ഓർമ്മയിലെ ഓണം (കഥ-ഹാരിസ് വളപ്പിൽ )

കുട്ട്യേടത്തിയുടെയും അപ്പുണ്ണിയേട്ടന്റേയും വീട്ടിലെ വളർത്തു മകനാണ്
കുഞ്ഞുണ്ണി. അവർക്ക് ആണ്മക്കളില്ല. ഉണ്ണിയുടെ അമ്മ ജോലിക്ക് പോയ ദിവസങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ കുട്ട്യേടത്തിയുടെ വീട്ടിലായിരുന്നു അവന്റെ ബാല്യങ്ങളത്രയും. ഓണക്കാലത്ത് അത്തം തുടങ്ങുന്ന നാൾതൊട്ട് തിരുവോണം വരെ അടുത്തുള്ള വീടുകളിലെ കുട്ടികളെല്ലാം കുട്ട്യേടത്തിയുടെ കൂടെ പൂപറിക്കാൻ പോകും. അന്നേരം അവൻ അപ്പുണ്ണിയേട്ടന്റെ ബാല്യകാലത്തെ ഓണം ഓർമ്മകൾ ഉമ്മറപ്പടിയിൽ ഇരുന്നു കേൾക്കും. ഓണം കളി,പല നിറത്തിലുള്ള പൂക്കൾ ചേർത്തുള്ള പൂക്കളമൊരുക്കൽ. അങ്ങിനെ അങ്ങിനെ അപ്പുണ്ണിയേട്ടന്റെ ബാല്യകാലത്തെ ഓർമ്മകൾ മനോഹരമായി കുഞ്ഞുണ്ണിയോട് പറയും. ഇടയ്ക്ക് ഓണപ്പാട്ടും പാടി കുഞ്ഞുണ്ണിയെ രസിപ്പിക്കും. പലതരം പായസവും സാമ്പാറും തോരനും മോര് കറിയും കൊണ്ട് വിഭവ സമൃദ്ധമായ ഓണസദ്യയുടെ വിവരണം കേൾക്കുമ്പോൾ കുഞ്ഞുണ്ണിയുടെ വായിൽ വെള്ളമൂറും.☺️
കുട്ട്യേടത്തി പിള്ളേരുമായി പൂപറിച്ചു വരുമ്പോഴേക്കും അപ്പുണ്ണിയേട്ടന്റെ ബാല്യകൗമാരങ്ങളൊക്കെ ഒരു ക്യാൻവാസിൽ പകർത്തുന്നത് പോലെ കുഞ്ഞുണ്ണിക്ക് പറഞ്ഞു കൊടുക്കും.
പേര് കേട്ട തറവാട്ടുകാരായിരുന്നു അപ്പുണ്ണിയേട്ടന്റെ തറവാട്. കുട്ട്യേടത്തിയെ ഏഴ് കൊല്ലം സ്നേഹിച്ചു. വിവാഹത്തിന് കുട്ട്യേടത്തിയുടെ വീട്ടുകാർ സമ്മതിക്കാതായപ്പോൾ അപ്പുണ്ണിയേട്ടൻ ആറ്റിൽ ചാടി ജീവനൊടുക്കും എന്നൊക്ക പറഞ്ഞു പേടിപ്പിച്ചു. അന്നൊക്കെ ഇന്നത്തെ പോലെ മരിക്കും, ആത്മഹത്യ ചെയ്യും.. എന്നൊക്ക പറയുന്നത് സർവ്വ സാധാരണമല്ലാത്തത് കൊണ്ട് കുട്ട്യേടത്തിയുടെ വീട്ടുകാർ അപ്പുണ്ണിയേട്ടന് കുട്ട്യേടത്തിയെ വേളി കഴിച്ചു കൊടുത്തു. അങ്ങനെ അവരുടെ യവ്വന കാലത്തെ കഥകളൊക്കെ പറഞ്ഞു കൊടുത്ത് കുഞ്ഞുണ്ണിയെ അപ്പുണ്ണിയേട്ടൻ രസിപ്പിക്കും.
