251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ കമ്പനി പൂട്ടി; പണമടച്ചവര്‍ പെരുവഴിയില്‍

ന്യൂഡല്‍ഹി : കേവലം 251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണെന്ന മോഹന വാഗ്ദാനങ്ങളുമായി എത്തിയ റിങ്ങിങ് ബെല്‍സ് കമ്പനി പ്രതിസന്ധിയില്‍. കമ്പനിയുടെ ഓഫീസ് പൂട്ടി. പ്രതിസന്ധിയെ തുടര്‍ന്ന്് കമ്പനി എം.ഡി മോഹിത് ഗോയലും ഡയറക്ടറായ ഭാര്യ ധര്‍ന ഗോയലും സ്ഥാനങ്ങള്‍ രാജിവെച്ചു. ഇതോടെ ഫോണിനായി തുക അടച്ച ഉപഭോക്താക്കള്‍ വെട്ടിലായി.

കമ്പനിയുടെ നോയിഡയിലെ ഓഫീസ് രണ്ടാഴ്ചയായി പൂട്ടിയിട്ടിരിക്കുകയാണ്. ഫോണിന്റെ വിപണനത്തിനായി ബന്ധപ്പെട്ടിരിക്കുന്ന ഡീലര്‍മാര്‍ അന്വേഷിച്ചെത്തിയിട്ടും ഡയറക്ടര്‍മാരെപ്പറ്റി യാതൊരു വിവരവുമില്ല. ഫ്രീഡം 251 എന്ന പരസ്യത്തിലൂടെയാണ് കമ്പനി രാജ്യത്തെ ഇളക്കി മറിച്ചത്. കമ്പനിയുടെ പരസ്യം രാജ്യമൊട്ടാകെ പരന്നതോടെ ഫോണിനായി ഉപഭോക്താക്കള്‍ തള്ളിക്കളയുകയായിരുന്നു. മേക്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമെന്ന അവകാശവാദത്തോടെയാണ് കമ്പനി രംഗത്തെത്തിയത്. ഫോണിനായി ഓണ്‍ലൈന്‍ വഴിയും ക്യാഷ് ലെസ് ഇടപാടുകളുമായും കോടികളാണ് കമ്പനിയിലേക്ക് ഒഴുകിയെത്തിയത്.

പരസ്യം നല്‍കി വന്‍ ഡീലര്‍മാരെയും കമ്പനി വശത്താക്കിയിരുന്നു. 251 രൂപയ്ക്ക് ഫോണ്‍ വിറ്റഴിക്കുമ്പോള്‍ 35 രൂപ ലാഭം ലഭിക്കുമെന്ന് അവകാശപ്പെട്ടാണ് കമ്പനി പരസ്യവുമായി രംഗത്തെത്തിയത്. കമ്പനി അടച്ചുപൂട്ടിയതിന്റെ പിന്നാലെ നോയിഡയിലെ ഫേസ്-3 പോലീസ് സ്‌റ്റേഷനില്‍ റിങ്ങിങ് ബെല്‍സ് കമ്പനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാമ്പത്തി തട്ടിപ്പ് കുറ്റം ചാര്‍ത്തിയാണ് വിവിധ വകുപ്പുകളില്‍ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഫോണ്‍ വിറ്റഴിക്കുന്നതിനായി പണം കൈവശപ്പെടുത്തിയതിനൊപ്പം ലക്ഷകണക്കിന് ആളുകളുടെ വിവരങ്ങളും കമ്പനി ശേഖരിച്ചിരുന്നു. ഈ വിവരങ്ങള്‍ മറിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

മറ്റൊരു കമ്പനിയും മുന്നോട്ടു വെയ്ക്കാത്ത മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുമായാണ് ഫ്രീഡ് 251 സ്മാര്‍ട്ട്‌ഫോണ്‍ മാസങ്ങള്‍ക്ക് മുമ്പേ രംഗത്തെത്തിയത്. 1 ജിബി റാം, 8 ജിബി സ്‌റ്റോറേജ് ശേഷി എന്നിങ്ങനെ നീളുന്നു മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍. 32 ജിബി വരെ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാനാകുമെന്നും കമ്പനി ഉറപ്പു നല്‍കിയിരുന്നു. നിസ്സാര വിലയാണ് ഉപഭോക്താക്കളെ ഫ്രീഡം 251-ലേക്ക് അടുപ്പിച്ചത്.