആദ്യ ഘട്ടത്തിനേക്കാള്‍ വൈറസ് ലോഡുണ്ടായിരുന്നു രണ്ടാം ഘട്ടത്തിന്. വൈറസ് ബാധിതരായ ആളുകളുടെ എണ്ണവും കൂടുതലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ എല്ലാവരും ക്വാറന്റൈന്‍ അനുസരിച്ചില്ല. പോലീസ്, മാധ്യമം എന്നിവരുടെ ബോധവത്കരണവും ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ തുടങ്ങി വിവിധ സംഘടനകളുടെയും മറ്റും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് പതിനായിരങ്ങളിലേക്ക് രോഗം പടരുന്നതില്‍ നിന്ന് അന്ന് തടയാനായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പല രാജ്യങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടത്തോടെ മരിക്കുകയാണ്. യുകെയില്‍ പത്ത് ഡോക്ടര്‍മാര്‍ മരിച്ച കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. അതില്‍ ഒരാള്‍ മലയാളിയാണ്. പ്രൊട്ടക്ഷനില്ലാതെ, കയ്യുറയും മാസ്‌കൊന്നുമില്ലാതെ, ഡോക്ടര്‍മാര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായതാണ് ഇത്തരത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ മരണം മറ്റുരാജ്യങ്ങളില്‍ ഉണ്ടാവാനിടയായതെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ കേരളം അതില്‍ നിന്നെല്ലാം വ്യത്യസ്തമായി പാടുപെട്ട് കിട്ടാവുന്ന ഇടത്ത് നിന്ന സുരക്ഷാ കവചങ്ങള്‍ സംഘടിപ്പിച്ചു. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ നല്‍കിയ പിന്തുണ എത്ര ശ്ലാഘിച്ചാലും മതിവരില്ല. വ്യവസായ വകുപ്പിന്റെ സഹായവും നമുക്ക് ലഭിച്ചു.കൃത്യസമയങ്ങളില്‍ ഉപകരണങ്ങള്‍ കൈവശപ്പെടുത്തിയതിനാല്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തര്‍ക്ക് സുരക്ഷാകവചങ്ങളോടെ ജോലിചെയ്യാനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എത്ര തന്നെയായാലും മരണം മരണം തന്നെ; ഹേര്‍ഡ് ഇമ്മ്യൂണിറ്റിയോട് യോജിക്കാനാവില്ല