അവർക്ക് രണ്ട് പെണ്മക്കളാണ്.മൂത്തവൾ രുഗ്മിണി. ചെറിയവൾ ആര്യനന്ദ. രുഗ്മിണി ഡൽഹിയിലും ആര്യനന്ദ സ്റ്റേറ്റിലും (US). രുഗ്മിണി വർഷത്തിൽ ഒരുതവണ കുട്ട്യേടത്തിയെയും അപ്പുണ്ണിയേട്ടനെയും കാണാൻ വരും. വന്നാൽ ഒന്നോ രണ്ടോ ആഴ്ച താമസിച്ചു തിരിച്ചു പോകും.മറ്റെയാൾ രണ്ട് വർഷം കൂടുമ്പോൾ വന്നാൽ ഒരുമാസത്തോളം താമസിച്ചു പോകും.മക്കൾ വരുന്ന സമയങ്ങളിലൊക്കെ കുഞ്ഞുണ്ണിയുടെ അമ്മയെ ജോലിക്ക് നിർത്തും.
ഒരുദിവസം ഒരു ഓണക്കാലത്ത് കുഞ്ഞുണ്ണി ഓണത്തിന്റെ റേഷനരി വാങ്ങാൻ വേണ്ടി നടന്നു പോകുമ്പോൾ ഒരു കാർ വന്ന് ഇടിച്ചു.
അവൻക്ക് അന്ന് പതിനാല് വയസ്സായിരുന്നു. കാര്യമായ പരിക്കൊന്നുമില്ലായിരുന്നെങ്കിലും
ഇടത്തെ കാലിന്റെ ചിരട്ടയിൽ ചെറിയ പൊട്ടലുണ്ടായി. അന്നത്തെ ഓണവും ഓണക്കളിയും ഒക്കെ വീട്ടിലെ ഒറ്റമുറിക്കുള്ളിൽ കഴിച്ചു കൂട്ടി.
സർക്കാരിൽ നിന്ന് കിട്ടിയ മൂന്ന് സെന്റിൽ മണ്ണ് കൊണ്ട് തേച്ചുണ്ടാക്കിയ വീടായിരുന്നു കുഞ്ഞുണ്ണിയുടേത്. അമ്മ ജോലിക്ക് പോയ ദിവസങ്ങളിൽ കുട്ട്യേടത്തിയുടെ വീട്ടിലെ ഓണവും ഓണപ്പൂക്കളവും വിഭവസമൃദ്ധമായ സദ്യയുമൊക്കെ മനസ്സിൽ കിടന്നങ്ങനെ നീറും.
അങ്ങിനെ ഇരിക്കെ ഒരുദിവസം കുട്ട്യേടത്തിയും അപ്പുണ്ണിയേട്ടനും കുഞ്ഞുണ്ണിയെ കാണാൻ വീട്ടിലേക്ക് ചെന്നു. കൂടെ ഒരു പൊതിയും കുഞ്ഞുണ്ണിക്ക് കൊടുത്തു. അവരെ കണ്ടപ്പോൾ സന്തോഷത്തോടെ പായയിൽ നിന്നും എണീറ്റ് അവർക്ക് അടുത്തേക്ക് ഓടി സ്വീകരിച്ചു. കുടിക്കാൻ എന്തെങ്കിലും കൊടുക്കണം എന്ന് കരുതി വേഗം അടുക്കളയിലേക്ക് ചെന്നു. ചായയോ നാരങ്ങ വെള്ളമോ കൊടുക്കാൻ വേണ്ടി തട്ടിൻപുറത്ത് നോക്കിയപ്പോൾ പഞ്ചസാര കുപ്പി കാലിയായി കിടക്കുന്നു.എങ്ങനെ കാലിയാവാതിരിക്കും. ആ മാസത്തെ റേഷൻ വാങ്ങാൻ വേണ്ടിയല്ലേ പോയത്. അവൻ അടുക്കളയിൽ പരതുന്നത് കണ്ട് കുട്ട്യേടത്തിക്ക് കാര്യം പിടികിട്ടി. ഇവിടെ ഒന്നും ഇരിപ്പില്ല എന്നും., അമ്മ ജോലി കഴിഞ്ഞ് വന്ന് രാഘവേട്ടന്റെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയാലേ ഇവിടെ എന്തെങ്കിലും ഉണ്ടാവൂ എന്നും കുട്ട്യേടത്തി ചിന്തിച്ചത് കൊണ്ടാവാം കയ്യിലുള്ള മറ്റേ പൊതി എടുത്ത് അടുക്കളയിൽ കൊണ്ട് വെച്ചു. കുഞ്ഞുണ്ണിയോട് കുറെ കാര്യങ്ങൾ സംസാരിച്ചതിന് ശേഷം തിരിച്ചു പോകാൻ നേരം അപ്പുണ്ണിയേട്ടൻ കീശയിൽ നിന്നും നൂറിന്റെ രണ്ട് നോട്ടെടുത്ത് അവന്റെ കയ്യിൽ വെച്ചു കൊടുത്തു പറഞ്ഞു.നാളെത്തന്നെ ഹോസ്പിറ്റലിൽ പോകണം. കയ്യിൽ പൈസയില്ല എന്ന് കരുതി പോകാതിരിക്കണ്ട. മരുന്ന് കുടിച്ചാൽ മാത്രം പോരാ.. കാലിന്റെ പ്ലാസ്റ്റർ അഴിച്ചു ഒന്നുകൂടി മരുന്ന് വെച്ചു കെട്ടണം എന്ന് പറഞ്ഞു കുഞ്ഞുണ്ണിയുടെ കൈകൾ പിടിച്ചു ഒന്ന് കുലുക്കികൊണ്ട് അവർ രണ്ടാളും പുറത്തേക്കിറങ്ങി. മുറ്റത്ത് അത്തപ്പൂക്കളമില്ലാതെ ശൂന്യമായി കിടന്നതിനാൽ കുട്ട്യേടത്തിയുടെ കണ്ണിൽ നിന്നും ഈറനണഞ്ഞു. അവർ മുറ്റം കഴിഞ്ഞ് വഴിയില്കൂടി ദൂരെ പോകുന്നത് കുഞ്ഞുണ്ണി സങ്കടത്തോടെ നോക്കിനിന്നു.
അവർക്ക് ഒരുഗ്ലാസ്സ് വെള്ളം പോലും കുടിക്കാൻ കൊടുക്കാത്തതിന്റെ വിഷമം അവനെ വല്ലാതെ അലട്ടി. അവർ പോയിമറഞ്ഞതിന് ശേഷം അവർ കൊടുത്ത പൊതി തുറന്ന് നോക്കി. അന്നേവരെ കള്ളിമുണ്ട് ഉടുത്ത് നടന്നിരുന്ന അവൻ അതുകണ്ടു കണ്ണും മനസ്സും നിറഞ്ഞു.
അതെ ഓണനാളിൽ അപ്പുണ്ണിയേട്ടൻ നിര്യാതനായി എന്ന വാർത്തയും കേട്ടു. മനസ്സിന്റെ താളം തെറ്റിയ പോലെ അവൻ അപ്പുണ്ണിയേട്ടന്റെ വീട്ടിലേക്കോടി. അന്ന് തിരുവോണത്തിന്റെ തലേദിവസം ആയിരുന്നു. ആൾക്കാരും ബന്ധുമിത്രാദികളുമെല്ലാം വീട്ടിൽ കൂടി. രണ്ട് പെൺമക്കളെയും കാത്ത് അദ്ദേഹത്തിന്റെ ശരീരം വെള്ളത്തുണിയിൽ പൊതിഞ്ഞു കാത്തിരുന്നു. മക്കളിൽ ഒരാൾ പിറ്റേദിവസവും മറ്റെയാൾ രണ്ട് ദിവസവും കഴിഞ്ഞാണ് എത്തിയത്.
ഏറ്റവും അടുത്ത ബന്ധുക്കൾ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം പോയി.
കുഞ്ഞുണ്ണിയും അവന്റെ അമ്മയും കുട്ട്യേടത്തിയെ ആശ്വസിപ്പിച്ചു.
കുട്ട്യേടത്തി അവനെ അടുത്ത് വിളിച്ചു
ഉള്ളിൽ നിന്ന് ഒരു ചെറിയ കവർ കൊണ്ട് വന്ന് അവന്റെ കയ്യിൽ കൊടുത്ത് തുറന്ന് നോക്കാൻ പറഞ്ഞു.
അവൻ തുറന്ന് നോക്കിയപ്പോൾ അപ്പുണ്ണിയേട്ടൻ അവൻക്ക് വേണ്ടി ടൗണിൽ നിന്നും വാങ്ങിയ ഒരുജോഡി മെതിയടി (അന്നത്തെ കാലത്തെ ഫാഷൻ ചെരുപ്പ് ). അവൻ അത് ഇട്ടുനോക്കി. വാവയ്ക്ക് സൈക്കിൾ വാങ്ങിക്കൊടുക്കണം, നല്ലവണ്ണം പഠിപ്പിച്ചു നല്ലനിലയിലെത്തിക്കണം. എന്നൊക്കെയായിരുന്നു അപ്പുണ്ണിയേട്ടന്റെ ആഗ്രഹം. ഇതുകേട്ടപ്പോൾ അപ്പുണ്ണിയേട്ടനുമൊത്തുള്ള കുട്ടിക്കാലത്തെ ഓണക്കാലങ്ങൾ ഓർത്തെടുത്തു.
അധികം വൈകാതെ കുട്ട്യേടത്തിയും പോയി. രണ്ട് പെൺമക്കളിൽ മൂത്തവളായ രുഗ്മിണി ചേച്ചി തറവാട്ടിൽ വന്ന് സ്ഥിരതാമസമാക്കി. അവർക്ക് രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും ആയിരുന്നു. മൂവരും ഡൽഹിയിലെ CBSE സ്കൂളിൽ പഠിച്ചു വരുന്നതിനിടയിലായിരുന്നു അപ്പുണ്ണിയേട്ടന്റെ വിയോഗവും തുടർന്ന് നാട്ടിലേക്കുള്ള തിരിച്ചു വരവും. നാട്ടിലുള്ള ഏറ്റവും നല്ല CBSE സ്കൂളിൽ തന്നെ തുടർ പഠനത്തിനുള്ള സാഹചര്യവും തരപ്പെടുത്തി.
കുഞ്ഞുണ്ണി അന്ന് പത്താം ക്ലാസ്സിൽ എത്തിയിരുന്നു.പഠിപ്പിനുള്ള അല്ലറ ചില്ലറ ചിലവുകളൊക്ക അപ്പുണ്ണിയേട്ടനും കുട്ട്യേടത്തിയും നടത്തിയിരുന്നു. അവർ രണ്ടാളും പോയതിന് ശേഷം കുഞ്ഞുണ്ണിയിൽ ആകെ നിരാശ പടർന്നു. പഠിത്തത്തിന്റെ കാര്യവും അവതാളത്തിലായി. അപ്പോഴേക്കും അവന്റെ അമ്മയ്ക്കും വയ്യാതായി.
അപ്പുണ്ണിയേട്ടന്റെ വീട്ടിൽ മകളും മൂന്നുമക്കളും താമസം മാറ്റിയതിന് ശേഷം അങ്ങോട്ട് പോക്ക് കുറഞ്ഞു.
തക്കതായ കാരണവും ഉണ്ടായിരുന്നു.
ഒരിക്കൽ ഒരു മഴയുള്ള ദിവസം വൈകുന്നേരം സ്കൂൾ വിട്ട് അവരുടെ വീട്ടുപറമ്പിലേ തേങ്ങയും അടക്കയുമെല്ലാം പെറുക്കി കൊട്ടയിലാക്കി അവരുടെ മുറ്റത്തെ ഒരുമൂലയിൽ കൊണ്ട് പോയി ഇടുന്നതിനിടയിൽ കുഞ്ഞുണ്ണിയോട് രുഗ്മിണി ചേച്ചി ദേഷ്യപ്പെട്ടു. കാരണവും ഉണ്ട്. പതിവായി മുറ്റത്തെ ഒരുമൂലയിൽ കൊണ്ട് പോയി ഇട്ടിരുന്ന അവനോട് അന്ന് തൊട്ട് ടെറസിന്റെ മുകളിൽ കൊണ്ട് പോയി ഇടാൻ പറഞ്ഞു. നാളെ ഞായറാഴ്ച അല്ലെ നാളെ രാവിലെ തന്നെ വന്നു ചെയ്‌തോളാം എന്നുപറഞ്ഞപ്പോൾ
“ഹേയ് അതുപറ്റില്ല !!ഞങ്ങൾ അതിരാവിലെ കല്യാണത്തിന് പോകും. ശ്രീധരേട്ടന്റെ (രുഗ്മിണി ചേചിയുടെ ഭർത്താവ്) കുറച്ചു ദൂരെയുള്ള ബന്ധുവീട്ടിലാണ് കല്യാണം. തിരിച്ചു വരുമ്പോൾ രണ്ട് ദിവസം കഴിയും എന്നുപറഞ്ഞപ്പോൾ.
കുട്ടയെടുത്ത് അതെല്ലാം വാരി ടെറസിന്റെ മുകളിൽ കൊണ്ടിട്ടു.
പോകാൻ നേരം പൈപ്പിൻ ചുവട്ടിൽ പോയി കൈകാലുകൾ കഴുകി വന്ന് ചേച്ചിയെ വിളിച്ചു. “ചേച്ചീ..ഞാൻ പോകുവാ.. ഒരു അമ്പത് രൂപ തരുമോ.. നാളെ അങ്ങാടിയിൽ നിന്ന് ഒരു ചെരുപ്പ് വാങ്ങണം. ഇട്ടിരുന്ന ചെരുപ്പ് പറമ്പിൽ നിന്നും വരുന്ന വഴി ചെരുപ്പിന്റെ പിൻഭാഗം പൊട്ടി.കഴിഞ്ഞയാഴ്ചയും പൊട്ടിയിരുന്നു. അത് അന്ന് തന്നെ തുന്നി. ഇനിയും തുന്നിക്കെട്ടാനുള്ള സ്ഥലമില്ലത്തതിനാൽ കളയാൻ തോന്നുന്നു. എന്നും പറഞ്ഞു കൊണ്ട് അടുക്കള വാതിൽക്കൽ പോയി നിന്നു. ആ സമയം അവരുടെ മക്കൾ (വൈഷ്ണ വിഷ്ണു വിവേക് )സ്കൂൾ വിട്ട് വരുന്നുണ്ടായിരുന്നു. കുഞ്ഞുണ്ണിയെ കണ്ടപ്പോൾ വിഷ്ണു അടുത്തേക്ക് വന്നു “എന്താ വാവേ അമ്മയില്ലേ അകത്ത് “എന്ന് ചോദിച്ചു. “ഉണ്ട് എനിക്ക് അമ്പത് രൂപ വേണമായിരുന്നു.. നാളെ അങ്ങാടിയിൽ പോയി ഒരു ചെരുപ്പ് വാങ്ങണം. ഇട്ടുകൊണ്ടിരുന്ന ചെരുപ്പ് പഴകി പൊട്ടിപ്പോയി എന്നുപറഞ്ഞപ്പോൾ വിഷ്ണു വേഗം അകത്ത് പോയി അവന് അവന്റെ പപ്പ വാങ്ങിക്കൊടുത്ത പുതിയ ചെരുപ്പെടുത്ത് കൊണ്ട് അവനു നേരെ നീട്ടി. “ഹേയ് വേണ്ട.. !!നിന്റെ അമ്മ കണ്ടാൽ പിന്നെ അതുമതി. ഞാൻ കടയിൽ നിന്നും വാങ്ങിക്കൊള്ളാം എന്നുപറഞ്ഞു നിരസിച്ചു. അപ്പോഴേക്കും ചേച്ചി അമ്പത് രൂപ എടുത്തു കൊണ്ടുവന്നു അവന്റെ കയ്യിൽ കൊടുത്തു. അവൻ അതും വാങ്ങി തിരിച്ചു പോകുന്നതിനിടയിൽ ചേച്ചി വിഷ്ണുവിനെ ചീത്ത പറയുന്നത് കേട്ടു. തിരിച്ചു വന്ന് “ചേച്ചി അവനെ വഴക്ക് പറയണ്ട. ഞാൻ ചോദിച്ചിട്ടാണ് അവന്റെ ചെരുപ്പ് എനിക്ക് നീട്ടിയത്” എന്ന് കള്ളം പറഞ്ഞു തിരിച്ചു നടക്കുന്നതിനിടയിൽ
“കുറെ കാലമായി അമ്മയും മോനും അച്ഛനെയും അമ്മയെയും സോപ്പിട്ടു മുണുങ്ങുന്നു. ഇനി അത് നടക്കില്ല. ഇവിടെ എന്തേലും ജോലി ഉണ്ടെങ്കിൽ വിളിക്കും. അല്ലാതെ ഇങ്ങോട്ട് വരണ്ട. ഇവിടെ ഒരു പെങ്കൊച്ച് ഉള്ളതാ. അവളോട് സംസാരിക്കുന്നതും ചിരിക്കുന്നതും ഞാൻ കാണാറുണ്ട് ആളുകൾക്ക് ഓരോന്ന് പറഞ്ഞുണ്ടാക്കാൻ അതുമതി ”
എന്നൊക്കെ പറഞ്ഞും കൊണ്ട് അവൻ നടവഴി ഇറങ്ങിപ്പോകുന്നത് വരെ പുലമ്പിക്കൊണ്ടിരുന്നു. അതും കേട്ട് അവൻ വീട്ടിലേക്ക് ചെന്നു. അവന്റെ മുഖം കണ്ട അമ്മയ്ക്ക് കാര്യം മനസ്സിലായി.
അമ്മ അവനോടായി പറഞ്ഞു.
“പഴയ പോലെ ഇനി അങ്ങോട്ട് പോകരുത് അവിടെ നിന്റെ കുട്ട്യേടത്തിയും അപ്പുണ്ണിയേട്ടനും ഇല്ല. വാവേടെ മുഖം വാടുന്നത് ഈ അമ്മയ്ക്ക് സഹിക്കില്യ എന്നുപറഞ്ഞു. ഹേയ് ഇനി അങ്ങോട്ടേക്ക് പോകില്ല അമ്മേ എന്നുപറഞ്ഞു കുടവും തോർത്തും സോപ്പും എടുത്ത് കുളിക്കാൻ സർക്കാർ കിണറിനരികിലേക്ക് നടന്നു.
പിന്നീടവർ പറമ്പുകൾ നോക്കാൻ തമിഴനെ ഏല്പിച്ചു.
അങ്ങിനെ അവൻ അങ്ങോട്ട് പോകാതായി. എങ്കിലും കുഞ്ഞുണ്ണിയെ കാണാനും അവനോടൊത്ത് കളിക്കാനും രുഗ്മിണിചേച്ചി അറിയാതെ വിഷ്ണു കുഞ്ഞുണ്ണിയുടെ വീട്ടിലേക്ക് വരും.
അന്ന് തൊട്ട് ഓരോ ഓണക്കാലത്തും ഒരു വാത്സല്യ നിധിയായ മുത്തച്ഛനെ പോലെ അപ്പുണ്ണിയേട്ടന്റെ ഓർമ്മകൾ അവന്റെ ഹൃദയത്തിൽ അത്തപ്പൂക്കളത്തിന്റെ നിറഭേദങ്ങൾ സൃഷ്ടിക്കാറുണ്ട്.